തിരുവനന്തപുരം∙ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണക്ഷാമം കടുത്ത പ്രതിസന്ധിയിലേക്ക്. ഉപകരണങ്ങള്‍ വിതരണം ചെയ്ത ഇനത്തില്‍ കിട്ടാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിലവില്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്ന് അന്ത്യശാസനം നല്‍കി മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സംഘടന (സിഡിഎംഐഡി). ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ക്കും കാര്‍ഡിയോളജി വിഭാഗം മേധാവിമാര്‍ക്കും കത്തു നല്‍കി.
ഒക്‌ടോബര്‍ അഞ്ചിനുള്ളില്‍ കുടിശിക ലഭിച്ചില്ലെങ്കില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുള്ള ഉപകരണങ്ങളുടെ സ്‌റ്റോക്ക് തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് സംഘടന കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിലനില്‍പ്പിനു വേണ്ടിയാണ് നടപടി സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു. കുടിശിക തുക ലഭ്യമാക്കാമെന്ന ഉറപ്പു സര്‍ക്കാര്‍ ലംഘിച്ചതിനു പിന്നാലെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവച്ചിരുന്നു.
കുറച്ച് തുക മാത്രമാണ് ലഭിച്ചതെന്നും അതിനാല്‍ കടുത്ത നടപടിയിലേക്കു നീങ്ങുകയാണെന്നുമാണ് വിതരണക്കാരുടെ സംഘടന അറിയിച്ചത്. 2025 മാര്‍ച്ച് 31 വരെയുള്ള കുടിശിക ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ചില മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാരും കാര്‍ഡിയോളജി വിഭാഗം മേധാവിമാരും ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മിക്കയിടത്തും ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
കുടിശിക ലഭിക്കാത്തതിനാല്‍, ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ക്കു നല്‍കാന്‍ പണമില്ലെന്നും കൂടുതല്‍ സ്റ്റോക്ക് എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വിതരണക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, ഗൈഡ് വയര്‍, ഗൈഡ് കത്തീറ്റര്‍, പിടിസിഎ ബലൂണ്‍ എന്നിവയുടെ സ്റ്റോക്ക് തീര്‍ന്നു. ആശുപത്രികളിലേക്ക് പുതിയ സ്റ്റോക്ക് അയയ്ക്കാനാവില്ല. പുതിയ പര്‍ച്ചേസ് ഓര്‍ഡറുകളും സ്വീകരിക്കാനാവില്ല.
മാര്‍ച്ച് 31 വരെയുള്ള കുടിശികയായ 100 കോടി രൂപ അടിയന്തരമായി നല്‍കിയാല്‍ അതു കമ്പനികള്‍ക്കു കൈമാറി സ്റ്റോക്ക് എടുക്കാമെന്നും വിതരണം പുനരാരംഭിക്കാമെന്നുമാണ് സംഘടനയുടെ നിലപാട്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള 21 ആശുപത്രികളില്‍നിന്ന് 158.68 കോടി ലഭിക്കാനുണ്ടെന്നു കാട്ടി മുന്‍പ് മന്ത്രി വീണാ ജോര്‍ജിനു കത്തയച്ചിരുന്നെന്നും മന്ത്രി കെ.എന്‍.ബാലഗോപാലിനെ കണ്ടിരുന്നെന്നും ഓഗസ്റ്റില്‍ ഒരു വിഹിതം അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു. English Summary:
Government Hospital Equipment Shortage: Government hospital equipment shortage is worsening due to unpaid dues to suppliers. Suppliers threaten to withdraw equipment if 158 crore rupees are not paid by October 5th, potentially impacting medical procedures. |