ന്യൂഡൽഹി ∙ വിദേശ നിർമിത വസ്തുക്കൾ ഉപേക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഇരട്ടത്താപ്പെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. വിദേശ നിർമിത വസ്തുക്കൾ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി തയ്യാറാണോ എന്നായിരുന്നു എക്സിലൂടെ കേജ്‌രിവാളിന്റെ ചോദ്യം.
‘‘പ്രധാനമന്ത്രി ജി, പൊതുജനങ്ങൾ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ സ്വയം സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ തുടങ്ങുമോ? നിങ്ങൾ എല്ലാ ദിവസവും ചുറ്റിത്തിരിയുന്ന ആ വിദേശ വിമാനം ഉപേക്ഷിക്കുമോ? ദിവസം മുഴുവൻ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ വിദേശ വസ്തുക്കളും ഉപേക്ഷിക്കുമോ?” – അരവിന്ദ് കേജ്‌രിവാൾ എക്സിൽ കുറിച്ചു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളോടുള്ള സർക്കാരിന്റെ നിലപാടിനെയും കേജ്‌രിവാൾ ചോദ്യം ചെയ്തു. ‘‘ഇന്ത്യയിൽ പ്രവർത്തിക്കുന്ന നാല് യുഎസ് കമ്പനികൾ നിങ്ങൾ അടച്ചുപൂട്ടുമോ? ട്രംപ് എല്ലാ ദിവസവും ഇന്ത്യയെയും ഇന്ത്യക്കാരെയും അപമാനിക്കുകയാണ്. നിങ്ങൾ എന്തെങ്കിലും ചെയ്യുമോ? പ്രസംഗങ്ങളല്ല, നടപടിയാണ് ആളുകൾ അവരുടെ പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നത്’’ – അരവിന്ദ് കേജ്‌രിവാൾ പറയുന്നു.
പ്രധാനമന്ത്രിയുടെ ജീവിതശൈലിയിൽ തന്നെ കാപട്യമുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് രംഗത്തെത്തിയതിനു പിന്നാലെയാണ് കേജ്‌രിവാളിന്റെ വിമർശനം. ‘‘പ്രധാനമന്ത്രി മോദി ഇറ്റലിയിൽ നിന്നുള്ള കണ്ണട ധരിക്കുന്നു, സ്വിറ്റ്സർലൻഡിൽ നിന്നുള്ള വാച്ച് ധരിക്കുന്നു, യുഎസിൽ നിന്നുള്ള ഫോൺ ഉപയോഗിക്കുന്നു, ജർമനിയിൽ നിന്നുള്ള കാറുകൾ ഉപയോഗിക്കുന്നു, വിദേശ ബ്രാൻഡുകളാൽ നിറഞ്ഞിരിക്കുന്നു. എന്നിട്ടും അദ്ദേഹം ആളുകളോട് സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പറയുന്നു’’ – സഞ്ജയ് സിങ് പറഞ്ഞു. English Summary:
Arvind Kejriwal Challenges PM Modi: Arvind Kejriwal questions Modi\“s call to boycott foreign goods. He challenges the Prime Minister to abandon foreign products he uses daily. |