കോഴിക്കോട് ∙ വിശുദ്ധിയും ലാളിത്യവും അടയാളപ്പെടുത്തിയ പൗരോഹിത്യ ഔന്നത്യത്തിന്റെ ആത്മീയപ്രഭയിൽ, വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും മനസ്സിൽ മായാമുദ്ര പതിപ്പിച്ച തൃശൂർ അതിരൂപതാ മുൻ അധ്യക്ഷൻ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം നടത്തി. മലബാറിലെ കുടിയേറ്റനിലങ്ങളിൽ അസാമാന്യമായ കർമധീരതയും അജപാലനതീക്ഷ്ണതയും സ്നേഹം നിറഞ്ഞ നിലപാടുകളും വാൽസല്യം നിറഞ്ഞ ഇടയശുശ്രൂഷകളും കൊണ്ട് വിശ്വാസികളുടെ ഹൃദയഭൂവിൽ ചിരഃപ്രതിഷ്ഠ നേടിയാണ് തൂങ്കുഴി പിതാവിന്റെ മടക്കം.
കോഴിക്കോട് കോട്ടുളിയിലെ ‘ഹോം ഓഫ് ലവ്’ ജനറലേറ്റിൽ തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കുന്ന ക്രിസ്തുദാസി സന്യാസി സമൂഹത്തിലെ അംഗങ്ങൾ. ചിത്രം: എം.ടി.വിധുരാജ്/മനോരമ
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സ്ഥാനിക വസ്ത്രങ്ങളണിഞ്ഞ ഭൗതികശരീരം കോഴിക്കോട് ദേവഗിരിയിലെ സെന്റ് ജോസഫ്സ് ദേവാലയത്തിൽ എത്തിച്ചത്. രണ്ടരമണിക്കൂറോളം നീണ്ട പൊതുദർശനത്തിനു ശേഷം കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ ‘ഹോം ഓഫ് ലവ്’ ജനറലേറ്റിലേക്ക് ഭൗതികശരീരം കൊണ്ടുപോയി. സംസ്കാരശുശ്രൂഷയുടെ സമാപനകർമങ്ങൾ പൂർത്തിയാക്കിയ ശേഷം എസ്കെഡി ജനറലേറ്റിലെ കപ്പേളയിലായിരുന്നു കബറടക്കം.
താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കബറടക്ക ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, തലശേരി അതിരൂപത ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി തുടങ്ങിയ വൈദിക ശ്രേഷ്ഠരും കന്യാസ്ത്രീകളും അൽമായരും വിവിധ മേഖലകളിലെ പ്രമുഖരും അടക്കം നിരവധി പേരാണ് പ്രിയ പിതാവിന് യാത്രാമൊഴിയേകാൻ എസ്കെഡി ജനറലേറ്റിലെത്തിയത്. കോഴിക്കോട് കോട്ടുളി ‘ഹോം ഓഫ് ലവ്’ ജനറലേറ്റിൽ തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ കബറടക്ക ശുശ്രൂഷയിൽ നിന്ന്. ചിത്രം: എം.ടി.വിധുരാജ്/മനോരമ
മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനീ സമൂഹമാണ് എസ്‌കെഡി. തനിക്ക് ഏറെ പ്രിയപ്പെട്ട എസ്കെഡി ജനറലേറ്റിലെ ചാപ്പലിലെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനു സമീപം അന്ത്യവിശ്രമസ്ഥാനം ഒരുക്കണമെന്നത് മാർ തൂങ്കുഴി പിതാവിന്റെ ആഗ്രഹമായിരുന്നു. വിശ്വാസിസമൂഹത്തിന്റെ ആദരണീയനായ മുതിർന്ന ഇടയനു യാത്രാമൊഴിയേകാൻ ആയിരക്കണക്കിനു വിശ്വാസികളാണ് കോട്ടുളിയിലെത്തിയത്.
സംസ്കാര ശുശ്രൂഷയുടെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമായി തൃശൂരിൽ നടത്തിയ ശേഷമാണ് കർമപഥത്തിൽ മാർ ജേക്കബ് തൂങ്കുഴിക്ക് ഏറെ പ്രിയപ്പെട്ട കോഴിക്കോടിന്റെ മണ്ണിലേക്ക് ഭൗതികശരീരം എത്തിച്ചത്. അദ്ദേഹം ഏറെ നാൾ പ്രവർത്തിച്ച മാനന്തവാടി, താമരശ്ശേരി രൂപതകളിൽനിന്ന് നൂറുകണക്കിനു വിശ്വാസികൾ തിങ്കളാഴ്ച രാവിലെ മുതൽ കോഴിക്കോട്ട് അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കാനായി ഒഴുകിയെത്തി. ദേവഗിരി ദേവാലയത്തിലെ പ്രാർഥനാശുശ്രൂഷയിൽ കോഴിക്കോട് ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ അനുശോചന സന്ദേശമേകി.
രാവിലെ 9.30 വരെ തൃശൂർ ലൂർദ് കത്തീഡ്രലിൽ പൊതുദർശനത്തിനു പിന്നാലെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ച രണ്ടാംഘട്ട ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിച്ച മൂന്നാംഘട്ട ശുശ്രൂഷയും നടത്തി. തൃശൂരിൽ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങിയ ശേഷമാണ് ഭൗതികശരീരം കോഴിക്കോട്ടേക്ക് എത്തിച്ചത്. പൗരോഹിത്യശുശ്രൂഷ നിർവഹിച്ച തൃശൂരിലെ അൾത്താരയോടും ദൈവാലയ കവാടങ്ങളോടും തൂങ്കുഴി പിതാവ് വിടപറയുന്ന ചടങ്ങുകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
മാർ ജേക്കബ് തൂങ്കുഴിയോടുള്ള ആദരസൂചകമായി താമരശേരി, മാനന്തവാടി രൂപതകൾക്കു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയും ഒപ്പീസും ചൊല്ലിയാണ് വിശ്വാസി സമൂഹം മുതിർന്ന ഇടയന് യാത്രാമൊഴിയേകിയത്. English Summary:
Thousands Attend Funeral of Mar Jacob Thoomkuzhy: Mar Jacob Thoomkuzhy\“s mortal remains were brought to Kozhikode for final rites. After services in Thrissur, the body was taken to Kozhikode, where thousands paid their respects. |