കൽപറ്റ ∙ വയനാട് നെന്മേനിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികന്‍ തൂങ്ങി മരിച്ചു. അമ്പുകുത്തി കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരന്‍കുട്ടിയെ ആണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുൻപ് എടുത്ത ബാങ്ക് വായ്പയുടെ പേരില്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍ നിന്ന് നോട്ടിസ് ലഭിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ശങ്കരന്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
ശങ്കരന്‍കുട്ടിയെ വീടിനോടു ചേര്‍ന്നുള്ള കാപ്പിത്തോട്ടത്തില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ശങ്കരന്‍കുട്ടി മനഃപ്രയാസത്തിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. 20 വര്‍ഷം മുൻപ് ശങ്കരന്‍കുട്ടി സുല്‍ത്താന്‍ ബത്തേരി ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് 25,000 രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിലവില്‍ പലിശ ഉള്‍പ്പടെ രണ്ട് ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ട്. ഇതിനെ തുടര്‍ന്ന് ബാങ്ക് കോടതിയെ സമീപിച്ചു.
കോടതി ശങ്കരന്‍കുട്ടിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു. ഇതിനെ തുടര്‍ന്ന് നാടുവിട്ടു പോവുമെന്ന് പിതാവ് പറഞ്ഞിരുന്നതായി മകന്‍ ബാബു പറയുന്നു. അമ്പലവയല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
Wayanad suicide reported as an elderly tribal man in Nenmeni died by suicide due to a bank loan notice: The family stated he was distressed after receiving a court notice regarding a long-standing bank loan debt. |