തിരുവനന്തപുരം ∙ ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ തിരുമല അനിൽ പ്രസിഡന്റായിരുന്ന തിരുവനന്തപുരം ഫാം ടൂർ സഹകരണ സംഘം 11 കോടി രൂപ വായ്പയായി നൽകിയിരുന്നെന്ന് വിവരം. നിലവിലെ കൗൺസിലർമാർ ഉൾപ്പെടെ സംഘത്തിൽനിന്ന് വൻ തുക വായ്പ എടുത്തിരുന്നതായി സൂചനയുണ്ട്. ബിജെപി അനുഭാവിയായ ഒരു മൊബൈൽ ഷോപ്പ് ഉടമ 30 ലക്ഷം രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. പാർട്ടി നേതൃത്വത്തിന്റെ കത്തിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ ഒട്ടേറെ പേർക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് സൂചന.
നിക്ഷേപകർക്ക് പലിശ നൽകിയ വകയിൽ 14.14 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്ന് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കലക‍്ഷൻ ഏജന്റായി കൂടുതൽ പേരെ നിയമിച്ചു. താൽക്കാലിക അടിസ്ഥാനത്തിലും നിയമനം നടത്തി. നിക്ഷേപ പദ്ധതികളിലെ കുടിശിക പ്രതിമാസം 4.1 കോടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോൾ നോട്ടിസ് അയയ്ക്കുന്നതല്ലാതെ റിക്കവറി നടപടികളിലേക്ക് കടന്നിരുന്നില്ല.
കൗൺസിലറുടെ ഭർത്താവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
തിരുമല അനിലിന്റെ മരണത്തിനു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പാർട്ടി കൗൺസിലറുടെ ഭർത്താവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘വായ്പയെടുത്ത്, വർഷങ്ങളോളം തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ദേഹത്തിനു മുന്നിൽ വന്നുനിന്നു കരയാൻ ഉളുപ്പില്ലാത്തവരും അവിടെ ഉണ്ടായിരുന്നു’ എന്നാണ് പോസ്റ്റ്. കാശിനു വേണ്ടി മനുഷ്യനെ മരണത്തിലേക്കു തള്ളിവിട്ടവരെ ഇനിയെങ്കിലും പാർട്ടിയും സംഘവും തിരിച്ചറിയണമെന്നും കൗൺസിലറുടെ ഭർത്താവ് കുറിച്ചു. English Summary:
BJP Councilor Anil Suicide: BJP Councilor Suicide focuses on the tragic death of a BJP councilor and the alleged loan scam within the Thiruvananthapuram Farm Tour Cooperative Society. The article delves into the accusations of loan defaults by BJP leaders and the subsequent investigation into the cooperative society\“s financial irregularities. |