തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019ലെ, എ.പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. ഈ ഭരണകാലത്താണ് ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളും വാതിലിന്റെ കട്ടിളയും സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്. സ്വർണം കുറഞ്ഞതായി ആരോപണമുയര്‍ന്നതോടെയാണ് ഹൈക്കോടതി അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
- Also Read കവർച്ച, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന; ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്, 10 പ്രതികൾ
വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്തതായി അറിയില്ലെന്നും എ.പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് എഫ്ഐആറിൽ ഒന്നാം പ്രതി. 9 ദേവസ്വം ഉദ്യോഗസ്ഥരെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്. 2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി.മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, അസി.എൻജിനീയർ കെ.സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ, തിരുവാഭരണം കമ്മിഷണർമാരായ കെ.എസ്.ബൈജു, ആർ.ജി.രാധാകൃഷ്ണൻ, പാളികൾ തിരികെ പിടിപ്പിച്ചപ്പോൾ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.രാജേന്ദ്രൻ നായർ എന്നിവരാണ് ഈ 9 പേർ.
- Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?
കവർച്ച, വിശ്വാസവഞ്ചന, മോഷണം, ഗൂഢാലോചന തുടങ്ങി ജാമ്യം കിട്ടാത്ത വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിലെ കട്ടിളയുടെയും പാളികളിലെ സ്വർണം കൊള്ളയടിക്കപ്പെട്ട 2 വ്യത്യസ്ത സംഭവങ്ങളിലായാണ് കേസ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ആദ്യം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. മറ്റു പ്രതികളെയും ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
ഇതേസമയം, ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറി ജസ്റ്റിസ് കെ.ടി.ശങ്കരൻ ഇന്നലെ സന്നിധാനത്തെ ദേവസ്വം ലോക്കർ റൂം തുറന്നു കണക്കെടുപ്പ് തുടങ്ങി. ദ്വാരപാലക പാളികളിലെ സ്വർണത്തിന്റെ അളവും തൂക്കവും വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. സ്വർണം പൂശുന്നതിനായി നേരത്തെ ഇളക്കിയ ശ്രീകോവിൽ വാതിൽ സന്നിധാനത്ത് ഉണ്ടോയെന്നും പരിശോധിക്കും. ശബരിമലയിലെ പരിശോധനയ്ക്കു ശേഷം ആറന്മുള സ്ട്രോങ് റൂമിലും പരിശോധന നടത്തും. English Summary:
Sabarimala Gold Theft Case: Devaswom Board members are accused in the Sabarimala gold theft case. The Crime Branch has implicated the 2019 administrative committee led by A. Padmakumar, following allegations of missing gold during the renovation of the temple\“s doors and sculptures. |