കൊല്ലം∙ ശാലിനിയെ വെട്ടിക്കൊന്നതിനു പിന്നാലെ മൂന്നു മിനിട്ടിലേറെ ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്താണു ഭർത്താവ് ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങിയത്. കൊലപാതകത്തിന്റെ കാരണത്തെ കുറിച്ചാണു പ്രതി വിഡിയോയിൽ പറയുന്നത്. ഇന്നു രാവിലെയോടെയായിരുന്നു കലയനാട് ചരുവിള വീട്ടിൽ ശാലിനിയെ (39) ഭർത്താവ് ഐസക് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ ജീവനക്കാരിയാണ് ശാലിനി. ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
∙ വിഡിയോയിൽ പറയുന്നതിങ്ങനെ:
‘‘അവളെ കൊന്നുകളഞ്ഞു. ഞാൻ അറിയാതെ പല ബന്ധങ്ങളുണ്ട്. വീട്ടിൽ ഇരുന്ന സ്വർണം എടുത്ത് പണയംവച്ചു. ഞാൻ പറഞ്ഞതു കേൾക്കാതെ, ഇഷ്ടമുള്ളതുപോലെ പോവുകയും വരികയും ചെയ്യുകയായിരുന്നു. എനിക്ക് 2 മക്കളാണ്. മൂത്തയാൾ കാൻസർ രോഗിയാണ്. അതിലൊന്നും അവൾക്ക് ഒരു വിഷമവുമില്ല. ആഡംബര ജീവിതം നയിക്കണം, മുതലുകൾ നശിപ്പിക്കണം. അമ്മയുടെ കൂടെയാണ് അവൾ ഇപ്പോൾ താമസം. അതിലെനിക്കു വിഷമമില്ല.
ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിലാണ് താമസിക്കുന്നത്. അവിടെനിന്ന് ഇറങ്ങണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അഞ്ചു പൈസയുടെ മുതൽ അവൾക്കില്ല. നാട്ടുകാരോട് അന്വേഷിച്ചാൽ കാര്യങ്ങൾ അറിയാം. ഞാൻ വണ്ടി പഠിപ്പിച്ചു, വാങ്ങിച്ചു കൊടുത്തു. അനാവശ്യ പോക്കിന് വണ്ടി കൊണ്ടുപോകാൻ പാടില്ല എന്നു പറഞ്ഞപ്പോൾ എന്റെ പേരെഴുതിയ മോതിരം പണയം വച്ചു. ധിക്കാരത്തോടെ പുതിയ വണ്ടി വാങ്ങി. ജോലിക്ക് പോയി തുടങ്ങി. ജോലിക്കു പോകേണ്ട ആവശ്യമില്ലായിരുന്നു. ഞാൻ അധ്വാനിക്കുന്നുണ്ട്’’.
‘‘ അവൾ ഒരു പാർട്ടിയിൽ ചേർന്നു. അതെനിക്ക് ഇഷ്ടമില്ലെന്നു പറഞ്ഞു. പാർട്ടിക്കാർ അവൾക്ക് പിന്തുണ നൽകി. എന്തു വന്നാലും ഞങ്ങൾ ഉണ്ടെന്നു പറഞ്ഞു. രാത്രികാലങ്ങളിൽ പോകുകയും വരികയും ചെയ്തു. 2024ൽ ഞാൻ അറിയാതെ എന്റെ വീട്ടിൽനിന്ന് സ്വർണം എടുത്തു പണയംവച്ചു. കുട്ടികളെ ഓർത്ത് പലവട്ടം ക്ഷമിച്ചു. ഇനി ക്ഷമിക്കാൻ കഴിയില്ല. നാട്ടുകാർ എന്നെ നോക്കി ചിരിക്കുകയാണ്’’– ഐസക് വിഡിയോയിൽ പറയുന്നു.
ഇന്നുരാവിലെ ആറുമണിയോടെയാണു കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തുമ്പോൾ ദമ്പതികളുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഐസക്കും ശാലിനിയും വെവ്വേറെയാണ് താമസിച്ചിരുന്നത്. English Summary:
Husband Arrested After Murdering Wife in Kollam: husband murdered his wife in Kollam after posting a video on social media. The incident highlights the tragic consequences of domestic disputes and the importance of addressing family issues. Authorities are investigating the case, while the community mourns the loss and reflects on the need for support systems. |