ഇറ്റാനഗർ ∙ ജിഎസ്ടി സമ്പാദ്യ ഉത്സവം ആരംഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വദേശി ഉൽപന്നങ്ങൾ വാങ്ങുകയും വിൽക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമിച്ചതാണെന്ന് ആത്മാഭിമാനത്തോടെ പറയാൻ കഴിയണം. ഈ മന്ത്രം അരുണാചലിന്റെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും വികസനത്തിനു വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘അരുണാചലിലേക്കുള്ള എന്റെ സന്ദർശനം വളരെ പ്രത്യേകതയുള്ളതായി മാറി. നവരാത്രിയുടെ ആദ്യ ദിവസം തന്നെ, ഇത്രയും മനോഹരമായ പർവതനിരകൾ കാണാൻ എനിക്ക് കഴിഞ്ഞു. അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ന് നടപ്പിലാക്കി. ജിഎസ്ടി സമ്പാദ്യോത്സവം ആരംഭിച്ചു. അരുണാചലിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സമാനതകളില്ലാത്ത വികസനമാണ് നടക്കുന്നത്. വടക്കുകിഴക്കൻ മേഖലയെ ഞാൻ ഹൃദയത്തിൽ നിന്ന് സ്നേഹിക്കുന്നു. പ്രതിപക്ഷം ഒരിക്കലും അരുണാചലിനെ ശ്രദ്ധിച്ചിട്ടില്ല. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ, ഞാൻ 70ലധികം തവണ വടക്കുകിഴക്കൻ മേഖലയിൽ വന്നിട്ടുണ്ട്. അതുകൊണ്ടാണ് നമ്മൾ ഹൃദയത്തിന്റെ ദൂരം മായ്ച്ചുകളയുകയും ഡൽഹിയെ നിങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്തത്’’ – പ്രധാനമന്ത്രി പറഞ്ഞു.
‘‘കോൺഗ്രസിനെ പോലുള്ള പാർട്ടികൾ കരുതിയത് വളരെ കുറച്ച് ആളുകളും രണ്ട് ലോക്‌സഭാ സീറ്റുകളും മാത്രമേ അരുണാചലിൽ ഉള്ളൂ എന്നാണ്. കോൺഗ്രസിന്റെ ഈ മനോഭാവം അരുണാചലിനും മുഴുവൻ വടക്കുകിഴക്കൻ മേഖലയ്ക്കും കാര്യമായ ദോഷം വരുത്തിവച്ചു. ബിജെപി ഇന്ത്യയെ കോൺഗ്രസ് മനോഭാവത്തിൽനിന്നു മോചിപ്പിച്ചു. ഡൽഹി ഇപ്പോൾ വടക്കുകിഴക്കൻ മേഖലയുമായി കൂടുതൽ അടുത്തിരിക്കുന്നു’’ – നരേന്ദ്ര മോദി പറഞ്ഞു. English Summary:
PM Modi Launches GST Savings Festival in Arunachal Pradesh: GST Savings Festival was inaugurated by Prime Minister Narendra Modi in Arunachal Pradesh. |