കോഴിക്കോട് ∙ ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ സ്വർണം കടത്തിയതിനു സമാനമായി മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള കൂടുതൽ ക്ഷേത്രങ്ങളിൽ സ്വർണം നഷ്ടപ്പെട്ടതായി വെളിപ്പെടുത്തൽ.
- Also Read ‘പാലത്തിൽ ഫോൺ ചെയ്തു നടക്കുന്നതു കണ്ടു’: പ്ലസ് ടു വിദ്യാർഥിനി മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ
മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ടി.ടി.വിനോദൻ കീഴരിയൂർ എളമ്പിലാട് ക്ഷേത്രത്തിലെ സ്വർണം ഇതുവരെ കൈമാറിയില്ലെന്ന് നിലവിലെ എക്സിക്യൂട്ടീവ് ഓഫിസർ ബോർഡിനു റിപ്പോർട്ട് നൽകിയിരുന്നു. ഈ സംഭവത്തിലും നടുവത്തൂർ ശിവക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിലും കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
പേരാമ്പ്രയ്ക്കടുത്ത് പനക്കാട് ക്ഷേത്രത്തിലെ സ്വർണം കൊണ്ടുപോയ സംഭവത്തിൽ പേരാമ്പ്ര പൊലീസിലും ബാലുശ്ശേരി നിർമല്ലൂർ ക്ഷേത്രത്തിലെ സ്വർണം കൊണ്ടുപോയ സംഭവത്തിൽ ബാലുശ്ശേരി പൊലീസിലുമാണ് പരാതി നൽകിയത്.
പുതിയ എക്സിക്യൂട്ടീവ് ഓഫിസർ ഈ മൂന്നു ക്ഷേത്രങ്ങളുടെയും ചുമതല ഏറ്റെടുത്തത് ആറു മാസം മുൻപാണ്. അതിനു മുൻപത്തെ എക്സിക്യൂട്ടീവ് ഓഫിസർക്ക് തൊട്ടുമുൻപ് ചുമതലയിലുണ്ടായിരുന്ന വിനോദൻ സ്വർണം, വെള്ളി ഉരുപ്പടികൾ കൈമാറിയിരുന്നില്ല. പുതിയ എക്സിക്യൂട്ടീവ് ഓഫിസർക്കും റെക്കോർഡ് പുസ്തകങ്ങൾ മാത്രമാണ് ലഭിച്ചത്. സ്വർണം തിരികെയെത്തിക്കാൻ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെതായതോടെയാണ് ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.
ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ 21 പവൻ മുൻ എക്സിക്യൂട്ടീവ് ഓഫിസറുടെ കയ്യിലാണെന്ന് 2023ൽ വ്യക്തമായതാണ്. സ്വർണം തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടതല്ലാതെ ചാർജ് മെമ്മോ കൊടുത്തിട്ടില്ല. ഇദ്ദേഹം വിരമിച്ച് ഒരു വർഷമായിട്ടും സ്വർണം തിരികെ എത്തിച്ചിട്ടില്ല.
കൊയിലാണ്ടി നടുവത്തൂർ ശിവക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫിസറായിരിക്കെ 8.5 പവന്റെ സ്വർണം ഉരുപ്പടികൾ കൊണ്ടുപോയിട്ടുണ്ട്. ഇതു തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിച്ചില്ല. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ വിനോദൻ 11 പവൻ കൊണ്ടുപോയിരുന്നു. പലതവണ ബോർഡ് ആവശ്യപ്പെട്ടിട്ടും സ്വർണം തിരികെ നൽകിയില്ല. പിന്നീട് വന്ന എക്സിക്യൂട്ടീവ് ഓഫിസറും ട്രസ്റ്റിയും പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ സ്വർണം കൈമാറുകയായിരുന്നു.
- Also Read ശബരിമല: യോഗദണ്ഡ്, രുദ്രാക്ഷമാല പുറത്തുകൊണ്ടുപോയോ?; ദേവസ്വം രേഖകളിൽ അവ്യക്തത
കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽനിന്ന് 13 വർഷം മുൻപ് കാണാതായ സ്വർണം ഇനിയും വീണ്ടെടുക്കാനായില്ല. ഭണ്ഡാരത്തിൽനിന്നു സ്വർണം ലഭിച്ചതായി ദേവസ്വം റജിസ്റ്ററിലുണ്ട്. 14.670 ഗ്രാം സ്വർണം കാണാനില്ലെന്ന് 2011– 12 ലെ സംസ്ഥാന ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. എക്സിക്യൂട്ടീവ് ഓഫിസറും രണ്ടു മാസം മുൻപുവരെ മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കാസർകോട് ജില്ലാ സെക്രട്ടറിയുമായിരുന്ന ടി.എം.സത്യനാരായണനെ മലബാർ ദേവസ്വം വകുപ്പ് കമ്മിഷണർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
സ്വർണത്തിന്റെ വിപണിവില സത്യനാരായണൻ അടയ്ക്കണമെന്ന് കമ്മിഷണർ ഉത്തരവിട്ടിരുന്നു. അപ്പീൽ സർക്കാർ തള്ളിയതിനെത്തുടർന്ന് സത്യനാരായണൻ ഹൈക്കോടതിയിൽ നൽകിയ ഹർജി ഹൈക്കോടതിയിലുണ്ട്. സ്വർണമോ പണമോ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് 2023 ഡിസംബർ 10 ന് ദേവസ്വം കമ്മിഷണർക്കു കത്ത് നൽകിയെങ്കിലും മറുപടി പോലും കിട്ടിയില്ലെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ പറഞ്ഞു. ക്രിമിനൽ കേസെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ഇതിനിടെ എരമം തൃപ്പന്നിക്കുന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറായിരിക്കെ ക്ഷേത്ര ഭരണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ടി.എം.സത്യനാരായണനെതിരെയുള്ള ആരോപണം മലബാർ ദേവസ്വം അസി.കമ്മിഷണറുടെ അന്വേഷിക്കുന്നുണ്ട്. English Summary:
Malabar Devaswom Board: Malabar Devaswom Board is facing scrutiny due to reports of missing gold from multiple temples under its administration. Investigations are underway, and police complaints have been filed concerning gold discrepancies across various temples, raising concerns about transparency and accountability within the board. |