ന്യൂഡൽഹി∙ ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെയും ഉത്തർപ്രദേശിലെയും 75 സൈനികരെ ഐഎസ്ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്) ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ട്. ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് സിം കാർഡ് എത്തിച്ചു നൽകിയ നേപ്പാൾ സ്വദേശി പിടിയിലായതോടെയാണ് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ഇക്കാര്യം കണ്ടെത്തിയതെന്നാണ് ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
- Also Read കഫ് സിറപ്പ് ദുരന്തം: ഫാർമ ഉടമ അറസ്റ്റിൽ, സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21
ഡൽഹിയിലെ ലക്ഷ്മി നഗറിൽനിന്ന് ഓഗസ്റ്റ് 28ന് അറസ്റ്റിലായ നേപ്പാൾ സ്വദേശി പ്രഭാത് കുമാർ ചൗരസ്യ (43)യിൽനിന്ന് 16 ഇന്ത്യൻ സിം കാർഡുകൾ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ സിം കാർഡിൽനിന്നു ലഭിച്ച വിവരങ്ങൾ സാങ്കേതിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് പാക്ക് ഇടപെടലിന്റെ നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് വിവരം. തന്റെ ആധാർ കാർഡ് ഉപയോഗിച്ച് ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് ചൗരസ്യ സിം കാർഡുകൾ സംഘടിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മിക്ക സിം കാർഡുകളും മഹാരാഷ്ട്രയിലെ ലട്ടൂർ ജില്ലയിൽ റജിസ്റ്റർ ചെയ്തവയാണ്.
സിം കാർഡ് കൈക്കലാക്കിയ ശേഷം ഇന്ത്യയിൽ കാഠ്മണ്ഡുവിലേക്കു പോയ ചൗരസ്യ തുടർന്ന് ഐഎസ്ഐയുമായി ബന്ധപ്പെട്ടവർക്ക് ഇത് കൈമാറുകയായിരുന്നു. ഈ നമ്പറുകൾ ഉപയോഗിച്ച് വാട്സാപ് അക്കൗണ്ടുകളുണ്ടാക്കിയ ഇവർ ഇന്ത്യൻ സേന, അർധസൈനിക വിഭാഗം, സർക്കാർ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെ വിവരങ്ങൾ ചോർത്തുന്നതിനായി ബന്ധപ്പെടാൻ ആരംഭിച്ചു. 16 സിം കാർഡുകളിൽ 11 എണ്ണവും ലഹോർ, ബഹവൽപുർ തുടങ്ങി പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽനിന്നാണ് പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ജമ്മു കശ്മീരിലെയും യുപിയിലെയും ഏതാണ്ട് 75 സൈനികരെ ഇത്തരത്തിൽ ബന്ധപ്പെട്ടെന്നാണ് സൂചന. ഇതിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
- Also Read മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം 16 മുതൽ; സ്വീകരണത്തിന് പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ സ്വാഗതസംഘം
2024ൽ നേപ്പാളിലെ ഒരു ഇടനിലക്കാരൻ വഴിയാണ് ചൗരസ്യ ഐഎസ്ഐ പ്രതിനിധികളെ ബന്ധപ്പെട്ടതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ അറിയിച്ചു. യുഎസ് വീസയും വിദേശത്തു മറ്റു പല അവസരങ്ങളും വാഗ്ദാനം ചെയ്താണ് ചൗരസ്യയെ പാക്ക് പക്ഷത്തേക്ക് എത്തിച്ചതെന്നു ചൗരസ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്പെഷൽ സെൽ ഡിസിപി അമിത് കൗഷിക് ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. ഐടിയിൽ ബിഎസ്‌സി ബിരുദമുള്ള ചൗരസ്യയ്ക്ക് കംപ്യുട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഡിപ്ലോമയുമുണ്ട്. പുണെ, ലാറ്റുർ, സോലാപുർ, ഡൽഹി എന്നിവിടങ്ങളിൽ ഫാർമസ്യുട്ടിക്കൽ മേഖലയിൽ ഇയാൾ ജോലി ചെയ്തിരുന്നതായി വിവരങ്ങളുണ്ട്.
- Also Read പോറ്റി ലക്ഷ്യമിട്ടത് മല്യയുടെ ‘സ്വിസ് ഗോൾഡോ’ ജയറാമിന്റെ പൂജയോ? ദേവസ്വം ബോർഡിലെ ‘ഗാർഡിയൻ’ വഴി ശിൽപങ്ങളും കടത്തിയോ?
പാക്കിസ്ഥാൻ വിവരങ്ങൾ ചോർത്താനായി ബന്ധപ്പെട്ട 75 സൈനികരെ തിരിച്ചറിയാൻ ശ്രമം നടക്കുകയാണെന്നും അവരെ കണ്ടെത്തിയാൽ മേലധികാരികൾക്ക് വിവരം കൈമാറുമെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തെ അറിയിച്ചു. തുടർന്ന് അവരെ ചോദ്യം ചെയ്യലിന് വിധേയരാക്കും. നിലവിൽ ആരും തന്നെ ചാരപ്രവൃത്തികളിൽ പങ്കാളികൾ ആയതായി റിപ്പോർട്ടില്ലെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. English Summary:
Pakistan\“s ISI Attempts to Steal Military Secrets Using Indian SIM Cards: Pakistan ISI Military espionage is suspected after a Nepal national was arrested for supplying Indian SIM cards to ISI agents. |