search

‘എന്റെ കുഞ്ഞേ..’; കണ്ണില്ലാത്ത ക്രൂരതയിൽ പൊലിഞ്ഞ ഹരികൃഷ്ണന് വിടയേകി ജന്മനാട്

Chikheang 3 hour(s) ago views 611
  



ശാസ്താംകോട്ട ∙ ക്ഷേത്രോത്സവത്തിനിടെ ക്രൂരമർദനമേറ്റ് മൃതപ്രായനായി ദിവസങ്ങളോളം ഉയിരിനായി പൊരുതി ഒടുവിൽ ജീവനറ്റ ഹരികൃഷ്ണൻ, ഉറ്റവരുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി യാത്രയായി. അടൂർ ഗവ.പോളിടെക്നിക് കോളജിലെ ഡിപ്ലോമ വിദ്യാർഥിയും കുന്നത്തൂർ കീച്ചപ്പിള്ളി സോപാനം വീട്ടിൽ ജയസേനനന്റെയും രജനിയുടെയും മകനുമായ ഹരികൃഷ്ണൻ (18), കൊല്ലം മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹരിയെ അവസാനമായി കാണാൻ ആയിരങ്ങളാണ് കീച്ചപ്പിള്ളി ഗ്രാമത്തിലേക്ക് എത്തിയത്.  

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു രാവിലെ അടൂരിലെ കോളജിൽ എത്തിച്ച ഹരിയുടെ മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും അശ്രുപൂജയർപ്പിച്ചു. ഹരി വിദ്യാഭ്യാസ ജീവിതം തുടങ്ങിയ ഐവർകാല ഗവ.എൽപിഎസിലേക്ക് ഉച്ചയോടെ മൃതദേഹം എത്തിച്ചു. ചെറുപ്പം മുതൽ ഹരിയുടെ വളർച്ച കണ്ടിട്ടുള്ള പ്രദേശവാസികൾ, സൈനികനാകാൻ കൊതിച്ച് പാതിവഴിയിൽ വീണുപോയ പ്രിയപ്പെട്ടവന്റെ ചേതനയറ്റ മുഖം കണ്ട് വിതുമ്പി. സ്കൂളിൽ ഒരു മണിക്കൂറോളം നീണ്ട പൊതുദർശനം കഴിഞ്ഞപ്പോഴേക്കും സോപാനം വീടിന്റെ മുറ്റവും വഴികളും പുരുഷാരം നിറഞ്ഞിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ പ്രിയപ്പെട്ടവർ തോളിലേറ്റി ഹരിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു.  

സ്വീകരണ മുറിയിലെ സിമന്റ് തറയിൽ വിരിച്ച വെള്ള മുണ്ടിൽ അവസാനമായി ഹരിയെ വീട്ടിൽ കിടത്തി. രജനിയും ബന്ധുക്കളായ സ്ത്രീകളും അലമുറയിട്ട് മൃതദേഹത്തിനരികെ വന്നപ്പോഴേക്കും കണ്ടു നിന്നവരുടെയും നെഞ്ച് പൊട്ടി. വീടിനു മുന്നിൽ ഒരുക്കിയ ചെറുപന്തലിൽ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മുറ്റത്ത് ഒരുക്കിയ ചിതയിലേക്ക് മൃതദേഹം എത്തിച്ചു. മാതാപിതാക്കളും ചേട്ടനും കണ്ണീരോടെ സ്നേഹചുംബനം നൽകി ഹരിക്ക് യാത്രയേകി. സഹോദരൻ ജയകൃഷ്ണനും ഉറ്റവരും ചേർന്നു ചിതയ്ക്ക് അഗ്നി പകർന്നതോടെയാണ് ജനങ്ങൾ പിരിഞ്ഞത്. എസ്എൻഡിപി യോഗം ഐവർകാല കിഴക്ക് ശാഖാ യോഗമാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

കണ്ണീരണിഞ്ഞ് വീടും നാടും
ശാസ്താംകോട്ട ∙ ‘എന്റെ കുഞ്ഞേ.. എഴുന്നേൽക്കെന്റെ പൊന്നേ...’ കണ്ടു നിന്നവരുടെ ഹൃദയം തുളച്ച് രജനിയുടെ നിലവിളി ഉയർന്നതോടെ സോപാനം വീട് സങ്കടക്കാഴ്ചയായി. സിമന്റ് തറയിൽ കിടത്തിയ മകന്റെ ചേതനയറ്റ ശരീരത്തെ ചേർത്തു പിടിച്ച് അലമുറയിട്ട രജനിയെ ജയകൃഷ്ണനും ബന്ധുക്കളും ചേർന്നു ഏറെ പണിപ്പെട്ടാണ് അകത്തെ മുറിയിലേക്ക് മാറ്റിയത്. ഉയിരുള്ള കാലം വരെയും ഹരിയുടെ നിഴലായി നടന്ന ജയകൃഷ്ണൻ അനിയന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിർവികാരനായി നിന്നു.  ADVERTISEMENT Go AD-FREE

പിന്നീട് അനിയനെ ചേർത്തു പിടിച്ച് സ്നേഹ ചുംബനം നൽകി. ഭിന്നശേഷിക്കാരനും പാർക്കിൻസൺസ് രോഗ ബാധിതനുമായ പിതാവ് ജയസേനനും അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനാക്കി. ക്ലാസ് മുറികളിലും മൈതാനങ്ങളിലും ഉത്സവ ആഘോഷങ്ങളിലും ഇനി സച്ചു (ഹരി) ഒപ്പമില്ലെന്ന വേദനയിൽ കൂട്ടുകാർ വീടിനു മുന്നിൽ മൂകമായി നിന്നു. നൂറോളം സുഹൃത്തുക്കളാണ് കീച്ചപ്പിള്ളിയിലേക്ക് എത്തിയത്. ചെറിയ ക്ലാസുകൾ മുതൽ ഒപ്പം പഠിച്ചവരും പണിക്ക് പോകുമ്പോൾ കൂട്ടായവരും സൈനികനാകാനുള്ള പരിശീലനത്തിൽ ധൈര്യം പകർന്നവരും അടക്കം ഹരിയുടെ ചലനമറ്റ ശരീരത്തിനു മുന്നിൽ വിങ്ങിപ്പൊട്ടി നിന്നത് കീച്ചപ്പിള്ളി ഗ്രാമത്തിന് നോവുള്ള കാഴ്ചയായി. English Summary:
The community mourns the tragic death of Hari Krishnan, a young diploma student from Attur Government Polytechnic College, who succumbed to injuries sustained during a brutal assault at a temple festival in Kollam. Thousands gathered to pay their last respects to the student, whose life was cut short by unforgivable cruelty.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169001