search

സ്വപ്നങ്ങൾ തല്ലിക്കെടുത്തി കൊടുംക്രൂരത, കണ്ണീർയാത്ര; ഇനിയിങ്ങനെയൊരു ഉറപ്പു കൊടുക്കാൻ മകനില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ രജനി

LHC0088 4 hour(s) ago views 1067
  

  

  

  



ശാസ്താംകോട്ട ∙ \“ഞാൻ പഠിച്ചൊരു ജോലി വാങ്ങട്ടെ അമ്മേ... എല്ലായിടവും ഞാൻ കൊണ്ടുപോയി കാണിക്കാം..\“ ഇനിയിങ്ങനെയൊരു ഉറപ്പു കൊടുക്കാൻ മകനില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ കരയുന്ന രജനിയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഐവർകാല കീച്ചപ്പള്ളിലെ ജനങ്ങൾ. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന ഹരികൃഷ്ണൻ ജീവിതത്തിലേക്കു തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ.    1) ഹരികൃഷ്ണനെയും സഹോദരി ഭർത്താവ് രാജേഷിനെയും അക്രമി സംഘം വളഞ്ഞിട്ട് മർദിക്കുന്നു (വിഡിയോ ദൃശ്യം). 2) വീണു കിടക്കുന്ന ഹരികൃഷ്ണന്റെ തലയ്ക്ക് വടി കൊണ്ട് അടിക്കുന്നു. ഹരികൃഷ്ണന്റെ സഹോദരിയുടെയും കൈക്കുഞ്ഞിന്റെയും മുന്നിലിട്ടാണ് അടിക്കുന്നത്. 3) സുനിൽകുമാർ, രതീഷ് എന്നിവർ ഇൻസെറ്റിൽ

ജീവിത സാഹചര്യങ്ങളോടു പടവെട്ടി പഠനത്തിൽ മുന്നേറിയ ഹരികൃഷ്ണന്റെ വിയോഗത്തിന്റെ ഞെട്ടലിലാണു നിർധന കുടുംബം. ഭിന്നശേഷിക്കാരായ മാതാവ് രജനിക്കും പിതാവ് ജയസേനനും ചിറകായി മാറാൻ, സൈനികനാകാൻ കൊതിച്ചു പഠനത്തിനൊപ്പം പരിശീലനത്തിനും ഹരികൃഷ്ണൻ ശ്രദ്ധിച്ചിരുന്നു. നേരം വെളുക്കുമ്പോൾ സമീപത്തെ അമ്പലമൈതാനത്ത് ഓടാൻ പോകുന്ന, അവധി ദിവസങ്ങളിൽ കൊല്ലം നെല്ലിമുക്കിലെ സൈനിക പരീക്ഷാ പരിശീലന കേന്ദ്രത്തിൽ മുടങ്ങാതെ എത്തിയിരുന്ന ഹരികൃഷ്ണൻ പഠനത്തിലൂടെ രക്ഷപ്പെടാനുള്ള പരിശ്രമത്തിലായിരുന്നു. കരുവാമല എച്ച്എസിൽ നിന്ന് ഒൻപത് എപ്ലസും ഒരു എയും നേടിയാണ് ഹരികൃഷ്ണൻ  എസ്എസ്എൽസി വിജയിച്ചത്.
    ഐവർകാല കീച്ചപ്പള്ളിലുള്ള ഹരികൃഷ്ണന്റെ വീട്.

നെടിയവിള അംബികോദയം എച്ച്എസ്എസിൽ നിന്നു മികച്ച നിലയിൽ പ്ലസ്ടുവും പാസായി. അടൂർ മണക്കാലയിലെ പോളിടെക്നിക് കോളജിൽ ആർക്കിടെക്ട് ഡിപ്ലോമ കോഴ്സിൽ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ സംസ്ഥാന തലത്തിൽ 12–ാം റാങ്ക് സ്വന്തമാക്കിയത് ഈയിടെയാണ്.
  ADVERTISEMENT Go AD-FREE

കൊല്ലം മരുത്തടിയിലെ അമ്മവീടിനു സമീപത്തെ ഉത്സവാഘോഷത്തിനിടെ നടന്ന സംഘർഷത്തിലാണു ഹരികൃഷ്ണൻ ഒരുകൂട്ടം അക്രമികളുടെ ക്രൂരതയ്ക്കിരയായത്. ആൾക്കൂട്ടത്തിന്റെ സംഘബലത്തിന് വേട്ടയാടിത്തീർക്കാൻ ഇനിയൊരു കുഞ്ഞിനെയും വിട്ടുകൊടുക്കരുതെന്ന വിതുമ്പലിലാണു പിതാവ് ജയസേനൻ. സ്വന്തമായുള്ള ആറ് സെന്റ് സ്ഥലത്ത് കുന്നത്തൂർ പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീട്ടിലാണ് ഇവർ കഴിയുന്നത്.
  

കൈയ്ക്കു സ്വാധീനക്കുറവുണ്ടെങ്കിലും ജയസേനൻ ഓട്ടോറിക്ഷ ഓടിക്കാനും രജനി തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു. പാർക്കിൻസൺസ് രോഗം ബാധിച്ച് കൈ വിറയലായതോടെ ഓട്ടോ  ഓടിക്കാനാകാതെ ജയസേനൻ ബുദ്ധിമുട്ടിലായി. ഭിന്നശേഷിക്കാർക്കായി പഞ്ചായത്ത് അനുവദിച്ച പെട്ടിക്കട വീടിനു മുന്നിലാണു സ്ഥാപിച്ചത്. ഇതിൽ സുഹൃത്തുക്കൾ ചേർന്നു വാങ്ങി നൽകിയ സാധനങ്ങൾ വിറ്റാണു ചെറിയ വരുമാനം കണ്ടെത്തുന്നത്.   ഹരികൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പിടിയിലായ ഷമിൽ രാജ്, ഷിബിൻ‌ എന്നിവർ.

കണ്ണീർയാത്ര
ശാസ്താംകോട്ട ∙ഐവർകാല ഗണപതിയാംമുകൾ ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിനിടെയാണ്, മരുത്തടിയിലെ വിളക്കെടുപ്പ് ഉത്സവത്തിൽ പങ്കെടുക്കാൻ ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും സന്തോഷത്തോടെ വീടു വിട്ടിറങ്ങിയത്. എന്നാൽ അതു കണ്ണീർയാത്രയാകുമെന്ന് ആരും കരുതിയില്ല. ADVERTISEMENT Go AD-FREE

ക്രൂരതയ്ക്കിരയായി ചേതനയറ്റ ഹരിയുടെ ശരീരവുമായി ജയകൃഷ്ണനും അടുത്ത ബന്ധുക്കളും ഇന്നു തിരികെ കീച്ചപ്പള്ളിൽ ഗ്രാമത്തിലേക്ക് എത്തും. തലയ്ക്ക് അടിയേറ്റ് മൃതപ്രായനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ ഉറ്റവർ  അതിന്റെ ആഘാതത്തിലാണ്.
  

പുത്തൂർ– കടമ്പനാട് പ്രധാന പാതയിൽ ഐവർകാല കീച്ചപ്പള്ളിൽ ക്ഷേത്രത്തിനു സമീപത്തെ ഇടവഴിയെത്തുന്നതു  ഹരികൃഷ്ണന്റെ വീട്ടിലേക്കാണ്. മസ്തിഷ്ക മരണം സംഭവിച്ചത് അറിഞ്ഞതു മുതൽ സോപാനം എന്ന ഇവരുടെ വീട്ടിലേക്കു പ്രദേശവാസികൾ എത്തിത്തുടങ്ങിയിരുന്നു. വീടിനുള്ളിൽ തളർന്നിരുന്ന അമ്മ രജനിയെ ബന്ധുക്കളും അയൽവാസികളുമായ സ്ത്രീകളാണു ചേർത്തുപിടിച്ചത്. പാർക്കിൻസൺസ് രോഗം വന്നതോടെ മറവി ബാധിച്ച ജയസേനൻ വീടിനു മുന്നിലെ കടയുടെ ചുമരിൽ ചേർന്നിരുന്ന്, നാട്ടുകാരോടു മകനെപ്പറ്റി ഓർത്തെടുത്തു പറഞ്ഞുകൊണ്ടിരുന്നു. ഈ വീടിന്റെ വെളിച്ചമാണ് അക്രമികൾ തല്ലിക്കെടുത്തിയതെന്നും ഇനിയൊരു കുട്ടിക്കും ഇങ്ങനെയൊരു വിധി വരരുതെന്നും  നാട്ടുകാർ പറഞ്ഞു.
  

പൊരുതി ജീവിച്ചു; അക്രമത്തിനിരയായി മടക്കം
ശാസ്താംകോട്ട ∙ വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചു ബോധ്യമുള്ള ഹരികൃഷ്ണൻ ഒരു കാര്യത്തിനും ആരെയും ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ കണ്ണീരോടെ പറയുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം മുഴുവൻ നാട്ടിൽ പണിക്കു പോയാണ് വരുമാനം കണ്ടെത്തിയത്. മുന്നോട്ടുള്ള പഠനത്തിനു തുക കണ്ടെത്താൻ മറ്റൊരു മാർഗവും അവനു മുന്നിൽ ഇല്ലായിരുന്നു.  ADVERTISEMENT GO AD-FREE

കെട്ടിട നിർമാണം, അലുമിനിയം ഫാബ്രിക്കേഷൻ അടക്കമുള്ള തൊഴിലുകളാണ് അധികവും ചെയ്തിരുന്നത്. അടൂരിലെ പോളിടെക്നിക് കോളജിൽ അഡ്മിഷൻ എടുക്കാനും പഠനോപകരണങ്ങൾ വാങ്ങാനും ദിവസവും വേണ്ട ബസ് കൂലിയും ഉൾപ്പെടെ ജോലിയെടുത്തു കണ്ടെത്തിയിരുന്നു. അവധി ദിവസങ്ങളിൽ കൊല്ലത്തു സൈനിക പരീക്ഷാ പരിശീലനം നടത്താനുള്ള തുക കണ്ടെത്തുന്നതും ഇങ്ങനെയാണ്.
  

സൈനികനായ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം എറ്റെടുക്കണമെന്നും മാതാപിതാക്കളെ സംരക്ഷിക്കണമെന്നുമുള്ള ദൃഢനിശ്ചയത്തിലായിരുന്നു. നാട്ടിലെ ആഘോഷങ്ങളിലും ചെറുപ്പക്കാരുടെ ആവേശക്കാഴ്ചകളിലും ഒന്നും ആരും ഹരിയെ കണ്ടിട്ടില്ല. ജീവിതത്തിലെ പ്രയാസഘട്ടങ്ങളെ അതിജീവിക്കാനുള്ള പോരാട്ടത്തിലായിരുന്നു അവൻ. സഹോദരൻ ജയകൃഷ്ണൻ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു രണ്ടു വർഷത്തോളം ജോലിക്കു പോയിരുന്നു. ഇതിനു ശേഷമാണ് ഇരുവരും ഒരുമിച്ച് അടൂരിൽ ഡിപ്ലോമ കോഴ്സിനു ചേർന്നത്.
  English Summary:
Sasthamkotta Murder Case: Hari Krishnan, a bright student with aspirations of joining the army, tragically lost his life due to mob violence in Sasthamkotta. His death has sent shockwaves through his family and community, who are mourning the loss of a promising young individual.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166809