തിരുവനന്തപുരം ∙ പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടേകാൽ ലക്ഷത്തോളം പ്രവാസി വോട്ടർമാരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാകും. വോട്ടു ചെയ്യാൻ നാട്ടിലേക്ക് എത്തുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. യുദ്ധംനീളുന്നത് വോട്ടിങ് പങ്കാളിത്തം കുറയ്ക്കുമോയെന്നു പാർട്ടികൾക്ക് ആശങ്കയുണ്ട്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷം അന്തിമ വോട്ടർപട്ടികയിൽ 2,23,558 പ്രവാസി വോട്ടർമാരുണ്ട്.
ജനുവരി 30നു ശേഷം പതിനായിരത്തിലേറെ പ്രവാസികൾ പട്ടികയിൽ പേരു ചേർക്കാൻ നൽകിയ അപേക്ഷകളിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ നടപടി സ്വീകരിക്കാനുമുണ്ട്. എസ്ഐആർ നടപടികളിൽ പ്രവാസി വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനും കഴിയുന്നത്ര പേരെ വോട്ടർപട്ടികയിൽ ചേർക്കാനും ഇത്തവണ രാഷ്ട്രീയ പാർട്ടികൾ വൻപ്രചാരണം നടത്തിയിരുന്നു.
ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കോഴിക്കോട് ജില്ലയിലാണ്; 57,679 പേർ. 52,163 പേരുള്ള കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്ത് നാൽപതിനായിരത്തോളം പേരുണ്ട്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മൂന്നാംവാരത്തിലേക്കു നീളുമെന്ന സൂചന വന്നതോടെ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ ഈ മാസം 12 വരെ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളും ചടങ്ങുകളും നിശ്ചയിച്ചു. നേരത്തേ, ഈ മാസം 4 വരെയുള്ള പരിപാടികളായിരുന്നു തീരുമാനിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ സന്ദർശനങ്ങൾ പൂർത്തിയാകുന്നത് 14ന് ആണ്. 14നോ 15നോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണു സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരും 5ന് കൊച്ചിയിലെത്തും. ADVERTISEMENT Go AD-FREE English Summary:
Kerala Assembly Elections 2024 are facing uncertainty for over two lakh expatriate voters if the West Asia conflict prolongs. Many expatriates travel to vote, and political parties are concerned about a potential drop in participation, as finalized voter lists show 2,23,558 NRI voters. |