search

പെരുമ്പളം കാത്തിരുന്ന നിമിഷത്തിലേക്ക് ഇനി 6 നാൾ; ദ്വീപിലേക്ക് വരാൻ പോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ

cy520520 3 hour(s) ago views 842
  

  

  

  



പൂച്ചാക്കൽ ∙ പെരുമ്പളം കാത്തിരുന്ന ആ നിമിഷത്തിലേക്ക് ഇനി 6 നാൾ. ദ്വീപിന്റെ ജീവനാഡിയായി മാറുന്ന പെരുമ്പളം പാലം 7ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ഇതിന്റെ ഭാഗമായി സംഘാടക സമിതി ഒരുക്കുന്ന ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്ക് ദ്വീപിൽ പുന്നപ്പറമ്പിൽ നടന്ന കൈകൊട്ടിക്കളിയോടെ തുടക്കമായി. വരും ദിവസങ്ങളിൽ ദ്വീപിന്റെ വിവിധ ഭാഗങ്ങൾ കലയുടെയും കായിക മാമാങ്കത്തിന്റെയും വേദിയാകും. 2ന് രാത്രി 7ന് അരയുകുളങ്ങരയിൽ പെരുമ്പളം നാട്ടുപൊലിമ സംഘടിപ്പിക്കുന്ന നാടൻപാട്ട് നടക്കും. 7.30നു മഴവിൽ മനോരമ ബംപർ ചിരി ഫെയിം രഞ്ജൻ പള്ളുരുത്തിയുടെ മെഗാ ഷോ. 3ന് പുതുക്കാട് ഭാഗത്ത് രാത്രി 7നു നന്ദീപ് കുന്നുംപുറം നയിക്കുന്ന വയലിൻ ഫ്യൂഷൻ, 8നു പെരുമ്പളത്തെ കലാകാരൻമാരുടെ സംഗീതനിശ ‘പാടാം നമുക്കൊത്തുപാടാം’. 4നു വൈകിട്ട് 4നു പാലം മൈതാനത്ത് ഹെൽത്ത് കാർണിവലും സംഗീത പരിപാടിയും നടക്കും. 5.30നു ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ എന്നിവർക്ക് സ്വീകരണം. സ്വാഗതസംഘം ചെയർമാൻ എ.എം. ആരിഫ് ഉദ്ഘാടനം ചെയ്യും.   ആഘോഷങ്ങളുടെ ഭാഗമായി ന‌ടന്ന കൈകൊട്ടിക്കളി

പാലം നിർമാണത്തിനു ഭൂമി വിട്ടു നൽകിയവരെ ചടങ്ങിൽ ആദരിക്കും. 8.30നു ജി– ലൈവിന്റെ സംഗീതനിശ ഗൗതം സരിഗമപ. 5നു വൈകിട്ട് 6നു ദ്വീപിലെ എല്ലാ വീടുകളിലും സന്തോഷ ദീപം തെളിക്കും. ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്യും. 6.30നു തിരുവാതിര, 7നു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ‌ പാണ്ടിമേളം തുടർന്നു വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കും. ഫോക് ഇന്ത്യ ആലപ്പുഴയുടെ നാടൻപാട്ട് മെഗാഷോ ‘പടക്കളം’. 6നു വൈകിട്ട് 5നു വടയാഴത്ത് ഹരികൃഷ്ണൻ, വിഷ്ണുലാൽ ഗുരുക്കൾ എന്നിവരുടെ കളരിപ്പയറ്റ് പ്രദർശനം. 7നു ഏലൂർ ബിജുവിന്റെ സോപാന സംഗീതം, 9നു ഗായകൻ അലോഷി നയിക്കുന്ന സംഗീതനിശ ‘അലോഷി പാടുന്നു’.   പെരുമ്പളം പാലത്തിന്റെ ബോസ്ട്രിങ് ആർച്ച്

ഏഴിനു രാവിലെ 6.30നു ലഹരിക്കെതിരെ മാരത്തൺ, 9നു പഞ്ചാരിമേളം, വനിത പഞ്ചാരിമേളം, പഞ്ചതായമ്പക, 10നു രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷനും നടക്കും. 11നു മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പളം പാലം നാടിന് സമർപ്പിക്കും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ എത്തും. പാലം തുറക്കുന്നതോടെ ദ്വീപിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾക്കും തുടക്കമാകും. കൂടാതെ കെഎസ്ഇബി അരൂക്കുറ്റി സെക്‌ഷനിൽ നിന്നുള്ള പുതിയ വൈദ്യുതി ഫീഡറിന്റെ ചാർജിങ്ങും അന്നു നടക്കും. വൈകിട്ട് 6നു സിബിൽ മാജിക് ബീറ്റ്സിന്റെ ഫ്യൂഷൻ ഡിജെയോടെ ആഘോഷം സമാപിക്കും. അവധി ദിനമായ ഇന്നലെയും പെരുമ്പളം പാലത്തിൽ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. പാലത്തിന്റെ അപ്രോച്ച് – സർവീസ് റോഡുകളു‍ടെ ട‌ാറിങ് ഇന്നു തുടങ്ങും.   പെരുമ്പളം പാലം (File Photo: EV Sreekumar / Manorama)

വരുമോ പെട്രോൾ പമ്പ് ?
പാലം വരുന്നതോടെ ദ്വീപിലെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ വരും. കാറുകളും ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദ്വീപിലേക്ക് എത്തും. അവയ്ക്ക് ഇന്ധനം നിറയ്ക്കാൻ പെരുമ്പളത്ത് സൗകര്യമില്ലെന്നത് ആശങ്കയാണ്. നിലവിൽ കുപ്പികളിലും മറ്റും ഇന്ധനം എത്തിക്കുന്ന രീതിക്ക് പകരം ദ്വീപിൽ ഒരു സ്ഥിരം പെട്രോൾ പമ്പ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ദ്വീപിൽ ഇന്ധനം ലഭ്യമായാൽ വാഹന ഉടമകൾക്ക് കിലോമീറ്ററുകൾ താണ്ടി മറ്റു കരയിലേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കാം. പാലം വരുമ്പോൾ ദ്വീപിന്റെ വികസനത്തിന് അനിവാര്യമായ പെട്രോൾ പമ്പ് പോലെയുള്ള സൗകര്യങ്ങൾക്കും അധികൃതർ മുൻകൈ എടുക്കണമെന്നാണ് ആവശ്യം. കെഎസ്ആർടിസി ബസുകൾ വരുന്നതോടെ ആദ്യം പെരുമ്പളം പാലം മൈതാനം ബസ് സ്റ്റാൻഡ് ആക്കും. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയത് പണിയും.
  English Summary:
Perumbalam Bridge inauguration is set for the 7th, marking a significant milestone for the island. The opening ceremony, led by Chief Minister Pinarayi Vijayan, will be preceded by a week-long cultural and sporting extravaganza to celebrate the occasion.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164077