search

ദേശീയപാത 66: ഒരു മഴയിൽ ഇങ്ങനെയായാൽ! സർവീസ് റോഡുകളിൽ വെള്ളക്കെട്ട്; മണ്ണ് ഒലിച്ചിറങ്ങുന്നു

deltin33 3 hour(s) ago views 955
  

  



ആലപ്പുഴ ∙ മഴ പെയ്തതോടെ ദേശീയപാതയുടെ സർവീസ് റോഡുകൾ വെള്ളക്കെട്ടിലാകുന്നു. കുറഞ്ഞ സമയത്തു തീവ്രമായ മഴ പെയ്തിറങ്ങുകയും അത്രയും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തതുമാണു കാരണം. ആറുവരിപ്പാതയുടെ പണി പുരോഗമിക്കുന്നതിനാൽ മിക്കയിടത്തും സർവീസ് റോഡിലൂടെയാണു വാഹനങ്ങൾ കടത്തിവിടുന്നത്. ആറുവരിപ്പാതയിൽ നിന്നുള്ള വെള്ളം കൂടി ഒഴുകിയെത്തുന്നതോടെ സർവീസ് റോഡിൽ വെള്ളം നിറയുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ കലവൂർ ഭാഗത്ത് സർവീസ് റോഡിൽ ഒരു അടിയോളം ഉയരത്തിൽ വെള്ളം കെട്ടിനിന്നിരുന്നു.

റോഡു പണി പൂർത്തിയാകാത്തതാണു വെള്ളക്കെട്ടിനു കാരണം. സർവീസ് റോഡിന്റെ ഒരു വശത്ത് ആറുവരിപ്പാതയുടെ ഭിത്തിയും മറുവശത്ത് ഓടയുമാണ്. പലയിടത്തും ഓട സർവീസ് റോഡിനെക്കാൾ ഉയർന്നു നിൽക്കുകയാണ്. ഓടയിലേക്കു ദ്വാരങ്ങളും കുറവാണ്. അതിനാൽ തന്നെ വെള്ളം ഒഴുകി മാറാൻ സമയമെടുക്കും. ഇരുചക്രവാഹനങ്ങളാണ് ഈ വെള്ളക്കെട്ടിൽ വലയുന്നത്. വെള്ളക്കെട്ടിലെ കുഴികളിൽ വാഹനം ചാടുന്നതോടെ നിയന്ത്രണം വിടുന്ന സ്ഥിതിയുമുണ്ട്.

ആറുവരിപ്പാതയിൽ നിന്നു വെള്ളം സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ മുകളിലേക്കു വീഴുന്നുണ്ട്. മഴവെള്ളം ഒഴുകിപ്പോകാൻ പൈപ്പ് ഘടിപ്പിക്കാത്തതാണു കാരണം. അരൂർ– തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്തും ചെളിയുണ്ട്. ദേശീയപാതയിൽനിന്ന് അരൂക്കുറ്റിയിലേക്കു തിരിയുന്ന അരൂർ ക്ഷേത്രക്കവലയിൽ ചെളിയാണ്. ജംക്‌ഷനിൽ കുഴികളും രൂപപ്പെടുന്നുണ്ട്. കാൽനടയാത്രികരാണു വലയുന്നത്. ബസിൽ എത്തുന്നവർ അരൂർ പഞ്ചായത്ത് ഓഫിസിലേക്ക് ഉൾപ്പെടെ നടന്നുപോകുന്നതു ചെളിയിലൂടെയാണ്. മഴ ഇല്ലാത്തപ്പോൾ ദേശീയപാതയിൽ എല്ലായിടത്തും പൊടിശല്യവും രൂക്ഷമാണ്.

മണ്ണ് ഒലിച്ചിറങ്ങുന്നു
ദേശീയപാതയിൽ അടിപ്പാതകളുടെ അപ്രോച്ച് റോഡിന്റെ ഭിത്തിയിൽനിന്നു മഴവെള്ളത്തിനൊപ്പം മണ്ണും ഒലിച്ചിറങ്ങുന്നു. കലവൂർ, പാതിരപ്പള്ളി, വളവനാട് തുടങ്ങിയയിടങ്ങളിലാണ് ആർഇ (റീ–ഇൻഫോഴ്സ്ഡ് എർത്ത്) പാനലുകളുടെ ഇടയിലൂടെ മണ്ണ് ചോരുന്നത്. ഇവിടങ്ങളിൽ വേമ്പനാട്ടു കായലിൽ നിന്നു ഡ്രജ് ചെയ്തെടുത്ത മണ്ണാണ് അപ്രോച്ച് റോഡ് ഉയർത്തുന്നതിന് ഉപയോഗിച്ചിട്ടുള്ളത്. മണ്ണിനു ഗുണനിലവാരമില്ലാത്തതാണ് ഒലിച്ചിറങ്ങാൻ കാരണമെന്നാണ് ആക്ഷേപം. മണ്ണ് നിരത്തി അതിനു മുകളിൽ നെറ്റ് വിരിച്ച ശേഷം വശങ്ങളിൽ ആർഇ പാനൽ നിരത്തുകയാണു ചെയ്യുന്നത്. ആർഇ പാനൽ നിരകൾ തമ്മിലുള്ള ചെറിയ വിടവിലൂടെയാണു മണ്ണ് നഷ്ടമാകുന്നത്. അപ്രോച്ച് റോഡ് ഉയർത്തിയ ശേഷം മഴ കുറവായിരുന്നു. ഇപ്പോൾ തന്നെ മണ്ണ് ചോർന്നു തുടങ്ങിയാൽ കാലവർഷം എത്തുമ്പോൾ സ്ഥിതി എന്താകുമെന്നാണു നാട്ടുകാരുടെ ഭയം.   കഴിഞ്ഞ ദിവസത്തെ മഴയിൽ ദേശീയപാതയിൽ കലവൂരിൽ അടിപ്പാതയുടെ അപ്രോച്ച് റോഡിന്റെ ഭിത്തിയിൽനിന്നു മണ്ണ് വിടവുകളിലൂടെ ഒലിച്ച് ഇറങ്ങിയ നിലയിൽ. ചിത്രം: മനോരമ ADVERTISEMENT Go AD-FREE English Summary:
Alappuzha National Highway service roads are experiencing severe waterlogging due to intense rainfall and inadequate drainage systems. The ongoing six-lane highway construction is exacerbating the issue, as water from the new highway flows onto the service roads, creating hazardous conditions for commuters.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477401