കുമരകം ∙ വൈദ്യുതലൈനിൽ ഒരു ഓലമടൽ വീണാൽ അത് മാറ്റാൻ എത്ര സമയം വേണ്ടി വരും? വൈദ്യുതി വകുപ്പിന് ഇത് നീക്കാൻ വേണ്ടി വന്നത് 15 മണിക്കൂറിലേറെ. ഇത്രയും സമയം കായലോര ടൂറിസം മേഖല ഉൾപ്പെടെ വൈദ്യുതി കിട്ടാതെ വലഞ്ഞു. രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമെന്ന അഭിമാനം കൊള്ളുന്ന കുമരകത്താണ് 12 മണിക്കൂറിലേറെ ഉണ്ടായ വൈദ്യുതി മുടക്കം. കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും എൻഎൻസിജെഎം എൽപി സ്കൂളിനു സമീപത്തെ വൈദ്യുതലൈനിലാണു സമീപത്തെ തെങ്ങിൽ നിന്ന് ഉണങ്ങിയ ഓല ലൈനിൽ വീണത്. ഇതോടെ കായലോര മേഖല ഉൾപ്പെടെ വൈദ്യുതി മുടങ്ങി.ജീവനക്കാർ എത്തി ലൈൻ ചാർജ് ചെയ്യുമ്പോൾ ട്രിപ്പായി പോകുകയായിരുന്നു. ലൈനിൽ എന്തോ വീണു കിടക്കുന്നതാണു പ്രശ്നമെന്നു ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. രാത്രി തെങ്ങോല നീക്കാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ തയാറായതുമില്ല. നേരം പുലർന്നിട്ടും ഓല മാറ്റാൻ നടപടി ഉണ്ടായില്ല. വൈദ്യുതി ഓഫിസിലേക്ക് വിളിച്ചവരോട് 9ന് എത്തും എന്ന് അറിയിച്ചു. 10 മണിയായിട്ടും ജീവനക്കാർ ആരും വന്ന് ഓല മടൽ മാറ്റാൻ തയാറായില്ല.
വീണ്ടും വൈദ്യുതി ഓഫിസിൽ വിളിച്ച ശേഷമാണ് 2 ജീവനക്കാർ എത്തി ഓല മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ഒരു ജീവനക്കാരൻ എത്തി രാത്രി തന്നെ പരിഹരിക്കാവുന്ന തടസ്സം നീക്കാൻ കഴിയാതെ വന്നപ്പോൾ ഒരു പ്രദേശമാകെ രാത്രി ഇരുട്ടിലായി. ഓല വീണ വിവരം ആരും ഓഫിസിൽ അറിയിച്ചിരുന്നില്ലെന്നും മറ്റൊരു ലൈനിലെ തകരാർ നോക്കാൻ ജീവനക്കാർ രാത്രി പോയിരുന്നു എന്നായിരുന്നു വൈദ്യുതി ഓഫിസിൽ നിന്നുള്ള മറുപടി. കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും കുമരകത്തെ മിക്ക സ്ഥലത്തും വൈദ്യുതി മുടങ്ങിയിരുന്നു. English Summary:
The Kumarakam power outage lasted for over 12 hours, disrupting the popular tourist destination due to a fallen coconut leaf on an electric line. This extended electricity disruption highlights potential issues with the Electricity Department\“s response time in critical situations. |
|