പത്തനംതിട്ട ∙ നാലു പേർക്ക് പുതുജീവൻ പകർന്ന് ആലിൻ അനശ്വരതയിൽ ജീവിക്കും. ‘ഒരു കുഞ്ഞു മാലാഖയുടെ ജീവൻ പ്രതീക്ഷ പകർന്നത് നാലു കുടുംബങ്ങൾക്കാണ്. എന്റെ കുഞ്ഞു പോയപ്പോൾ നാലു കൊച്ചുമക്കളെയാണ് എനിക്ക് സമ്മാനമായി ലഭിച്ചത്.’– ഇതു പറയുമ്പോൾ ആലിന്റെ അപ്പച്ചൻ റെജി സാമുവേലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആലിന് മസ്തിഷ്ക മരണം സംഭവിച്ച ശേഷം ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് റെജിക്ക് അവയവദാനമെന്ന ചിന്ത മനസ്സിൽ വന്നത്. തുടർന്ന് ഇക്കാര്യം മകനും ആലിന്റെ പിതാവുമായ അരുണിനോട് പങ്കുവച്ചു. അരുണും ഭാര്യ ഷെറിനും ചേർന്ന് അവയവദാനത്തിനായി തീരുമാനമെടുത്ത് റെജിയെ അറിയിച്ചു.
തന്റെ മനസ്സിലെ ആഗ്രഹം മകനും തോന്നിയതിലുള്ള ആശ്ചര്യവും സന്തോഷവും റെജി ഓർക്കുന്നു. 9 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.
എല്ലാവരെയും ചിരിപ്പിക്കുന്ന, എപ്പോഴും ചിരിച്ച മുഖമായിരുന്നു ആലിന്. കാറിൽ യാത്ര ചെയ്യാൻ ഏറെ ഇഷ്ടമായിരുന്നു. ആരു കാറിൽ കയറിയാലും കൂടെ കയറണം. എങ്ങോട്ടും യാത്ര പോകാൻ ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞ്. ADVERTISEMENT Go AD-FREE
പാട്ടു കേൾക്കാനും ഏറെ ഇഷ്ടമായിരുന്നു അവൾക്ക്. എവിടെ പാട്ടു കേട്ടാലും അതിനൊത്ത് താളം പിടിക്കും. ആലിന് ഏറ്റവും അടുപ്പം അരുണിന്റെ സഹോദരീ പുത്രനായ ഏഴു വയസ്സുകാരൻ ജോഷ്വയോടായിരുന്നു. അവരൊന്നിച്ചായിരുന്നു കളികളെല്ലാം. ആലിൻ എവിടെയെന്നറിയാതെ ജോഷ്വ ആ വീട്ടിൽ ഓടി നടക്കുന്നുണ്ട്. ഏപ്രിൽ 14ന് ഒരു വയസ്സാവുന്നതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ആലിന്റെ മാമോദീസ. അന്ന് ഒരുപാട് കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും സമ്മാനമായി ലഭിച്ചിരുന്നു. അതെല്ലാം വീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. English Summary:
Organ donation in Kerala has given new life to four individuals after a tragic loss. A family\“s courageous decision to donate the organs of their 9-month-old daughter, Alin, has brought hope and a second chance at life to four other families. |
|