കണ്ണൂർ ആറളത്തെ പുഴയോരത്തുനിന്നു ‘മലയാള മനോരമ’ പുറത്തുകൊണ്ടുവന്ന വാർത്ത നാടിനെ ഞെട്ടിക്കുന്നതായി. 100 വയസ്സുള്ള വയോധികയടക്കം അറുപതോളം പേർ പുഴയോരത്ത് കുടിലോ ടാർപോളിൻ ഷീറ്റോ പോലുമില്ലാതെ 16 വർഷമായി അന്തിയുറങ്ങുന്നുവെന്ന വാർത്ത ആ നിസ്സഹായ ജീവിതങ്ങളുടെ ഹൃദയസങ്കടം ചാലിച്ചാണെഴുതിയത്. ഒരു വയസ്സുള്ള കുഞ്ഞും ഇക്കൂട്ടത്തിലുണ്ട്.
സർക്കാരിന്റെ അതിദാരിദ്ര്യപ്പട്ടികയിലോ വോട്ടർപട്ടികയിലോ പേരില്ലാത്തവരാണ് ഇവർ. അതുകൊണ്ടുതന്നെ ഈ പാവങ്ങളുടെ ദയനീയ ജീവിതം സർക്കാരിന്റെ വിഷയവുമായില്ല. കാണേണ്ടവർ കണ്ണടച്ച് ഇരുട്ടാക്കുന്നതിനാൽ ഒരിക്കലും മുക്തമാകാതെ തുടരുകയാണ് ഇവരുടെ അതിദരിദ്ര സങ്കട ജീവിതം.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ കാണാമറയത്താണിവർ. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെന്നു പറയുന്ന ആറളത്തെ 13–ാം ബ്ലോക്കിലെ വിയറ്റ്നാം പുഴയോരത്താണ് പണിയ വിഭാഗത്തിൽപെട്ട 44 കുടുംബങ്ങൾ കഴിയുന്നത്. പട്ടയം ഉടൻ നൽകാമെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വാക്കിൽ മാത്രം പ്രതീക്ഷയർപ്പിച്ചു കഴിയുന്ന ഇവരെക്കുറിച്ച് എസ്ടി പ്രമോട്ടർ മുതൽ കലക്ടർവരെയുള്ളവർക്ക് അറിയാമായിരുന്നെങ്കിലും ഇവരുടെ ദുരവസ്ഥ ശനിയാഴ്ച പുറത്തുവരുംവരെ നടപടിയൊന്നുമുണ്ടായില്ല.
കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ ഒരിക്കലും ഇങ്ങനെ ചെയ്യരുത്; എന്തുകൊണ്ട് ആറാം മാസം ചോറൂണ്? മുലപ്പാൽ അളവ് പെട്ടെന്നു കൂടാനും വഴിയുണ്ട്
ജനനത്തെ വെട്ടിത്തോൽപ്പിച്ച് മരണം: മലയാളിക്കും കുടിയേറ്റ അവസരം തുറക്കുകയാണോ ആ യൂറോപ്യൻ രാജ്യം?
ആറളത്തെ നിസ്സഹായ വിലാപങ്ങൾക്കൊപ്പം തന്നെയാണ് കൊച്ചി ഏലൂരിലെ പാതാളം പഞ്ചായത്ത് കോളനിയുടെ സങ്കടവും മനോരമയിലൂടെ പുറത്തറിഞ്ഞത്. അവിടെ 26 കുടുംബങ്ങളിലെ 130 ആളുകൾക്ക് ആകെയുള്ളതു 2 ശുചിമുറികൾ! പൊതുശുചിമുറിയെ ആശ്രയിച്ച് ഇത്രയും പേർ ദുരിതജീവിതം നയിക്കുന്നുവെന്നത് നാടിനെ സങ്കടപ്പെടുത്തിയ മറ്റൊരു വാർത്തയായി. 40 വർഷത്തോളമായി ഇവിടെ താമസിക്കുന്നവരിൽ ഭൂരിപക്ഷവും തമിഴ്നാട്ടിൽനിന്നുള്ളവരാണ്; കൂലിപ്പണിയെടുത്ത് കഴിയുന്നവർ.
അവകാശവാദങ്ങളിലും വൃഥാപ്രഖ്യാപനങ്ങളിലും അഭിരമിക്കുന്ന ഒരു സർക്കാരിന്റെ മുന്നിലാണ് ആറളത്തെയും പാതാളത്തെയുമൊക്കെ നിസ്സഹായജീവിതങ്ങളും കഴിയുന്നതെന്നത് ഓർമിക്കാം. കേരളത്തിൽ പലയിടത്തുമുള്ള നിരാലംബരുടെ ആധികൾ അധികൃതർ അവഗണിക്കുകയും അതുകൊണ്ടുതന്നെ പരിഹാരമില്ലാതെ നീളുകയും ചെയ്യുമ്പോൾ ഭരണകൂടം പെരുമകൊള്ളുന്ന വികസനസൂചികകൾക്കൊക്കെ എന്തർഥം?
ആറളത്തെ കഠിനജീവിതങ്ങളെക്കുറിച്ചു പുറത്തറിഞ്ഞതോടെ ന്യായീകരണവും നിഷേധവാദവുമൊക്കെയായി സർക്കാർസംവിധാനം പതിവുപോലെ രംഗത്തെത്തിയിട്ടുണ്ട്. അവിടെയുള്ള കുടുംബങ്ങൾ മീൻപിടിക്കാനെത്തി കഴിയുന്നവരെന്നാണ് ഇതെത്തുടർന്നിറങ്ങിയ സർക്കാർ പത്രക്കുറിപ്പ്. എന്നാൽ, മഴക്കാലം കഴിയുമ്പോൾതന്നെ വെള്ളംവറ്റുന്ന പുഴയിൽനിന്ന് ഇത്രയധികം കുടുംബങ്ങൾ മീൻപിടിച്ചു ജീവിക്കുന്നുവെന്നു പറയുന്നത് സമാനതകളില്ലാത്ത ആ കഷ്ടസ്ഥിതിയെ നിസ്സാരവൽക്കരിക്കുകയാണെന്നതിൽ സംശയമില്ല.
ആറളത്ത് ഇതുവരെ ആരും തിരിഞ്ഞുനോക്കാനില്ലാതെ ദുരിതഭൂമിയിൽ ജീവിക്കുന്ന 44 ആദിവാസി കുടുംബങ്ങൾ കഴിഞ്ഞ ദിവസം കണ്ടത് സുമനസ്സുകളുടെ വലിയൊരു സംഘത്തെയാണ്. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘ഇതും കേരളം’ എന്ന വാർത്ത കണ്ട് കൈനിറയെ സഹായവുമായിട്ടാണ് അവർ എത്തിയത്. ആ പുഴയോരത്ത് ആദിവാസികൾ അനുഭവിക്കുന്ന ജീവിതം എല്ലാവരും നേരിട്ടു കണ്ടു ബോധ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ മന്ത്രി ഒ.ആർ.കേളു അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്.
ഇവരിൽ ഭൂമി ഇല്ലാത്തവരുണ്ടെങ്കിൽ അവരുടെ പ്രശ്നം പരിഹരിക്കാനാവശ്യമായ നിർദേശങ്ങളുമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ദുരിത ജീവിതത്തിനു പരിഹാരമുണ്ടാക്കാതെ നിസ്സംഗത പുലർത്തിയതിനാണ് അധികൃതർക്കെതിരെ കേസെടുത്തിട്ടുള്ളത്.
താൽക്കാലിക നടപടികളല്ല, ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിലുണ്ടാവേണ്ടത്. അശരണരായ ആറളത്തെ ആദിവാസി കുടുംബങ്ങൾക്കു ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ ഏതു സാഹചര്യത്തിലും ഇടറിക്കൂടാ. ആറളം പുനരധിവാസമേഖലയിൽ താമസിക്കുന്നവരുടെ ന്യായമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരനടപടികളും വൈകരുത്. English Summary:
The Plight of Aralam\“s Tribal Families: Government Neglect and Adivasi Suffering