search

ഹൃദയതാരകം

Chikheang Yesterday 11:52 views 111
  



ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായി വിരിയുന്ന കൊച്ചരിപ്പല്ല് കാട്ടിയുള്ള പുഞ്ചിരി എൺപതാം വയസ്സിലും ഡോ.ജോൺ വല്യേട്ടിന്റെ മുഖത്തു കാണാം. പതിനായിരത്തോളം കുഞ്ഞുങ്ങളുടെ ചിരി മായാതെ കാത്ത കരുത‌ലായതു കൊണ്ടാകാം അദ്ദേഹത്തിനും ഇങ്ങനെ മാധുര്യത്തോടെ ചിരിക്കാനാകുന്നത്. രാജ്യത്ത് ഇപ്പോൾ പ്രാക്ടിസ് ചെയ്യുന്ന പീഡിയാട്രിക് കാർഡിയോ തൊറാസിക് സർജന്മാരിൽ പ്രായം കൂടിയയാൾ എന്നതു ഡോ. ജോൺ വല്യേട്ടിനുള്ള വിശേഷണമല്ല, അവിരാമം മുന്നോട്ടു പോകുന്ന യാത്രയുടെ അടയാളപ്പെടുത്തൽ മാത്രം.  

  • Also Read ബർലിൻ മതിലിലെ \“കുഞ്ഞാപ്പു\“   


വിവിധ രാജ്യങ്ങളിലായി അദ്ദേഹം ചിരിവിരിയിച്ച കുഞ്ഞുങ്ങളുടെ മുഖങ്ങളാണ് ആ യാത്രയിൽ കൂട്ട്.

പത്തനംതിട്ട കവിയൂർ മുണ്ടിയപ്പള്ളി വല്യേട്ട് വീട്ടിൽ ജോൺ ജോണിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ച ഡോ.ജോൺ വല്യേട്ട് നേടിയ അറിവുകൾ സമാനതകളില്ലാത്തതാണ്. വിവിധ രാജ്യങ്ങളിൽ മുൻനിരയിലുള്ള ആശുപത്രികളിൽ പരിശീലനം, മികച്ച ഡോക്ടർമാർക്കൊപ്പമുള്ള പ്രവർത്തനം, വിവിധ രാജ്യങ്ങളിലെ സേവനം. ലോകം ചുറ്റിയ യാത്രയ്ക്കൊടുവിൽ ഇപ്പോൾ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി അസോഷ്യേറ്റ് ഡയറക്ടറും കാർഡിയാക് സർജറി വിഭാഗം മേധാവിയുമായി പ്രവർത്തന പഥത്തിലാണ് അദ്ദേഹം.
    

  • ‘ഫൂലൻ ദേവിയെപ്പറ്റി പറയാനില്ല’: ചമ്പലിലെ ‘രാജാവിന്’ ബോളിവുഡ് വാഗ്ദാനം ചെയ്തത് രണ്ടരക്കോടി, പക്ഷേ...: മൽഖാൻ സിങ് അഭിമുഖം
      

         
    •   
         
    •   
        
       
  • അനുരാധ ഠാക്കൂർ പറയുന്നു: ‘യുഎസിനോടുള്ള പ്രതികരണമല്ല ബജറ്റ്; കരാറിന്റെ ഫലമറിയാൻ കാത്തിരിക്കണം; വളർച്ചയിൽ ശുഭപ്രതീക്ഷ’
      

         
    •   
         
    •   
        
       
  • വീടിനു ചുറ്റും സൈന്യം, മൊബൈൽ ജാമർ..: മുൻ മുഖ്യനെ വീട്ടിൽ ‘പൂട്ടി’ ബിജെപി: മണിപ്പുരിൽ ഫലം കാണുമോ ഖേംചന്ദിന്റെ ‘തയ്ക്വാൻഡോ’?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എട്ടാം മാസത്തിൽ പിറന്ന കു‍ഞ്ഞുങ്ങൾ മുതൽ ഡോ.ജോൺ വല്യേട്ടിന് മുന്നിൽ എത്തിയിട്ടുണ്ട്. പീഡിയാട്രിക് കാർഡിയാക് സർജറി താൻ പഠിക്കുന്ന കാലത്ത് ഇല്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. ‘എനിക്കൊപ്പമാണ് ഈ ചികിത്സയും വളർന്നത്. ഓരോ ദിവസവും ഓരോ പുതിയ ചലനങ്ങൾ വരുന്നു. അതു കൊണ്ടു തന്നെ എന്റെ പഠനം ഇനിയും തീർന്നിട്ടില്ല’.

മുണ്ടിയപ്പള്ളി ടു ബർമിങ്ങാം

കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിൽ ഒന്നാം റാങ്കോടെയാണ് ഡോ.ജോൺ പഠിച്ചിറങ്ങിയത്. എംഎസിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചേർന്നതോടെ ജീവിത വഴി തെളിഞ്ഞു. കേരളത്തിലെ കാർഡിയോ തൊറാസിക് വിഭാഗത്തിന്റെ തുടക്കക്കാരൻ ഡോ.പി.കെ.ആർ.വാരിയർക്ക് കീഴിലായിരുന്നു പഠനം. അറിവിന്റെ ഉന്നതിയിലും ലാളിത്യത്തിന്റെ നൈർമല്യവുമായി ജീവിച്ച ഡോ.വാരിയരുടെ മാതൃക ഡോ.ജോണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി.

പഠന ശേഷം കോട്ടയം ജനറൽ ആശുപത്രിയിൽ അസിസ്റ്റന്റ് സർജനായി പ്രാക്ടിസ് തുടങ്ങിയ ഡോ.ജോൺ തുടർപഠനത്തിനും പരിശീലനത്തിനുമായാണ് 1973ൽ ഇംഗ്ലണ്ടിൽ എത്തിയത്. സുഹൃത്തിന്റെ കുടുംബത്തിനൊപ്പം അവരുടെ ലിവിങ് റൂമിലായിരുന്നു താമസം. പല ആശുപത്രികളിലും ജോലിക്കു ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇംഗ്ലണ്ടിൽ ജോലി ചെയ്തുള്ള മുൻപരിചയം ഇല്ലാത്തതായിരുന്നു കാരണം. ഒടുവിൽ വാറ്റ്ഫഡിലെ ഒരാശുപത്രിയിൽ രണ്ടാഴ്ചത്തേക്കുള്ള ഒരൊഴിവിൽ ജോലി കിട്ടി.  

അപേക്ഷ അയച്ച് ഇന്റർവ്യൂ കാർഡ് ലഭിച്ചില്ലെങ്കിലും രണ്ടും കൽപിച്ച് കയറിച്ചെല്ലുകയായിരുന്നു. അന്ന് അഭിമുഖത്തിനു വിളിച്ചിരുന്നവർ ആരും എത്താതെ വന്നതോടെയാണ് ആ ജോലി കിട്ടിയത്. അവസരങ്ങൾക്കു വേണ്ടി ഇടിച്ചു കയറണമെന്ന് ഡോ. ജോൺ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുമ്പോൾ ഇപ്പോഴും പറയും. വാറ്റ്ഫഡിലെ ആ പാർട്ട്‌ടൈം ജോലിയിൽ ഇടിച്ചു കയറി മുന്നോട്ടു കുതിച്ച സ്വന്തം അനുഭവമാകും ഉദാഹരണം.

വാറ്റ്ഫഡിലെ ജോലി പരിചയം വച്ച് കെന്റ് കൗണ്ടി മെയ്ഡ്സ്റ്റണിലെ പ്രെസ്റ്റൺഹോൾ ആശുപത്രിയിൽ ഡോ.ജോണിന് ജോലി ലഭിച്ചു. ഓർത്തോ വിഭാഗത്തിലായിരുന്നു ജോലിയെങ്കിലും ഹൃദയശസ്ത്രക്രിയയാണ് തന്റെ വഴിയെന്നുറപ്പിച്ച കാർഡിയോ വിഭാഗത്തിലേക്ക് ഡോ.ജോൺ തന്റെ ‘ഇടിച്ചു കയറ്റം’ തുടർന്നു. രണ്ടാം ലോകയുദ്ധത്തിൽ യുദ്ധത്തടവുകാരനായിരുന്ന ഡോ. ആദം ഗൊളവിയോവിക്സി എന്ന പോളിഷുകാരനായിരുന്നു അന്ന് അവിടത്തെ വകുപ്പ് മേധാവി. കർശനക്കാരനായ ആദം ഇൗ ഇടിച്ചു കയറ്റം പ്രോത്സാഹിപ്പിച്ചില്ല.  

എന്നാൽ പിന്മാറാതെ നിന്ന ഡോ.ജോണിനെ ഒടുവിൽ ആദം പരിഗണിച്ചു കേസുകൾ നൽകി. ഒടുവിൽ എഫ്ആർസിഎസ് പാസാകും മുൻപു തന്നെ എഫ്ആർസിഎസ് അടിസ്ഥാന യോഗ്യതയായ ജോലിയിലേക്കും ആദം, ഡോ.ജോണിനെ നിർദേശിച്ചു. മികച്ച വിജയത്തോടെ എഫ്ആർസിഎസ് ഡോ. ജോൺ നേടിയെടുത്തു. അവിടെനിന്നാണ് ബർമിങ്ങാമിലെ പ്രശസ്തമായ ക്വീൻ എലിസബത്ത് ആശുപത്രിയിലേക്ക് എത്തുന്നത്.

യുകെയിൽ കുഞ്ഞുങ്ങളിൽ ആദ്യമായി ഹൃദയശസ്ത്രക്രിയ നടത്തിയ ഡോ. ലിയോൺസ് എബ്രാംസ്,  ഹൃദയ വാൽവ് മാറ്റത്തിൽ റോസ്സ് പ്രൊസീജ്യർ എന്ന ചികിത്സാ പദ്ധതിയുടെ ഉപജ്ഞാതാവുമായ ഡോ.ഡൊണാൾഡ് റോസ്സ് തുടങ്ങിയ പ്രഗല്ഭർക്കൊപ്പമായിരുന്നു അവിടെ ജോലി.

തിരികെ നാട്ടിലേക്കു വരുമെന്ന് അച്ഛനു കൊടുത്ത വാക്ക് പാലിക്കാനാണ് 1979ൽ നാട്ടിലേക്ക് എത്തിയത്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ജോലി ചെയ്തു. വിദേശ അനുഭവം വച്ച് പല നൂതന ടെക്നിക്കുകളും നടപ്പാക്കാൻ സാധിച്ചു. ഒരു വർഷത്തിൽ ചെയ്ത 65 ഹൃദയ ശസ്ത്രക്രിയകളും വിജയമാക്കാൻ സാധിച്ചു. ഡോ. ജോണിന്റെ ക്രിസ്റ്റൽ ക്ലിയർ മെമ്മറിയിൽ ഡേറ്റ ഭദ്രം.

ഗൾഫ് കാലം

ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റലിലേക്ക് (സിഡിഎച്ച്) ക്ഷണം എത്തിയതോടെയാണ് കുവൈത്തിൽ എത്തിയത്. 1980 മുതലുള്ള 10 വർഷക്കാലത്താണു പീഡിയാട്രിക് ഹാർട്ട് സർജറിയിൽ മികവു നേടുന്നത്. കുവൈത്ത് സർക്കാർ അകമഴിഞ്ഞ പിന്തുണ കൂടി നൽകിയതോടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രഗല്ഭ ഡോക്ടർമാർ സിഡിഎച്ചിലേക്ക് എത്തി. സൈക്യാട്രിയിൽ എംആർസിപി നേടിയ ഭാര്യ ഡോ.ശോശാമ്മ ജോണും മക്കളും ഡോ. ജോണിനൊപ്പം കുവൈത്തിൽ ഉണ്ടായിരുന്നു.

കുവൈത്ത് യുദ്ധത്തെത്തുടർന്നു നാട്ടിൽ തിരിച്ചെത്തിയെങ്കിലും മസ്കത്ത് റോയൽ ആശുപത്രിയിൽനിന്ന് വിളി വന്നതോടെ അങ്ങോട്ടേയ്ക്കു പോയി. അവിടെ പീഡിയാട്രിക് ഹാർട്ട് സർജറി വിഭാഗം ആരംഭിച്ചു. 1991 മുതൽ 2017 വരെ അവിടെയായിരുന്നു. ഇതിനിടയിൽ കുറച്ചു വർഷങ്ങൾ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തി ശസ്ത്രക്രിയ നടത്തി മടങ്ങിപ്പോകുമായിരുന്നു. വ്യാഴം, വെള്ളി വാരാന്ത്യ ദിനങ്ങളിൽ എത്തി മടങ്ങുകയായിരുന്നു പതിവ്.

2017ലാണ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വിളിയെത്തുന്നത്. മുണ്ടിയപ്പള്ളിയിലെ വീടിനു സമീപം ജോലി ചെയ്യാമെന്ന ചിന്തയിൽ തിരികെ നാട്ടിലേക്ക്. ശിശുക്കളിലെ ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ബിലീവേഴ്സ് ആശുപത്രിയുമുണ്ട്. ഇതു വഴി ഒട്ടേറെ കുട്ടികൾക്ക് ചികിത്സ നൽകാൻ സാധിക്കുന്നെന്ന് ഡോ. ജോൺ പറയുന്നു.

ആരോഗ്യ കുടുംബം

ഭാര്യയും മക്കളും മരുമക്കളും എല്ലാം ഡോക്ടർമാരാണ്. ഭാര്യ ഡോ.ശോശാമ്മ ജോൺ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. മൂത്ത മകൻ ഡോ. രാജേഷ് ജോൺ ബിലീവേഴ്സ് ആശുപത്രിയിൽ തന്നെയുണ്ട്. അനസ്തീസിയ കൺസൽറ്റന്റാണ്. രാജേഷിന്റെ ഭാര്യ ഡോ. മിനു തോമസ് യുകെയിൽ പീഡിയാട്രിഷ്യൻ ആണ്. ന്യൂകാസിലിൽ കോളജ് വിദ്യാർഥിയായ മകനൊപ്പം.  

രണ്ടാമത്തെ മകൻ ഡോ. ദിനേശ് ജോണും ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. ടാനിയ ജോർജും ന്യൂയോർക്കിൽ ഫിസിഷ്യന്മാരാണ്. ഇളയ മകൻ ഡോ. മോഹൻ ജോൺ അച്ഛന്റെ പാതയിൽ പീഡിയാട്രിക് ഹാർട്ട് സർജനായി. അറ്റ്‌ലാന്റ എമറി യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്നു. മോഹന്റെ ഭാര്യ ഡോ.താര നൈനാനും അറ്റ്‌ലാന്റയിൽ പീഡിയാട്രിഷ്യനാണ്.

പിടിച്ചിടാൻ കാൻസർ, പിടി കൊടുക്കാതെ ഓട്ടം

2023ൽ ബിലീവേഴ്സ് ആശുപത്രിയിൽ ബാസ്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനത്തിന് കൂടെ കളിക്കാൻ ജൂനിയർ ഡോക്ടർമാരുടെ ക്ഷണം. കളിക്കാൻ തുടങ്ങിയ ഡോ.ജോൺ ആകെ തളർന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ലസിക ഗ്രന്ഥികളെ ബാധിക്കുന്ന ലിംഫോമ നാലാം സ്റ്റേജിലേക്ക് എത്തിയെന്ന് കണ്ടെത്തൽ. രോഗ നിർണയം തന്നെ തളർത്തിയില്ലെന്നു ഡോ.ജോൺ.

ധൈര്യത്തോടെ ചികിത്സ തുടങ്ങി. ഒരു വർഷക്കാലമുള്ള ചികിത്സ കഴിഞ്ഞു വീണ്ടും സജീവമായി. വീണ്ടും ശസ്ത്രക്രിയകളിൽ അടക്കം സജീവം. ചെറുപ്പം മുതലുള്ള ഓട്ടവും വിട്ടില്ല. ദുബായ് മാരത്തണിൽ അടക്കം പങ്കെടുത്ത തഴക്കത്തിൽ ഇപ്പോഴും ദിവസവും 8–10 കിലോമീറ്റർ വരെ ഓടും.

‘പഴയ വേഗമില്ല, പക്ഷേ അതു കൂട്ടിക്കൊണ്ട് വരികയാണ്’. അടുത്ത ദിവസം മത്സരത്തിനിറങ്ങാൻ തയാറെടുക്കുന്ന ഒരു കായിക താരത്തിന്റെ ആത്മവിശ്വാസത്തോടെ ഡോ.ജോൺ പറയുന്നു. സ്വന്തമായി കാർ ഓടിച്ചാണ് ഡോ.ജോൺ വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തുന്നത്. കാർ ഓടിക്കാൻ പറ്റാതാവുന്ന ദിവസം താൻ ശസ്ത്രക്രിയയും നിർത്തുമെന്ന് അദ്ദേഹം പറയുന്നു. ആശുപത്രിയിലെ ആറാം നിലയിലേക്കുള്ള ലിഫ്റ്റിനു മുന്നിൽ കാത്തു നിൽക്കുമ്പോൾ ഡോ. ജോൺ പറഞ്ഞു– ‘ഞാൻ ഒറ്റയ്ക്കാണെങ്കിൽ ലിഫ്റ്റിൽ കയറാറില്ല, പടിയാണ് എനിക്ക് ഇഷ്ടം!’.

ഹൃദയത്തിൽ സൂക്ഷിക്കാൻ

നമ്മുടെ ശരീരത്തിലെ ഏറ്റവും വിശ്വസ്തമായ അവയവം ഹൃദയമാണ്. സൂചനകൾ തരാതെ ഹൃദയം പണിമുടക്കില്ല. ആ സൂചനകൾ നാം മനസ്സിലാക്കണം. വ്യായാമം ചെയ്യണം. ഹൃദയത്തെ സ്നേഹിക്കണം. ഭക്ഷണം അതിന് അനുസരിച്ച് വേണം. ആരോഗ്യം കാത്തു സൂക്ഷിക്കണം. ജന്മനാ ഉള്ള ഹൃദയ വൈകല്യങ്ങൾക്കു ഫലപ്രദമായ ചികിത്സ നമ്മുടെ നാട്ടിലുണ്ട്. ശസ്‍ത്രക്രിയ കഴിഞ്ഞാൽ ഭൂരിപക്ഷം കുഞ്ഞുങ്ങൾക്കും സാധാരണ ജീവിതം സാധ്യമാണ്.- ഡോ. ജോൺ വല്യേട്ട് English Summary:
A Lifetime Dedicated to Children\“s Hearts: Dr. John Valayatte is a renowned pediatric cardiac surgeon with decades of experience. He has dedicated his life to saving children\“s lives through complex heart surgeries, working across the globe and currently practicing in Kerala. His contributions to pediatric cardiology are immense, and he continues to inspire with his dedication and commitment to patient care.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161098