search

തമിഴ് തിരൈപ്പോര്: തമിഴ്നാട് കത്ത്

cy520520 Yesterday 11:49 views 1048
  

  

  

  

  

  



ആക്​ഷനും കട്ടിനും ഇടയിലുള്ള നടനമാണു സിനിമയെങ്കിൽ, ആക്​ഷൻ മാത്രമാണു തമിഴ്നാട് രാഷ്ട്രീയം. സിനിമയെ വെല്ലുന്ന ‘സൂപ്പർതാര’ങ്ങളും അതിനാടകീയതയുമെല്ലാം ആവോളമുണ്ട്. സിനിമയിൽ വാണവരെ മുൻപു കണ്ണടച്ച് സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ കഥയങ്ങനെയല്ല. എന്നിട്ടും, സെന്റ് ജോർജ് കോട്ടയിലെ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് വിജയ് എന്ന സൂപ്പർതാരം ആൾക്കൂട്ടമൊരുക്കി തമിഴ്നാട്ടിൽ അവതരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നു മാസം ശേഷിക്കെ കാണാൻ പോകുന്നത് സിനിമ തോൽക്കുന്ന കളികളാണ്. ഇതിനിടെയാണ് സിനിമകളും രാഷ്ട്രീയ വിവാദത്തിനൊപ്പം ചേരുന്നത്.

  • Also Read തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്: മോദി 23ന് എത്തും; ചെന്നൈ വേദിയാക്കാനുള്ള ശ്രമത്തിൽ ബിജെപി   


വിജയിന്റെ വിവാദങ്ങൾ

സൂപ്പർതാര പദവിയിലെത്തിയ കാലം മുതൽ തന്റെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും സിനിമകളിലൂടെ തൊടുത്തുവിട്ടിരുന്നു വിജയ്. ഭരണത്തിലിരുന്നവരുമായുള്ള കലഹവും പതിവായിരുന്നു. 2013ൽ ‘തലൈവ: ടൈം ടു ലീഡ്’ എന്ന സിനിമയുടെ പേരിൽ ഉടക്കിയത് അന്നത്തെ മുഖ്യമന്ത്രി ജെ.ജയലളിതയായിരുന്നു. വിജയിനെ കാണാൻപോലും തലൈവി തയാറായില്ല. 2017ലെ ‘മെർസൽ’ കേന്ദ്രത്തെ വിമർശിച്ചതോടെ, വിജയിന്റെ വീട്ടിൽ ആദായനികുതി ഉദ്യോഗസ്ഥരെത്തി. ജനങ്ങൾക്കു സർക്കാർ നൽകുന്ന സൗജന്യത്തെ കടുത്തഭാഷയിൽ 2018ലെ ‘സർക്കാർ’ വിമർശിച്ചതും വിവാദമായി. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ സുപ്രീംകോടതിയുടെ കനിവു കാത്തിരിക്കുന്നു.   ജനനായകൻ ഓഡിയോ ലോഞ്ചിൽ വിജയ് (Photo:X/@vijayTVK_off)

രാഷ്ട്രീയ സിനിമാക്കഥ

തമിഴക രാഷ്ട്രീയം ഇളക്കിമറിച്ചാണ് തമിഴക വെട്രി കഴകം (ടിവികെ) വന്നത്. വിജയ്ക്കു മുന്നിൽ ഇരമ്പുന്ന ആൾക്കൂട്ടം രാഷ്ട്രീയ നേതൃത്വത്തിന്റെ നെഞ്ചിടിപ്പു കൂട്ടി. ആദ്യം ആരാധകവൃന്ദമെന്നു പുച്ഛിക്കാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം ആളിക്കത്തി. പക്ഷേ, സെപ്റ്റംബറിലുണ്ടായ കരൂർ ദുരന്തം ടിവികെയെ കീഴ്മേൽ മറിച്ചു. ഈ അവസരം മറ്റു പാർട്ടികൾ നന്നായി ഉപയോഗിച്ചു. സർക്കാർ തലത്തിലുള്ള അന്വേഷണം മുറുകി. കോടതികളും ഇടപെട്ടു. സിബിഐ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. അതുവരെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന വിജയ് മൗനത്തിലായി. പ്രത്യയശാസ്ത്ര ശത്രുവായി വിജയ് പ്രഖ്യാപിച്ച ബിജെപി, സഖ്യരൂപീകരണത്തിനുള്ള സമ്മർദം മുറുക്കി. ഇതിനിടയിലേക്കാണ് ‘ജനനായകൻ’ എന്ന സിനിമ വന്നുപെട്ടത്. സർക്കാരുകളോടു പറയാനുള്ളത് തീ പാറുന്ന ഡയലോഗുകളാക്കി സിനിമയിൽ ചേർക്കുന്ന വിജയ്, അവസാന സിനിമയിലും ഇത് ഉറപ്പാക്കിയെന്നാണു സൂചനകൾ. സെൻസർ ബോർഡിലെ ഒരംഗം തന്നെ സിനിമയ്ക്കെതിരെ പരാതി നൽകുന്ന സാഹചര്യമുണ്ടായി. ഇതിനിടെ, കരൂർ കേസും ആദായനികുതി കേസും വേഗത്തിലായി. വിജയ് സിബിഐയുടെ മുന്നിലുമെത്തി. ഇനി ഡൽഹിയിലാണു പ്രധാനകളി.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉപമുഖ്യമന്ത്രി ഉദയനിധിയുടെ മകൻ ഇൻപനിധി തലവനായ റെഡ് ജയന്റ് മൂവീസ് വിതരണക്കാരായ ‘പരാശക്തി’ എന്ന ചിത്രത്തിനും പിടിവീണിരുന്നു. എന്നാൽ, സെൻസർ ബോർഡ് തീരുമാനത്തിനു വഴങ്ങിയതോടെ ചിത്രം പുറത്തിറക്കാനായി.

  • Also Read ‘വടക്കേ ഇന്ത്യയിൽ പെൺകുട്ടികളോടു അവർ പറയുന്നത്...’ ; വിവാദമായി ഡിഎംകെ എംപിയുടെ വാക്കുകൾ   


അടിത്തറ ഉറയ്ക്കാതെ എൻഡിഎ

തല്ലിപ്പിരിഞ്ഞ അണ്ണാഡിഎംകെയും ബിജെപിയും വീണ്ടും കൈകോർത്ത് മുന്നണി രൂപീകരിച്ചിട്ടും തമിഴ്നാട്ടിൽ എൻഡിഎയുടെ കാലുറച്ചിട്ടില്ല. പ്രതീക്ഷിച്ചതു പോലെ മുന്നണിയിലേക്കു പാർട്ടികളുടെ ഒഴുക്കുണ്ടായില്ല. കഴിഞ്ഞ തവണ വണ്ണിയർ വിഭാഗത്തിന്റെ വോട്ടുകൾ എൻഡിഎയിലേക്കെത്തിയെങ്കിൽ ഇത്തവണ സ്ഥിതി അതല്ല. ആ സമുദായത്തെ പ്രതിനിധീകരിക്കുന്ന പാട്ടാളി മക്കൾ കക്ഷി (പിഎംകെ) ചിതറിയ നിലയിലാണ്. അൻപുമണി രാംദാസ് വിഭാഗം സഖ്യത്തിലെത്തിയെങ്കിലും പിതാവ് രാംദാസും സംഘവും ഇടഞ്ഞുനിൽക്കുന്നു. ബിജെപി പലതവണ ആവശ്യപ്പെട്ടെങ്കിലും, ഒ.പനീർസെൽവം, വി.കെ.ശശികല എന്നിവരെ സഖ്യത്തിൽ ചേർക്കില്ലെന്ന നിലപാടിലാണ് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. ബിജെപി തന്റെ പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്നു താക്കീതും നൽകി. സീറ്റ് വിഭജനവും കീറാമുട്ടിയാണ്. 56 സീറ്റും ഭരണപങ്കാളിത്തവുമാണു ബിജെപിയുടെ ആവശ്യം. ഇതു രണ്ടും തള്ളി. അമിത് ഷായുമായി നടത്തിയ ചർച്ചയിൽ പോലും 23 –25 സീറ്റുകൾ മാത്രമേ നൽകാനാകൂവെന്നായിരുന്നു നിലപാട്.   അമിത് ഷായും എടപ്പാടി കെ.പളനിസ്വാമിയും (File Photo/X)

വിജയിന്റെ ടിവികെയെ എൻഡിഎ മുന്നണിയിലെത്തിക്കാനുള്ള അണിയറനീക്കങ്ങളും സജീവം. സമ്മർദത്തിനു വഴങ്ങി എൻഡിഎയിലേക്കു ടിവികെ എത്തുകയോ പുറത്തുനിന്നു പിന്തുണയ്ക്കുകയോ ചെയ്താൽ അതു വഴിത്തിരിവാകും. ടിവികെ എന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രം പക്ഷേ, അടിയറവയ്ക്കേണ്ടിവരും. രാഷ്ട്രീയം വേണ്ടെന്നു വയ്ക്കാനോ മത്സരിക്കാനില്ലെന്നോ വിജയ് തീരുമാനിച്ചാലും അദ്ഭുതപ്പെടാനില്ല.

  • Also Read അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?   


മുന്നിൽ സ്റ്റാലിൻ തന്നെ

ലൊയോള കോളജ് പൂർവവിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐപിഡിഎസ്) നടത്തിയ സർവേയിൽ ‍ഡിഎംകെ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രിയാകുമെന്നുമാണു പ്രവചനം. പക്ഷേ, ടിവികെ നേതാവും നടനുമായ വിജയ് നടത്താനിടയുള്ള കുതിച്ചുചാട്ടത്തെക്കുറിച്ചുള്ള സൂചനയാണ് മറ്റുള്ളവരെ ഞെട്ടിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തെത്താൻ അർഹതയുള്ള രണ്ടാമത്തെ നേതാവ് വിജയ് ആണെന്നും നിലവിലെ പ്രതിപക്ഷ നേതാവുകൂടിയായ എടപ്പാടി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടെന്നും അവർ പറയുന്നു. യുവവോട്ടർമാരെ ആകർഷിക്കുന്നതിലും മുന്നിലാണു വിജയ്. ടിവികെയുടെ വരവോടെ രാഷ്ട്രീയരംഗത്തുണ്ടായ മാറ്റം കൂടുതൽ ബാധിക്കുക ഡിഎംകെയെയാണെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പക്ഷേ, അണ്ണാഡിഎംകെയും ബിജെപിയും ഇതിനെ പെയ്ഡ് സർവേയെന്നാരോപിച്ചു പൂർണമായും തള്ളി.   എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും (Photo credit : PTI)

ശക്തമായ കേഡർ സംവിധാനവും എം.കെ.സ്റ്റാലിൻ, ഉദയനിധി, കനിമൊഴി എന്നിവരുടെ നേതൃത്വവുമാണു ഡിഎംകെയുടെ കരുത്ത്. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ഒട്ടേറെ ഗൃഹപാഠങ്ങൾ പാർട്ടി നടത്തുന്നുണ്ട്. വനിതകൾ അടക്കമുള്ളവർക്കായി നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളും കരുത്താണ്. ഇതിനു പുറമേയാണ് സൂപ്പർതാരം രജനീകാന്തിന്റെ പിന്തുണ. രജനിക്കും വിജയിനും ഇടയിലെ ശീതയുദ്ധമാണ് ഡിഎംകെയ്ക്കു തുണയാകുന്നത്. ഡിഎംകെ സീറ്റിൽ രാജ്യസഭയിലെത്തിയ മക്കൾ നീതി മയ്യം നേതാവ് കമൽഹാസനും ഇത്തവണ താരപ്രചാരകനാകും.   

ഒരുങ്ങുന്നത് മൂർച്ചയുള്ള തന്ത്രങ്ങൾ

ജനക്ഷേമ പദ്ധതികളും അതു സംസ്ഥാനത്തുണ്ടാക്കിയ മുന്നേറ്റവും വളർച്ചയും തന്നെയാണു ഡിഎംകെ ജനങ്ങൾക്കു മുന്നിൽ വയ്ക്കുന്ന പ്രധാന പ്രചാരണ ആയുധം. ഭരണത്തിലും സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കു മേലും ബിജെപിയും കേന്ദ്രസർക്കാരും ഗവർണറും അടക്കം നടത്തിയ കടന്നുകയറ്റവും വിദ്യാഭ്യാസത്തിനുള്ള ഫണ്ട് പോലും തടഞ്ഞതും ബിജെപിക്കും എൻഡിഎ മുന്നണിക്കും എതിരായി പ്രയോഗിക്കും. പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടും ഒരു തവണപോലും കേന്ദ്രത്തിനു മുന്നിൽ മുട്ടുകുത്തിയിട്ടില്ലെന്നതും ഡിഎംകെയ്ക്ക് എടുത്തുപറയാനുണ്ട്.

‘ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥ’യിലേക്കു കുതിക്കുന്ന തമിഴ്നാട്ടിൽ വൻ നിക്ഷേപപദ്ധതികൾ തുടർച്ചയായി എത്തുന്നതും വോട്ടായി മാറുമെന്നാണു ഡിഎംകെയുടെ പ്രതീക്ഷ.  

അഴിമതിയാരോപണങ്ങൾ സർക്കാരിനെ കാര്യമായി ബാധിച്ചില്ലെന്നതും ശ്രദ്ധേയം. ഇതിനിടെ, ഭരണപങ്കാളിത്തം ആവശ്യപ്പെട്ട് കോൺഗ്രസ് ഉണ്ടാക്കുന്ന അപസ്വരങ്ങളും ലീഗും ഇടതുപാർട്ടികളും അടക്കമുള്ളവർ കൂടുതൽ സീറ്റ് ചോദിക്കുന്നതും ഡിഎംകെയ്ക്ക് അതൃപ്തിയുണ്ടാക്കുന്നുണ്ട്. ‘ജനനായകൻ’ സിനിമാ വിഷയത്തി‍ൽ വിജയിനെ പരസ്യമായി പിന്തുണച്ചും കോൺഗ്രസ് ഡിഎംകെയെ ചൊടിപ്പിച്ചു.   കരൂർ ദുരന്തത്തിന് ശേഷം ഈറോഡിൽ നടന്ന പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. കരൂരിലെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനു ശേഷം വിജയ് പങ്കെടുത്ത ആദ്യ പരിപാടിയാണ് ഈറോഡിൽ ദേശീയപാതയ്ക്ക് സമീപം വിജയമംഗലം വിജയപുരിയിൽ നടന്നത്.

അതേസമയം, ഡിഎംകെ സർക്കാരിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളും ഹിന്ദുവിരുദ്ധ പരാമർശങ്ങളും കുടുംബഭരണവും ഉയർത്തിക്കാട്ടി വോട്ടു വാരാനുള്ള നീക്കമാണ് എൻഡിഎ നടത്തുന്നത്. വിവിധ മന്ത്രിമാർക്കെതിരെ ഇ.ഡി അടക്കം നടത്തിയ റെയ്ഡുകളും ഉപമുഖ്യമന്ത്രി ഉദയനിധിക്കെതിരെ മന്ത്രിയായ പി.ടി.ആർ.പളനിവേൽ ത്യാഗരാജന്റെ ശബ്ദത്തിലിറങ്ങിയ അഴിമതിയാരോപണവും ബിജെപി ഉന്നയിക്കും. ഉദയനിധിക്കെതിരായ സനാതന ധർമ വിവാദവും തിരുപ്പറംകുൺട്രം മലയിലെ ദീപം തെളിക്കൽ വിഷയവും തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ ഹിന്ദു വിരുദ്ധതയായി ചിത്രീകരിക്കാനും ബിജെപി ശ്രമിച്ചേക്കാം. ഇതിനൊപ്പം കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരെത്തന്നെ തന്ത്രങ്ങളൊരുക്കാൻ ബിജെപി തമിഴ്നാട്ടിലിറക്കിക്കഴിഞ്ഞു. English Summary:
Tamil Nadu Politics with Action Sequences Surpassing Cinema: As the Tamil Nadu assembly elections draw closer, the political landscape intensifies with actor Vijay\“s potential entry, DMK-BJP-AIADMK rivalries, and controversies like the Jaaneman movie, making it a high-stakes battle resembling an action-packed cinema.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156678