LHC0088 • The day before yesterday 11:49 • views 959
എന്തൊരു അധഃപതനം! അധാർമികതയുടെ അധികാരക്കളി മുൻപൊന്നും കേൾക്കാത്തവിധം രാഷ്ട്രീയത്തെ മലീമസമാക്കുന്ന സംഭവപരമ്പരയിലേക്കു ചേർക്കാൻ തൃശൂർ വടക്കാഞ്ചേരിയിൽനിന്ന് ഇതാ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ.
അവിടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിനു വോട്ടുചെയ്ത ലീഗ് സ്വതന്ത്രൻ അതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്നു പറയുന്ന ഫോൺ സംഭാഷണമാണു പുറത്തുവന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ട ഈ വർഷത്തിന്റെ തുടക്കത്തിൽതന്നെ നാം കേട്ട ഈ സംഭവം ശരിയാണെങ്കിൽ അതുയർത്തുന്ന ആപൽസൂചനയ്ക്കു വലിയ മാനങ്ങളുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാൽ, കൂറുമാറ്റത്തിനായി ഇത്രയും വിലപിടിപ്പുള്ളൊരു കുതിരക്കച്ചവടം നടന്നുവെന്ന അപമാനചരിത്രം കൂടി ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനോടൊപ്പമുണ്ടാകും.
- Also Read വോട്ടിന് കോഴ വിവാദം: വിജിലൻസ് അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കോൺഗ്രസ്
തുടർച്ചയായി രണ്ടു തവണ സംസ്ഥാനത്തും തുടർച്ചയായി 20 വർഷം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലും അധികാരത്തിലുള്ള സിപിഎമ്മാണ് ഇങ്ങനെയൊരു വിലപേശൽ നടത്തി ‘വ്യാപാരം’ ഉറപ്പിച്ചതെന്ന ശബ്ദരേഖ മലയാള മനോരമയാണു പുറംലോകത്തെത്തിച്ചത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽനിന്നു വിജയിച്ച ഇ.യു.ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ.മുസ്തഫയോടു നടത്തിയ വെളിപ്പെടുത്തലാണു പുറത്തായത്: ‘രണ്ട് ഓപ്‌ഷനാണ് സിപിഎം വച്ചിട്ടുള്ളത്. ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്കു വോട്ടു നൽകാം. 50 ലക്ഷം വാങ്ങി ലൈഫ് സെറ്റിൽ ചെയ്യാനാണ് എന്റെ തീരുമാനം’. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തലേന്നായിരുന്നു സംസാരം.
- 100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?
- REFLECTIONS 2025 ‘ഹൃദയപൂർവ’ത്തിനൊപ്പം ‘ആലപ്പുഴ ജിംഖാന’യെ എത്തിച്ചത് ആരുടെ മിടുക്ക്? എന്താണ് ഈ നടന്മാർക്ക് 2025ൽ സംഭവിച്ചത്?
- പ്രേതഭൂമിയിലേക്ക് പടര്‍ന്ന കാട്; ഓർമകളെ ഒളിപ്പിക്കുന്ന മായാവരണം; ‘ഉൾക്കന’ത്തിൽ ബിനീഷ് പുതുപ്പണം എഴുതുന്നു– ‘കാടുകയറുന്ന വിചാരങ്ങൾ’
MORE PREMIUM STORIES
എൽഡിഎഫിനും യുഡിഎഫിനും ഏഴു വീതം അംഗങ്ങളുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ ജാഫർ കൂറുമാറി വോട്ടുചെയ്തതിനെത്തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ജാഫർ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് നേടി. അടുത്തദിവസംതന്നെ ജാഫർ അംഗത്വം രാജിവച്ച് കത്തും നൽകി. വെളിപ്പെടുത്തൽ സംബന്ധിച്ചു പരാതി ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെളിപ്പെടുത്തൽ ഉറപ്പിക്കുംമട്ടിൽ, സിപിഎം നേതാവിന്റേതാണെന്നു കരുതുന്ന മറ്റൊരു ശബ്ദസന്ദേശവും ഇന്നലെ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഫോണിൽ സംസാരിച്ചത് വെറും തമാശ മാത്രമാണെന്നാണ് ഇന്നലെ ജാഫർ പറഞ്ഞത്. അങ്ങനെയെങ്കിൽ ജനാധിപത്യത്തെ എത്ര അപലപനീയമായാണ് ജാഫർ വലിയൊരു തമാശയാക്കി മാറ്റുന്നത്!
- Also Read ‘പണം വാങ്ങിയാൽ വിളിച്ചു പറയുമോ? എനിക്കു പറ്റിയ പിഴവ്, വോട്ടു ചെയ്തപ്പോൾ ശ്രദ്ധിച്ചില്ല; നുണപരിശോധനയ്ക്കും തയാർ’
തിരഞ്ഞെടുത്ത വോട്ടർമാരെ പരിഹാസ്യരാക്കിയുള്ള ഓരോ കൂറുമാറ്റവും ജനാധിപത്യത്തെ മുറിവേൽപിക്കുന്നു. ഒരു രാഷ്ട്രീയകക്ഷിയുടെയോ മുന്നണിയുടെയോ പേരിൽ വോട്ടുനേടി അധികാരസ്ഥാനത്തെത്തിയവർക്ക് പ്രലോഭനങ്ങൾക്കു വഴങ്ങി കൂറുമാറാനും സ്ഥാനം രാജിവയ്ക്കാനും ഒരു മടിയുമില്ലാത്തതോർത്തു ലജ്ജിക്കാം. തദ്ദേശസ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെ വിവിധതലങ്ങളിലെ ജനപ്രതിനിധികൾ പല കാരണങ്ങൾകൊണ്ടു കൂറുമാറുന്നതു ജനാധിപത്യസംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്നു മാത്രമല്ല, രാഷ്ട്രീയത്തിന് ഉണ്ടാകണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുകയുമാണ്.
തൃശൂർ ജില്ലയിൽത്തന്നെ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടർന്നു വേറെയും കൂറുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലുണ്ടായ കൂറുമാറ്റം വ്യത്യസ്തമാകുന്നത് കുതിരക്കച്ചവടത്തിനായി സിപിഎം പയറ്റിയെന്നു പറയപ്പെടുന്ന വലിയ പ്രലോഭനതന്ത്രം കൊണ്ടാണ്. ജനാധിപത്യത്തെ തോൽപിക്കുന്ന ധനാധിപത്യത്തിന്റെ മലീമസകഥകൾ മറ്റിടങ്ങളിലും ഉണ്ടായിട്ടുണ്ടാവാമെങ്കിലും ഇത്തരത്തിൽ അവയൊന്നും പുറത്തുവന്നിട്ടില്ലെന്നുമാത്രം.
- Also Read എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തില്‍; ആരുമായും ഡീല്‍ ഇല്ലെന്ന് ലീഗ് സ്വതന്ത്രന്‍ ഇ.യു.ജാഫര്‍
തദ്ദേശസ്ഥാപനങ്ങൾക്കുള്ള 1999ലെ കൂറുമാറ്റ നിരോധന നിയമത്തിന്റെ ഗുണഫലങ്ങൾ വോട്ടർമാർക്കു ലഭ്യമാക്കാൻ കർശന നിലപാട് ആവശ്യമാണെന്ന് 2020ൽ ഹൈക്കോടതി പറഞ്ഞത് ആ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ്. വോട്ടർമാരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ അംഗത്തിനു ബാധ്യതയുണ്ടെന്നുകൂടി അന്നു കോടതി ഓർമിപ്പിക്കുകയുണ്ടായി. കൂറുമാറ്റ നിരോധനനിയമത്തിൽ വെള്ളം ചേർക്കേണ്ടെന്നു നേരത്തേ സുപ്രീം കോടതിവരെ മുന്നറിയിപ്പു നൽകിയതിന്റെ തുടർച്ചയെന്നുതന്നെ കരുതാവുന്ന വിധത്തിലുണ്ടായ അന്നത്തെ ഹൈക്കോടതി ഇടപെടൽ ഈ സാഹചര്യത്തിൽ ഓർക്കുന്നവരുണ്ടാകാം.
വടക്കാഞ്ചേരിയിലെ വെളിപ്പെടുത്തലിനെത്തുടർന്നു പ്രഖ്യാപിക്കപ്പെട്ട വിജിലൻസ് അന്വേഷണത്തെ അധികാരസമ്മർദംകൊണ്ടു വഴിമാറ്റിവിടാതെ സത്യം ജനമധ്യത്തിലെത്തിക്കാനുള്ള ആത്മാർഥതയെങ്കിലും സിപിഎം കാട്ടണം. ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയ മൂല്യബോധത്തെക്കുറിച്ചുമൊക്കെ കേരളത്തിനു പതിവായി സ്റ്റഡി ക്ലാസെടുത്തുപോരുന്നവർ, വടക്കാഞ്ചേരിയിൽ കൂറുമാറ്റാൻ വലിയ പണച്ചാക്ക് തുറന്നുവച്ചുവെന്ന് ഉറപ്പായാൽ വരുംതിരഞ്ഞെടുപ്പുകളുടെകൂടി പശ്ചാത്തലത്തിൽ അതുയർത്തുന്ന ആശങ്കകൾ ചെറുതാവില്ല. English Summary:
Wadakkanchery Scandal: Was 50 Lakhs the Price for a Panchayat Vote? |
|