LHC0088 • 8 hour(s) ago • views 335
ശുഭപ്രതീക്ഷകളുടെ പ്രതീകമാണ് ഓരോ നവവത്സരദിനവും. പോയവർഷത്തിന്റെ നേട്ടങ്ങൾ തീർച്ചയായും ഓർക്കേണ്ടതുതന്നെ. അതോടൊപ്പം ഇതിനിടെ ഉണ്ടായിപ്പോയ കോട്ടങ്ങളെ ഇനിയെങ്കിലും മറികടക്കുകയും വേണ്ടേ?
കേരളം സാമൂഹികവളർച്ചയുടെ ഒട്ടേറെ പടവുകൾ കയറിപ്പോന്നുവെങ്കിലും നീതിഭംഗത്തിന്റെയും പരപീഡനത്തിന്റെയും കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയുടെയും എത്രയോ കളങ്കങ്ങൾ പോയവർഷവഴിയിലും വീണുകിടക്കുന്നുണ്ട്. പിതൃഹത്യയും മാതൃഹത്യയും ശിശുഹത്യയുമൊക്കെ മലയാളിക്ക് അപരിചിതമല്ലാത്ത കാര്യങ്ങളായിത്തീർന്നിരിക്കുന്നു. ഓരോ ദിവസവും എത്രയെത്ര പോർവിളികൾ, സംഘർഷങ്ങൾ, അക്രമങ്ങൾ, ചോരച്ചാലുകൾ... പല സംഭവങ്ങൾക്കുപിന്നിലും ലഹരിയുടെ പിന്തുണകൂടി കാണാനാവുന്നു. ഇതല്ല നമ്മുടെ കേരളം, ഇങ്ങനെയാവരുത് ഈ നാട് എന്ന് വിളംബരം ചെയ്യാനുള്ള അവസരംകൂടിയാണ് ഈ നവവർഷപ്പിറവി.
കേരളം ലോകോത്തര നിലവാരത്തിലെത്തിയെന്ന് ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന നാം യാഥാർഥ്യബോധത്തോടെ ഇനിയെങ്കിലും കേരളത്തെയും ലോകത്തെയും കാണണ്ടേ?. അപ്പോഴാണു പല കാര്യങ്ങളിലും നാം ഏറെ പിന്നിലാണെന്നു തിരിച്ചറിയുക.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
ഈ നാട്ടിലെ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ആത്മാർഥമായി പരിഹാരം കാണണമെന്ന ബോധ്യമാണു ഭരണാധികാരികളെ നയിക്കേണ്ടത്. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നതിന്റെ ആത്മപരിശോധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയംകൂടിയാണ് ഈ പുതുവർഷ വേള.
ജനാധിപത്യമെന്ന മഹനീയ സങ്കൽപത്തെ നമ്മുടെ രാഷ്ട്രീയക്കാരിൽ ചിലർ നാണംകെടുത്തുന്നത് ഈ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തെത്തുടർന്നും നാം കണ്ടു. വിജയിച്ചതിന്റെ തൊട്ടുപിന്നാലെ, വോട്ടു നൽകിയവരെ അപമാനിച്ച്, അധികാരത്തിനുവേണ്ടി മറുകണ്ടം ചാടുന്നവരുടേതുകൂടിയാണ് ഈ നാടെന്നതിൽ ലജ്ജിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഈ വർഷം മുതലെങ്കിലും ജനാധിപത്യത്തെയും ജനങ്ങളെയും മാനിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണം. അധികാരത്തിലാണെങ്കിലും അല്ലെങ്കിലും ജനത്തെക്കാൾ മുകളിലല്ല തങ്ങളെന്നും ജനവിരുദ്ധതയ്ക്കുള്ള മറുപടി ജനംതന്നെ നൽകുമെന്നും എല്ലാ പാർട്ടികളുടെയും നേതാക്കൾ ഓർത്താൽ അവർക്കു കൊള്ളാം.
വികസനമാകട്ടെ ഈ വർഷത്തിൽ സർക്കാരിന്റെ പ്രഥമവും പ്രധാനവുമായ ഭരണമന്ത്രം. റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യവികസനം കുറ്റമറ്റു സാധ്യമാക്കിയേ തീരൂ. കേരളത്തെ ലോകത്തിന്റെ മുന്നിലെത്തിക്കുന്ന ടൂറിസത്തിന്റെ വളർച്ച ഇടറിക്കൂടാ. മാലിന്യനിർമാർജനം ജനകീയപ്രസ്‌ഥാനമാക്കാൻ ഇനിയെങ്കിലും കഴിയണമെന്ന് ഈ പുതുവർഷാരംഭവും നമ്മെ ഓർമിപ്പിക്കുന്നു. ഇതിനായി ആദ്യം വേണ്ടത് വീടു മാത്രമല്ല, നാടും നിരത്തും പുഴയുമൊക്കെ എന്റേതാണെന്ന ബോധമാണ്.
വിവിധ മേഖലകളിൽ പ്രതിഭയുടെ കയ്യൊപ്പിടുന്ന നമ്മുടെ യുവതയിലാണു നവകേരളത്തിന്റെ പ്രതീക്ഷ. പുതിയ ആശയങ്ങളെ സ്വീകരിക്കുന്നവരുടെയും പുതിയ സ്വപ്നങ്ങളിലേക്കു പുതുവഴി വെട്ടുന്നവരുടേതുമാണു നവകേരളമെന്നു മുതിർന്നവർ തിരിച്ചറിയുകയും വേണം. അതുകൊണ്ടുതന്നെ, സ്വപ്നങ്ങളെ പിന്തുടരുന്ന യുവജനങ്ങൾക്ക് എല്ലാ പിന്തുണയുമായി സർക്കാരും സമൂഹവും ഉണ്ടാവണമെന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ നവവർഷപ്പുലരി.
കാലം ആവശ്യപ്പെടുന്നവിധം മാറ്റങ്ങളെല്ലാം ഉൾക്കൊണ്ടുള്ള നവകേരളത്തിന്റെ പിറവി ഒരുമയോടെയും തെളിമയോടെയും മുന്നോട്ടുനീങ്ങിയാൽ നമുക്കു സാധ്യമാക്കാവുന്നതേയുള്ളൂ. സഹജീവിസ്നേഹത്തിന്റെ സമർപ്പിതമുന്നേറ്റംകൊണ്ടു തോൽപിക്കാനാകാത്ത പ്രതിസന്ധികളില്ലെന്ന് വീണ്ടും ഓർമിക്കാം. ‘എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം’ എന്ന കുഞ്ഞുണ്ണിക്കവിതയെ ‘നമുക്കുണ്ടൊരു ലോകം’ എന്നു സ്‌നേഹപൂർവം തിരുത്താനുള്ള അവസരംകൂടിയാണിത്.
ആശംസകൾക്കൊപ്പം, ഈ നാട്ടിൽ ആയുരാരോഗ്യവും സമാധാനവും നിറഞ്ഞു വിളയാനുള്ള പ്രാർഥനകളോടെ നമുക്കു പുതുവർഷത്തെ വരവേൽക്കാം. പ്രിയപ്പെട്ട വായനക്കാർക്ക് മലയാള മനോരമയുടെ നവവത്സരാശംസകൾ. English Summary:
A Vision for a New Kerala: Overcoming Challenges in the New Year |
|