കൊച്ചി ∙ പുതുവർഷത്തലേന്ന് കൊച്ചി മെട്രോയുടെ വരുമാനം 44 ലക്ഷം രൂപ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനങ്ങളായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചെയും സഞ്ചരിച്ചത് 1,61,683 പേരാണ്. പുതുവർഷം പ്രമാണിച്ച് മെട്രോ അധിക സർവീസുകൾ നടത്തുകയായിരുന്നു.
പുലർച്ചെ 2 മണി വരെ സർവീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്. പുലർച്ചെ 4 മണി വരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർബസിൽ 6,817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്തു. ഡിസംബർ 31ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ റെക്കോർഡ് സൃഷ്ടിച്ചു.
2017ൽ സർവീസ് തുടങ്ങിയ മെട്രോയിൽ ഇതേവരെ 17.52 കോടി ആളുകൾ യാത്ര ചെയ്തു എന്നാണ് കണക്ക്. ഈ വർഷത്തെ യാത്രക്കാരുടെ എണ്ണം 3,65,86,194 ആയി വർധിച്ചു. ഡിസംബറിൽ മാത്രം െമട്രോ ട്രെയിനിൽ 32,68,063 പേരാണ് യാത്ര ചെയ്തത്. പുലർച്ചെ 5.10 വരെ നിലവിലുള്ള റൂട്ടുകൾക്കു പുറമേ മട്ടാഞ്ചേരി-ഹൈക്കോടതി, വൈപ്പിൻ-ഹൈക്കോടതി റൂട്ടിലും വാട്ടർ മെട്രോ അധിക സർവീസ് നടത്തി.
കൊച്ചിയുടെ പുതുവർഷരാവിൽ ആദ്യമായാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസ് നടത്തിയത്. ഫോർട്ട് കൊച്ചിയിൽ നിന്ന് ജങ്കാർ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കും എത്തിക്കാൻ മെട്രോ ഫീഡർ ബസുകളുമുണ്ടായിരുന്നു. ലാസ്റ്റ്‌മൈൽ, ഫസ്റ്റ്‌മൈൽ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായി 15 ഇലക്ട്രിക് ബസുകളാണ് വിവിധ റൂട്ടുകളിൽ മെട്രോ ആരംഭിച്ചിട്ടുള്ളത്. English Summary:
Kochi Metro achieved a record revenue of ₹44 lakh on New Year\“s Eve. The Kochi Metro train, electric feeder bus, and Kochi Water Metro transported 1,61,683 passengers, marking a significant milestone. |