ഒരേ കാര്യത്തിൽ സൗകര്യപൂർവം വ്യത്യസ്ത നിലപാടുകളെടുക്കാൻ മടിയില്ലാത്ത ഇടതു സർക്കാരും സിപിഎം എന്ന പാർട്ടിയും നിലപാടുകളെക്കുറിച്ചുള്ള ഏതു രാഷ്ട്രീയപഠനത്തെയും തകിടംമറിക്കുമെന്നു തീർച്ച. ഇന്നലെ അങ്ങനെയൊരു നിലപാട്, ഇന്ന് ഇങ്ങനെയൊരു നിലപാട് എന്നു പ്രഖ്യാപിക്കാൻ മടിയില്ലാത്ത സർക്കാരിന്റെ ഏറ്റവും പുതിയ മലക്കംമറച്ചിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിലാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചില സിനിമകൾക്കു പ്രദർശനാനുമതി നൽകാത്ത കേന്ദ്ര സർക്കാർ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു എന്നു മുദ്രാവാക്യം മുഴക്കിയവർ അടുത്ത ദിവസം ചെയ്തത് ഇതാണ്: അതേ സ്വാതന്ത്ര്യത്തെ കാണാമൂലയിൽ മാറ്റിവച്ച്, ഒരു പാരഡിപ്പാട്ടിന്റെ അണിയറപ്രവർത്തകരുടെ പേരിൽ കേസെടുക്കുന്നു!
Also Read ഇനി എന്തു ചെയ്യും മെറ്റ? ‘പോറ്റിയേ കേറ്റിയേ...’ കോടതി പറയാതെ മാറ്റരുതെന്ന് സതീശൻ, ഫെയ്സ്ബുക് കമ്പനിക്ക് കത്ത്
ആരെക്കുറിച്ചും എന്തിനെക്കുറിച്ചും അഭിപ്രായം പറഞ്ഞോളൂ, വിമർശിച്ചോളൂ; പക്ഷേ, അതു ഞങ്ങളെക്കുറിച്ചാവരുത് എന്നാണ് സിപിഎമ്മും പോഷക സംഘടനകളും ഈ നാടിനെയും നാട്ടുകാരെയും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്. അഭിപ്രായ - ആവിഷ്‌കാരസ്വാതന്ത്യ്രങ്ങളുടെ സംരക്ഷണം മൊത്തമായി ഏറ്റെടുത്തിരിക്കുകയാണെന്നു ഭാവിക്കുന്നവർ ആ ഉത്തരവാദിത്തം‘നന്നായി’ നിറവേറ്റുന്നുണ്ടെന്നതിനു പുതിയ തെളിവാണ് ഒരു പാട്ടിനോടു കാണിക്കുന്ന അസഹിഷ്ണുത. ശബരിമല സ്വർണക്കൊള്ള അടിസ്ഥാനമാക്കിയുള്ള ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തിഗാനത്തെ അവഹേളിക്കുന്നതാണെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തത് സർക്കാരിന്റെ ഇരട്ടത്താപ്പിനുള്ള വാഴ്ത്തുപാട്ടായി.
Also Read പട തോറ്റതിന് പാരഡിയോടോ?
കേസെടുക്കുക മാത്രമല്ല, ഇക്കാര്യത്തിൽ സാധ്യമായവിധത്തിലൊക്കെ നടപടികൾ കടുപ്പിക്കാൻകൂടിയാണു സർക്കാരിന്റെ നീക്കമെന്നുവേണം കരുതാൻ. പാരഡിപ്പാട്ടിന്റെ വിഡിയോ വൈറലായശേഷം തിരഞ്ഞെടുപ്പുകാലത്ത് ഇതു വ്യാപകമായി ഉപയോഗിക്കപ്പെട്ടത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഏൽക്കേണ്ടിവന്ന കനത്ത പരാജയം ഈ പാട്ടിനോടുള്ള അസഹിഷ്ണുതയായി മാറുകയാണെന്നു മനസ്സിലാക്കാൻ രാഷ്ട്രീയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. പാർട്ടി നേതാക്കളടക്കം അറസ്റ്റിലായ ശബരിമല സ്വർണക്കൊള്ളക്കേസ് ജനങ്ങളുടെ മുന്നിൽ സിപിഎമ്മിനെ നാണംകെടുത്തിയതുകൂടി ജനവിധിയിൽ പ്രതിഫലിച്ചതായാണു വിലയിരുത്തൽ. ഗാനം 3 മാസം മുൻപേ ഉള്ളതാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെയുള്ള സർഗാത്മക പ്രതിഷേധമായി ഈ പാട്ടിനെ കാണണമെന്നാണ് ഒരു വാദം. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ വേഗത്തിൽ സഞ്ചരിക്കുന്നതിനെ കളിയാക്കി സിപിഎം ഇതേ അയ്യപ്പഭക്തിഗാനത്തിന്റെ പാരഡി ഇറക്കിയിട്ടുണ്ടെന്നും സിപിഎമ്മിന്റെ ചാനലിൽ അറിയപ്പെടുന്ന രണ്ടുപേരെക്കൊണ്ടു പാടിച്ചിട്ടുമുണ്ടെന്നുമൊക്കെ ഓർമിപ്പിക്കുന്ന പ്രതിപക്ഷം ഇങ്ങനെയും ചോദിക്കുന്നു: ‘സ്വർണം കട്ടവരെക്കുറിച്ചു പാരഡി പാടില്ല എന്നാണോ?’ മതവികാരവും വർഗീയതയും ഈ സംഭവത്തിൽ കുത്തിപ്പൊക്കാനാണ് സർക്കാരിന്റെ ശ്രമമെന്നുകൂടി ആരോപിക്കപ്പെടുമ്പോൾ ഇതിനു ഗൗരവം കൂടുന്നു. ‘എന്നെക്കണ്ടാൽ സ്വർണം കട്ടെന്നു തോന്നുമോ’ എന്നു ചോദിക്കുന്നതുപോലെയല്ലേ പാരഡിപ്പാട്ടിനെതിരെയുള്ള സർക്കാർ നടപടികൾ?
Also Read പാരഡിപ്പാട്ട്: നടപടി തേടി സിപിഎം; തിടുക്കം കാട്ടാതെ പൊലീസ്
ജനാധിപത്യത്തോടൊപ്പം എന്നും സഹയാത്ര ചെയ്യേണ്ട അഭിപ്രായസ്വാതന്ത്ര്യത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ദുർബലമാക്കാനുള്ള ഇത്തരം ശ്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹത്തിന്റെ നിരന്തരജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്നുകൂടി ഈ സംഭവം ഓർമിപ്പിക്കുന്നു. ജനാധിപത്യത്തിനുവേണ്ടിയും ഫാഷിസത്തിനെതിരെയുമാണ് പടവെട്ടലെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പാർട്ടിക്ക് എതിർസ്വരങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന മറ്റേതെങ്കിലും പാർട്ടിയെ കുറ്റപ്പെടുത്താൻ ഇനിയെങ്ങനെയാണ് കഴിയുക?
Also Read അന്ന് കരുണാകരനെ കളിയാക്കാൻ ‘മന്ത്രിയേ പയ്യെപ്പോ’; ശബരിമല യുവതീപ്രവേശ സമയത്ത് പാരഡിയുമായി ബിജെപിയും
ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ കാരണഭൂതർ തങ്ങളാണെന്ന് അവകാശപ്പെടാറുള്ള പാർട്ടി എല്ലായ്പ്പോഴും അങ്ങനെയല്ലെന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ ഇതിനകം കേരളം കണ്ടുകഴിഞ്ഞു. അധികാരവും ധാർഷ്ട്യവും അസഹിഷ്‌ണുതയും കൂടിച്ചേർന്ന ആ മനോഭാവത്തിന്റെ മറ്റൊരു മറനീക്കലായിവേണം പാരഡിപ്പാട്ടിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തെ കാണാൻ. English Summary:
A Parody of Power: Freedom of expression is at the core of this controversy. The article discusses the Kerala government\“s actions against a parody song and raises questions about freedom of expression. It highlights the perceived hypocrisy of the ruling party in handling criticism.