മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരമുള്ള വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിനെതിരെ പാർലമെന്റിലും പുറത്തുമായി ഉയരുന്ന പ്രതിഷേധത്തിൽ പ്രഖ്യാപിക്കപ്പെടുന്നത് ഇതാണ്: മഹാത്മജിയുടെ പേരു മാത്രമല്ല ഈ പദ്ധതിയിൽനിന്നൊഴിവാക്കിയത്, ഗ്രാമീണ ജനതയുടെ സ്വയംപര്യാപ്തതയ്ക്കും ആത്മവിശ്വാസത്തിനുംവേണ്ടി രാഷ്ട്രപിതാവ് കണ്ട സ്വപ്നങ്ങൾകൂടിയാണ്.
ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ സങ്കൽപത്തിന്റെ സാക്ഷാത്കാരമായ തൊഴിലുറപ്പു പദ്ധതി ആ മഹനീയ ആശയങ്ങൾ അരിഞ്ഞുമാറ്റപ്പെട്ട് മറ്റൊന്നായി മാറുന്നുവെന്ന് പുതിയ പദ്ധതിയെ എതിർക്കുന്നവർ ആരോപിക്കുന്നു. ദാരിദ്ര്യനിർമാർജനത്തിലും സ്ത്രീശാക്തീകരണത്തിലും ഗ്രാമീണമേഖലയുടെ ഉന്നമനത്തിലുമടക്കം ശ്രദ്ധേയ മുദ്രകൾ പതിക്കാൻ സാധിച്ച പദ്ധതിയാണു വലിയ പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. പാവപ്പെട്ട ജനങ്ങളുടെ, വിശേഷിച്ച് വരുമാനമേതുമില്ലാത്ത സ്ത്രീകളുടെ, ആശ്രയമായിരുന്നു തൊഴിലുറപ്പു പദ്ധതി. സാമൂഹികവും പാരിസ്ഥിതികവുമായ സുസ്ഥിരതയ്ക്ക് ഉതകുന്ന എത്രയോ പ്രവർത്തനങ്ങൾ ഗ്രാമീണമേഖലകളിൽ സാധ്യമാക്കിയിരുന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ വിപുലപ്പെടുത്തുന്നതിനുപകരം ചുരുക്കാനാണു കേന്ദ്ര തീരുമാനമെങ്കിൽ അത് അപലപനീയമാണ്.
കേരളത്തിൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ഒട്ടേറെപ്പേരുടെ വരുമാനമാർഗത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാകും പുതിയ നിയമമെന്ന് ആരോപിക്കപ്പെടുന്നു. ഇവിടെ 22 ലക്ഷം പേരാണു പദ്ധതിയിലുള്ളത്. ബഹുഭൂരിപക്ഷവും സ്ത്രീകൾ. സാമ്പത്തിക ഞെരുക്കമുണ്ടാകുകയും പദ്ധതിയുടെ ചുവടു പിഴയ്ക്കുകയും ചെയ്താൽ നല്ലൊരു ശതമാനം ആളുകൾ പദ്ധതിക്കു പുറത്താകുമെന്നാണ് ആശങ്ക. 70 വയസ്സിനു മുകളിലുള്ളവരടക്കം പ്രായമായ ഒട്ടേറെപ്പേരും ഗുണഭോക്താക്കളായുണ്ട്. കേരളത്തിലെ കുടുംബശ്രീ പദ്ധതിയെ തൊഴിലുറപ്പു പദ്ധതി ശാക്തീകരിച്ചതും ഓർമിക്കേണ്ടതുണ്ട്.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
തൊഴിൽദിനങ്ങൾ 100 ആയിരുന്നത് പുതിയ പദ്ധതിയിൽ 125 ആക്കി കൂട്ടുമെന്ന പ്രഖ്യാപനം നല്ലതു തന്നെ. എന്നാൽ, തൊഴിൽദിനങ്ങൾ നൂറുദിവസമെങ്കിലും എത്തുമോ, വേതനത്തിൽ കാലത്തിനൊത്ത വർധനയുണ്ടാകുമോ തുടങ്ങി ഗ്രാമീണജനതയെ ആശങ്കയിലാക്കുന്ന ചോദ്യങ്ങൾ കൂടി ബാക്കിവച്ചാണ് കേന്ദ്രം ബിൽ തയാറാക്കിയിരിക്കുന്നത്. കാർഷിക സീസണിൽ 60 ദിവസംവരെ തൊഴിലുറപ്പുജോലി പാടില്ലെന്ന നിബന്ധന തൊഴിൽദിനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നതിലുമുണ്ട് ആശങ്ക.
കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ചെലവു വഹിക്കണമെന്ന വ്യവസ്ഥ പദ്ധതിയുടെ നടപ്പുരീതികളെയാകെ തകിടം മറിക്കുന്നു. ഇതുവരെ വേതനച്ചെലവു കേന്ദ്രം വഹിക്കുകയാണു ചെയ്തത്. പുതിയ ബില്ലിലൂടെ വേതനമടക്കം പദ്ധതിയുടെ ആകെ ചെലവിന്റെ 40% തുക സംസ്ഥാനവിഹിതമാക്കി മാറ്റിയിരിക്കുകയാണ്. നിലവിൽ 4000 കോടിയിലേറെ രൂപയാണ് പദ്ധതിയിലൂടെ കേരളത്തിനു ലഭിച്ചിരുന്ന വാർഷിക വിഹിതമെങ്കിൽ ഇനി അതിൽ 1600 കോടിയോളം സംസ്ഥാനം വഹിക്കേണ്ടിവരുമെന്നർഥം. കേരളത്തിന്റെ സാമ്പത്തികസ്ഥിതി കൂടി പരിഗണിക്കുമ്പോൾ ഇതു ബാധ്യതയും വെല്ലുവിളിയുമാണെന്നതിൽ സംശയമില്ല.
കേന്ദ്രം ഉപാധികളോടെയാകും ഇനി ഫണ്ട് അനുവദിക്കുക. അതിലേറെ ചെലവായാൽ അതു പൂർണമായും സംസ്ഥാനം വഹിക്കേണ്ടിവന്നേക്കാമെന്നതു മറ്റൊരു ആശങ്ക. വേതനം വൈകിയാൽ നഷ്ടപരിഹാരത്തിനും തൊഴിൽ ഇല്ലെങ്കിൽ അലവൻസിനുമുള്ള ചെലവ് പൂർണമായി വഹിക്കേണ്ടതും സംസ്ഥാനം തന്നെയാവും. പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം തടഞ്ഞ പശ്ചാത്തലത്തിൽ വിലയിരുത്തിയാൽ സമാന സാഹചര്യമാവും തൊഴിലുറപ്പിലേക്കും വരുന്നത്.
ഗാന്ധിയൻ ആശയങ്ങളും പാവപ്പെട്ടവരുടെ അവകാശങ്ങളും പുതിയ പദ്ധതിയിലൂടെ ചോദ്യം ചെയ്യപ്പെടുമ്പോൾ അതു കേന്ദ്ര സർക്കാർ ചെവിക്കൊള്ളുന്ന മട്ടില്ല. ബിൽ പിൻവലിക്കുകയോ സ്ഥിരം സമിതിക്കു വിടുകയോ ചെയ്യണമെന്ന് കോൺഗ്രസ് അടക്കം മിക്ക പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടത് അംഗീകരിക്കപ്പെട്ടതുമില്ല. ഇത്രയും പ്രത്യാഘാതങ്ങളുള്ളൊരു പദ്ധതി, വ്യാപകമായ എതിർപ്പുകൾ വകവയ്ക്കാതെ യാഥാർഥ്യമാക്കാനാണു കേന്ദ്ര തീരുമാനമെങ്കിൽ അത് അന്തിമമായി ജനദ്രോഹമാവുമെന്നു തീർച്ച. English Summary:
Gandhi\“s Name Gone, Job Guarantee Weakened: The New VB-G RAM G Scheme Explained |