കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം യാഥാർഥ്യമാക്കിയതിന്‍റെ സന്തോഷത്തിലാണ് നടി എസ്തർ അനിൽ. ലോകത്തിലെ തന്നെ മനോഹരമായ കാഴ്ചകളിലൊന്നായ നോർത്തേൺ ലൈറ്റ്‌സ് അഥവാ അറോറ ബോറിയാലിസ് കാണാനാണ് എസ്തർ യൂറോപ്പിലെ ലാപ്‌ലാൻഡിലേക്ക് ഒറ്റയ്ക്ക് യാത്ര പോയത്. മഞ്ഞുമൂടിയ ആ രാത്രിയിലെ മാന്ത്രിക കാഴ്ചകളെക്കുറിച്ച് എസ്തർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. Utsjoki, Lapland. Image Credit: estheranil/instagram
ജീവിതം ഒരു അത്ഭുതമാണ്
2025 ഡിസംബർ 10 ന് കണ്ട ആകാശക്കാഴ്ചയെക്കുറിച്ച് എസ്തർ പങ്കുവച്ചത് ഇങ്ങനെ: “ഈ ആകാശത്തിന് താഴെ നിന്നപ്പോൾ, ജീവിതം എത്ര ചെറുതും അതേസമയം എത്ര അദ്ഭുതകരവുമാണെന്ന് വീണ്ടും ഓർത്തുപോയി. ഈ ലോകത്ത് എല്ലാവർക്കും പരസ്പരം കൂടുതൽ ദയയും സ്നേഹവും നൽകാൻ കഴിഞ്ഞെങ്കിൽ, നമുക്ക് ഈ ഭൂമിയില്‍ ലഭിച്ച ഈ കുറഞ്ഞ സമയം എത്ര മനോഹരമാക്കാൻ സാധിക്കുമായിരുന്നു. എല്ലാത്തിനെയും സംശയത്തോടെ നോക്കിക്കാണുന്ന ഈ ലോകത്ത് ഇത് കേൾക്കുമ്പോൾ ചുമ്മാ പ്രസംഗിക്കുന്ന പോലെ തോന്നാം. പക്ഷേ, ചില സത്യങ്ങൾ നമ്മൾ മറന്നുപോകുന്നു, ഇത് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നതാണ്.“ Utsjoki, Lapland. Image Credit: estheranil/instagram
17 വയസ്സിൽ മനസ്സിൽ സൂക്ഷിച്ച സ്വപ്നം
പതിനേഴാം വയസ്സിൽ മനസ്സിൽ കയറിക്കൂടിയ ഒരു സ്വപ്നമായിരുന്നു എസ്തറിന് അറോറ എന്ന കാഴ്ച. “വർഷങ്ങളായി ഞാൻ ഈ സ്വപ്നം ഉള്ളിൽ കൊണ്ടുനടന്നു. ആദ്യ ദിവസം തന്നെ അറോറ കാണാനുള്ള ശ്രമം നിർത്തിവയ്ക്കേണ്ടി വന്നപ്പോൾ സങ്കടമായി. എന്നാൽ അടുത്ത ദിവസം ലൂയിസ് മെസ്സേജ് അയച്ചു, ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിവരും എങ്കിലും പോകാം എന്ന്! ഫിൻലാൻഡിൽ നിന്ന് നോർവീജിയൻ അതിർത്തിയിലേക്ക് മഞ്ഞുമൂടിയ റോഡുകളിലൂടെ 12 മണിക്കൂർ നീണ്ട യാത്ര. വിരലുകൾ തണുത്തുറഞ്ഞു, പക്ഷേ മനസ്സിൽ നിറയെ പ്രതീക്ഷയുണ്ടായിരുന്നു.“ Utsjoki, Lapland. Image Credit: estheranil/instagram
അപ്പോഴാണ് പ്രപഞ്ചം ഒരു മന്ത്രം പോലെ ആകാശം തുറന്നുതന്നത്. നീ ഇതിന് അർഹയാണെന്ന് പ്രപഞ്ചം മന്ത്രിച്ചപോലെ, നോർത്തേൺ ലൈറ്റ്‌സ് ഞങ്ങളെ തിരഞ്ഞെടുത്തു,“ എസ്തർ കുറിച്ചു. Utsjoki, Lapland. Image Credit: estheranil/instagram
സ്വപ്നങ്ങൾ മരിക്കുമ്പോൾ നമ്മളും മരിക്കും
ലോകത്തിന്‍റെ മറ്റൊരു കോണിലേക്ക്, എങ്ങുമല്ലാത്ത ഒരിടത്തേക്ക്, താൻ എന്നും ആഗ്രഹിച്ച ഒരദ്ഭുതം കാണാൻ ഒറ്റയ്ക്ക് യാത്ര തിരിച്ചപ്പോൾ തന്‍റെ അച്ഛനായിരിക്കും ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുണ്ടാകുമെന്ന് എസ്തർ വിശ്വസിക്കുന്നു. കുട്ടിയായിരിക്കുമ്പോൾ അച്ഛൻ തങ്ങളോട് എപ്പോഴും പറഞ്ഞിരുന്ന ഒരു വാചകമുണ്ട്: “നിങ്ങളുടെ സ്വപ്നങ്ങൾ മരിക്കുമ്പോൾ, നിങ്ങളും മരിക്കും.”
ആ സുവർണ നിമിഷങ്ങളെക്കുറിച്ച് എസ്തർ പങ്കുവച്ചത് ഇങ്ങനെ: “ജീവിതം ഒരു സമ്മാനമാണ്. ജീവനോടെ, ബോധത്തോടെ, വികാരങ്ങളോടെ ഇരിക്കുക എന്നത് അവിശ്വസനീയമാംവിധം അപൂർവമാണ്. ഈ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ ഈ ഒരൊറ്റ വാചകമേ ഓർമ വരുന്നുള്ളൂ: \“നമ്മൾ നിലനിൽക്കുന്നു എന്നത് പോലും എത്ര അപൂർവവും മനോഹരവുമാണ് എന്നത്.“ എസ്തര്‍ പറയുന്നു.
ക്രിസ്മസ് അപ്പൂപ്പന്‍റെ നാട്ടിലെ കാഴ്ചകള്‍
യൂറോപ്പിന്‍റെ വടക്കേ അറ്റത്തായി, ഫിൻലാൻഡ്, സ്വീഡൻ, നോർവേ, റഷ്യ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശമാണ് ലാപ്‌ലാൻഡ്. ലോകത്തിലെ ഏറ്റവും മനോഹരമായ മഞ്ഞുകാല വിസ്മയങ്ങളുടെ നാടാണ് ഇവിടം. സാന്‍റാക്ലോസിന്‍റെ ഔദ്യോഗിക വസതി എന്ന നിലയിൽ ലോകമെമ്പാടും പ്രശസ്തമായ റോവാനീമിയാണ് ലാപ്‌ലാൻഡിന്‍റെ തലസ്ഥാനം.
നോർത്തേൺ ലൈറ്റ്‌സ് അഥവാ അറോറ ബോറിയാലിസ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ, വ്യക്തമായ ആകാശമുള്ള തണുപ്പുള്ള രാത്രികളിൽ ഈ വർണവിസ്മയം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും.
മഞ്ഞിലൂടെ റെയിൻഡിയർ വലിക്കുന്ന സ്ലെഡ് യാത്രയായ റെയിൻഡിയർ സഫാരി, ഹസ്കി സഫാരി, അതുപോലെ മഞ്ഞിലൂടെയുള്ള സ്നോമൊബൈൽ യാത്രകൾ എന്നിവ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരനുഭവമാണ്.ഇവിടുത്തെ പരമ്പരാഗത നിവാസികളായ സാമി ജനതയുടെ ജീവിതശൈലി അടുത്തറിയാനുള്ള അവസരവും സഞ്ചാരികൾക്ക് ലഭിക്കും. മഞ്ഞിൽ തീർത്ത ഐസ് ഹോട്ടലുകളും മരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മഞ്ഞിന്‍റെ കാഴ്ചകളുമെല്ലാം ലാപ്‌ലാൻഡിനെ ഒരു സ്വപ്നഭൂമിയാക്കി മാറ്റുന്നു.
നോർത്തേൺ ലൈറ്റ്‌സ് കാണാൻ ലോകത്തിലെ മികച്ച ഇടങ്ങൾ
ഭൂമിയുടെ ഉത്തരധ്രുവത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളാണ് അറോറ ബോറിയാലിസ് അഥവാ നോർത്തേൺ ലൈറ്റ്‌സ് കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ. നോർവേയിലെ ട്രോംസോ, സ്വാൽബാർഡ് പ്രദേശങ്ങളാണ് ഇതില്‍ ഏറ്റവും പ്രശസ്തം. ഈ കാഴ്ച കാണാന്‍, ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന സ്ഥലമാണ് ഐസ്‌ലാൻഡ്. അതേപോലെ, കാനഡയിലെ യൂക്കോൺ, യെല്ലോനൈഫ് തുടങ്ങിയ സ്ഥലങ്ങളും അമേരിക്കയിലെ അലാസ്കയിലെ ചില ഭാഗങ്ങളും ഫിൻലാൻഡിലെ ലാപ്‌ലാൻഡ്, സ്വീഡനിലെ അബിസ്കോ എന്നിവയുമെല്ലാം നോർത്തേൺ ലൈറ്റ്‌സ് കാണാന്‍ പറ്റുന്ന സ്ഥലങ്ങളാണ്.
സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് സാധാരണയായി അറോറ കാണാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ മാസങ്ങളിൽ ഉത്തര ധ്രുവപ്രദേശങ്ങളിൽ രാത്രി സമയം കൂടുതലും ആകാശം ഇരുണ്ടതുമായിരിക്കും. അറോറ പകലും ഉണ്ടാകുമെങ്കിലും പ്രകാശമുള്ളതുകൊണ്ട് കാണാൻ സാധിക്കില്ല.
ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പ് വളരെ കൂടുതലായിരിക്കുമെങ്കിലും, ഈ സമയത്താണ് ഏറ്റവും നല്ല കാഴ്ച ലഭിക്കാൻ സാധ്യതയുള്ളത്. എങ്കിലും, എപ്പോഴാണ് ഇത് ദൃശ്യമാവുക എന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. ആകാശം മേഘമില്ലാത്തതും ഇരുണ്ടതും ആയിരിക്കണം. രാത്രി 10 മണിക്കും പുലർച്ചെ 3 മണിക്കും ഇടയിലാണ് അറോറ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സമയം. English Summary:
Esther Anil\“s Lapland trip to see the Northern Lights fulfilled a long-held dream. She shared her inspiring experience of witnessing the Aurora Borealis and reflecting on the beauty and wonder of life. |