തിരുവനന്തപുരം ∙ പുതിയ എകെജി സെന്ററിലേക്കു സിപിഎം സംസ്ഥാന ആസ്ഥാനം മാറിയശേഷം ആദ്യമായാണു സംസ്ഥാനതലത്തിൽ ഒരു തിരഞ്ഞെടുപ്പുണ്ടായത്. അവിടെ ഇന്നലെ ആഹ്ലാദത്തിന്റെ പൂത്തിരികളൊന്നും കത്തിയില്ല. ആളും അനക്കവും നന്നേ കുറവ്.
Also Read പിജെ എന്നും യുഡിഎഫിന്റെ പവർ സ്റ്റേഷൻ; നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചുവരവിന് വഴിയൊരുക്കി കേരള കോൺഗ്രസ് ജയം
ആദ്യ ഫലസൂചനകൾ വന്നുതുടങ്ങിയശേഷം രാവിലെ ഒൻപതോടെയാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഓഫിസിലെത്തിയത്. പതിവായി പിൻവശത്തു കാറിറങ്ങി മുറിയിലേക്കു കയറിപ്പോകാറുള്ള ഗോവിന്ദൻ ഇന്നലെയും പതിവു തെറ്റിച്ചില്ല. തിരഞ്ഞെടുപ്പു ഫലം എം.വി.ഗോവിന്ദൻ ടിവിയിൽ വീക്ഷിക്കുന്ന ചിത്രം പകർത്താനായി മാധ്യമങ്ങൾ കാത്തുനിന്നെങ്കിലും ഫലപ്രഖ്യാപനത്തിനുശേഷം പ്രതികരിക്കുമെന്ന അറിയിപ്പുണ്ടായി.
എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഒൻപതരയോടെയെത്തി. മാധ്യമങ്ങൾ ചോദ്യങ്ങളുമായി സമീപിച്ചെങ്കിലും ഫലം വരട്ടെയെന്നു പ്രതികരിച്ച് ഓഫിസിലേക്ക്. പിന്നീട് ആദ്യമെത്തി മാധ്യമങ്ങളെ കണ്ടതും എൽഡിഎഫ് കൺവീനറായിരുന്നു. തിരുവനന്തപുരം കോർപറേഷൻ എൻഡിഎ പിടിച്ചതിന്റെ നിരാശ പ്രതികരണത്തിൽ നിഴലിച്ചു. അവയ്‌ലബിൾ സെക്രട്ടേറിയറ്റ് ചേർന്നു തിരഞ്ഞെടുപ്പുഫലം പ്രാഥമികമായി വിലയിരുത്തിയശേഷമാണ് എം.വി.ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്. അപ്രതീക്ഷിത തിരിച്ചടി അംഗീകരിച്ചെന്ന ആമുഖത്തോടെയാണു പാർട്ടി സെക്രട്ടറി തുടങ്ങിയത്. എന്നാൽ 2010ലെ തിരിച്ചടിയുടെ അത്രയും വലുതല്ല നേരിട്ടതെന്നും അത്രയും തിരിച്ചടിയുണ്ടായിട്ടും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 68 സീറ്റ് പിടിച്ചല്ലോ എന്നും സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ ശരീരഭാഷയിലാകെ നിരാശ നിഴലിച്ചിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പു മാത്രമാണു പുതിയ എകെജി സെന്ററിലിരുന്ന് ഇതിനു മുൻപു സിപിഎം നേരിട്ടത്.
മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
അതേസമയം, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ കാട്ടായിക്കോണം ശ്രീധർ സ്മാരകത്തിൽ കുറെക്കൂടി ആളനക്കമുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി രാവിലെ മുതൽ ഓഫിസിലുണ്ടായിരുന്നു. അധികം വൈകാതെ മന്ത്രി വി.ശിവൻകുട്ടിയുമെത്തി. ഇരുവരും ഫലസൂചനകളിൽ കണ്ണു നട്ടപ്പോൾ താഴത്തെ നിലയിലെ ലൈബ്രറി മുറിയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഒറ്റയ്ക്കിരുന്നു. കഴക്കൂട്ടം മേഖലയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കോർപറേഷൻ തിരഞ്ഞെടുപ്പിൽ പല ആക്ഷേപങ്ങളും കേട്ടിരുന്നു കടകംപള്ളി. അതിന്റെ ‘ടെൻഷൻ’ മുഖത്തുണ്ടായിരുന്നു. ഫോണിൽ ഓരോ വാർഡിലെയും നേതാക്കളെ ബന്ധപ്പെട്ട് ‘ജയിച്ചോ’ എന്ന അന്വേഷണവും നടത്തി.
കോർപറേഷനിൽ തുടക്കം മുതൽ എൻഡിഎ ലീഡ് നിലനിർത്തുന്നതു തൊട്ടപ്പുറത്തു പാർട്ടി ചാനലിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു. ‘കഴിഞ്ഞതവണയും ഇങ്ങനെയായിരുന്നോ, ലീഡ് തിരിച്ചു പിടിക്കില്ലേ’ എന്ന ചോദ്യത്തിന്, കഴിഞ്ഞതവണത്തെ ട്രെൻഡ് കാര്യമായി ഫോളോ ചെയ്തിരുന്നില്ലെന്ന മറുപടി. പാർട്ടി പിന്നാക്കം പോകുന്നതിന്റെ വൈഷമ്യം മുഖത്തുനിന്നു വായിച്ചെടുക്കാനായി.
മേയർ ആര്യ രാജേന്ദ്രൻ ജില്ലാ കമ്മിറ്റി ഓഫിസിലെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. മേയർ എത്തുമോ എന്ന ചോദ്യത്തിന് പ്രവർത്തകരാരും കൃത്യമായി മറുപടി നൽകിയില്ല. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തിരുവനന്തപുരം കോർപറേഷനിലാണ് ഇനി തങ്ങളുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുകയെന്നതിന്റെ അമ്പരപ്പ് പ്രവർത്തകരിൽ നിഴലിച്ചുകണ്ടു. English Summary:
Shock and Silence: Inside AKG Centre After CPI(M)\“s Election Setback