മലപ്പുറം∙ പൊന്നാനി പോത്തന്നൂർ സ്വദേശി മൂച്ചിക്കൽ ഇർഷാദിനെ(39) കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ പൊളിഞ്ഞത് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ സാമ്രാജ്യം. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് ഇൻസ്പെക്ടർ എസ്.അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് ഇയാളെ പിടികൂടിയത്. ഇർഷാദ് നടത്തി വരുന്ന പൊന്നാനിയിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ കൊറിയർ വഴി വിതരണത്തിനായി എത്തിയ സംസഥാനത്തിനു പുറത്തുള്ള വിവിധ യുണിവേഴ്സിറ്റികളുടെ 100 ഓളം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് ു ഇർഷാദിനെയും വിതരണത്തിനായി സഹായങ്ങൾ നൽകിയ പുറത്തൂർ നമ്പ്യാരത്ത് വീട്ടിൽ രാഹുൽ (30), തിരൂർ സ്വദേശി നിസ്സാർ (31) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
മാർക്ക് ലിസ്റ്റുകൾ, കോൺടാക്ട് സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, വിവിധ പ്രൊഫഷണൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ, റെക്കമെന്റേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്ത്. ഈ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നെടുമങ്ങാട് മണകോട് സ്വദേശിയായ ജസീം ആണ് സർട്ടിഫിക്കറ്റുകൾ എത്തിച്ചു തരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചത്. ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം മനസ്സിലാക്കിയ ജസീം കോട്ടയം, തെങ്കാശി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും തുടർന്ന് ബാംഗ്ലൂരിലേക്ക് കടക്കുകയും ചെയ്‌തിരുന്നു. വിപുലമായ അന്വേഷണങ്ങൾക്ക് ശേഷം ബാംഗ്ലൂരിലെ ഒളിസങ്കേതത്തിൽ നിന്നും പൊന്നാനി പോലീസ് ജസീമിനെ പിടികൂടി. ചോദ്യം ചെയ്തതിൽ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നത് സംഘത്തലവനായ ഡാനി എന്നയാൾ ആണ് എന്ന സൂചന ലഭിച്ചു. എന്നാൽ തന്നിലേക്ക് അന്വേഷണം എത്താതിരിക്കാൻ വേണ്ടി ഡാനി ആർക്കും തന്റെ യഥാർത്ഥ ചിത്രമോ മെൽവിലാസമോ നൽകിയിരുന്നില്ല,
മറ്റു പ്രതികളിൽ നിന്നും ഡാനി മലയാളിയാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും എത്തി കൊറിയർ സർവീസുകളും ബാങ്ക് അകൗണ്ടുകളും ദിവസങ്ങളോളം നിരീക്ഷിച്ചതിൽ തമിഴ്നാട് പൊള്ളാച്ചിയിൽ വീടു വാടകയ്ക്ക് എടുത്ത് തമിഴ്‌നാട് സ്വദേശികളായ ആളുകളെ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റിങ് പ്രസ് നടത്തുന്ന വിവരം പോലീസ് കണ്ടെത്തി. പോലീസ് പ്രസ്സിൽ റെയ്ഡ് ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ പ്രിന്റിങ് നടക്കുകയായിരുന്നു.
പൊള്ളാച്ചിയിലെ വാടക വീട് റെയ്ഡ് ചെയ്തതിൽ നിന്നും കെട്ടുകണക്കിന് മാർക്ക് ലിസ്റ്റുകൾ സർട്ടിഫിക്കറ്റുകൾ എന്നിവ പ്രിൻ്റ് ചെയ്തു വിപണിയിലേക്ക് നൽകാനായി തയ്യാറാക്കി വച്ചത് പോലീസ് പിടിച്ചെടുത്തു. ഒരു ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാനുള്ള വിവിധ യൂണിവേഴ്സിറ്റികളുടേ മുദ്രയോട് കൂടിയ സർട്ടിഫിക്കറ്റ് പേപ്പറുകളും വിവിധ യൂണിവേഴ്സിറ്റികളുടെ ഹോളോഗ്രാം സീലുകളും വൈസ് ചാൻസിലർ സീലുകളും അത്യാധുനിക രീതിയിൽ ഉള്ള കമ്പ്യൂട്ടറുകളും പ്രിന്ററും പോലീസ് റെയ്ഡിൽ പിടിച്ചു.
പ്രസ്സിലെ തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഡാനി എന്ന വ്യാജ പേരിൽ അറിയപ്പെടുന്നത് മലപ്പുറം ജില്ലയിലെ തിരൂർ മീനടത്തൂർ സ്വദേശി നെല്ലിക്കതറയിൽ ധനീഷ് (37) എന്നയാളാണ് എന്ന് പൊലീസിന് സൂചന ലഭിച്ചത്. ധനീഷ് 2013 ൽ വ്യാജ സർട്ടിഫിക്കറ്റുമായി പിടിയിലായയാൾ ആണ്. പ്രതി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഡാനി എന്ന അപര നാമം ഉപയോഗിച്ച് ഏജൻ്റുമാർക്ക് തന്നെ തിരിച്ചറിയാത്ത വിധത്തിൽ മാഫിയ സംഘത്തെ നിയന്ത്രിച്ച് വരികയായിരുന്നു. പ്രതി തിരൂരിൽ കോടികളുടെ ആഡംബര വീടും പൂനയിൽ 2 ഫൈവ് സ്റ്റാർ ബാറുകളും അപ്പാർട്ട്മെൻ്റുകളും വിദേശത്ത് ഗൾഫിൽ അപ്പാർട്ട്മേറ്റുകളും കോടികളുടെ ബിസിനസ്സ് സ്ഥാപനവും ഉൾപടെ കോടികളുടെ ഇടപാടുകളും സ്വന്തമാക്കി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.
അന്വേഷണം തന്നിലേക്ക് എത്തുന്നത് മനസ്സിലാക്കി കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ധനീഷിനെ എയർപോർട്ടിൽ പോലീസ് സംഘം നിരീക്ഷിക്കുന്നത് മനസ്സിലാക്കി, കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ കുന്ദമംഗലം പൊലീസിന്റെ സഹായത്തോടെ അതി സാഹസികമായി പിടികൂടുകയായിരുന്നു.
പ്രിന്റിങ് പ്രസ്സിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണം നടത്തിയിരുന്ന തമിഴ്നാട് ശിവകാശി സ്വദേശികളായ ജൈനുൽ ആബിദ്ദീൻ (40), അരവിന്ദ് (24), വെങ്കിടേഷ് (24) എന്നിവരെയും അറസ്റ്റ് ചെയ്തു. ധനീഷ് ഏജന്റുമാർ മുഖേന വിദേശത്തും സ്വദേശത്തുമായി നിരവധി ആളുകൾക്ക് 75000 മുതൽ ഒന്നര ലക്ഷം രൂപ വരെ കൈപ്പറ്റിയാണ് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ മുദ്രകളോട് കൂടിയ വ്യാജ സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് കൊറിയർ വഴി എത്തിച്ച് നൽകിയിരുന്നത്.
ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ സർവീസുകളിലോ പ്രൊമോഷൻ തസ്തികകളിലൊ ആരെങ്കിലും കയറിയിട്ടുണ്ടോയെന്ന് പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്പി എ.ജെ. ജോൺസൺ, പൊന്നാനി പൊലീസ് ഇൻസ്പെക്ടർ എസ്. അഷറഫ് , എസ്ഐ മാരായ ബിബിൻ സി.വി, ആന്റോ ഫ്രാൻസിസ് , ജയപ്രകാശ്. എ.എസ്.ഐ. രാജേഷ്, ജയപ്രകാശ്, എലിസബത്ത്, നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, അഷറഫ് എം.വി. നാസർ, എസ്. പ്രശാന്ത് കുമാർ , ശ്രീജിത്ത്, സനീഷ് സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് , സൗമ്യ ,മലപ്പുറം ജില്ലാ സൈബർ സെല്ലിലെ അഫ്സൽ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഒരു മാസത്തിലധികം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ പ്രതികളെ പിടികൂടിയതും തുടർ അന്വേഷണം നടത്തുന്നതും. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ്ജയിലേക്ക് റിമാൻഡ് ചെയ്തു. English Summary:
Fake certificate racket busted by Ponani police after a month-long investigation. The investigation has led to the arrest of several individuals involved in creating and distributing fake certificates for various universities. The police are expanding their investigation to identify individuals who used these certificates to gain employment or promotions. |
|