LHC0088 • Yesterday 11:31 • views 137
ചെല്ലാനം∙ അർബുദം ബാധിച്ച വീട്ടമ്മയുടെ ചികിത്സാച്ചെലവിന് സ്വന്തം കെട്ടുതാലി സമർപ്പിച്ചു റിട്ട. നഴ്സും ഭർത്താവും. ചെല്ലാനം മറുവാക്കാട് മുണ്ടുപറമ്പിൽ വർഗീസുകുട്ടിയുടെ ഭാര്യ നിർമലയാണ് (50) വൻകുടലിൽ അർബുദം ബാധിച്ചു അത്യാസന്ന നിലയിലായത്.
സർക്കാർ ആശുപത്രി അധികൃതർ കൈവിട്ടതോടെ ഇവർ സ്വകാര്യ ആശുപത്രിയെ സമീപിച്ചു. ചികിത്സയ്ക്ക് ഏകദേശം 7 ലക്ഷത്തിലധികം രൂപ ചെലവ് വരും. പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ പകച്ചു നിന്ന നിർധന മത്സ്യത്തൊഴിലാളി കുടുംബത്തിന് മുന്നിൽ രക്ഷകരായി ചെല്ലാനം കളത്തുങ്കൽ മേഴ്സിയും ഭർത്താവ് ഗാസ്പറും എത്തി. കഴുത്തിൽ കിടന്ന മൂന്നരപ്പവൻ താലിമാല മേഴ്സി അവർക്ക് നൽകി.
മേഴ്സിയും ഗാസ്പറും ഇവരുടെ മകൻ ടോണിയും മരുമകൾ ഫിലീഷ്യയും അമേരിക്കൻ പൗരന്മാരാണ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി മേഴ്സി അമേരിക്കയിൽ നഴ്‌സായിരുന്നു. ഗാസ്പറും വൈദ്യ ശുശ്രൂഷ രംഗത്തു തന്നെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞയിടെയാണ് ഇവർ നാട്ടിലെത്തിയത്.
ബുദ്ധിമുട്ടനുഭവിക്കുന്ന പല കുടുംബങ്ങൾക്കും ദമ്പതികൾ കൈത്താങ്ങായിട്ടുണ്ട്. 2014-ൽ ഒറ്റപ്പാലം സ്വദേശിയും നഴ്‌സുമായ നിഷയുടെ വിവാഹ ആഭരണങ്ങൾ മോഷണം പോയെന്ന പത്രവാർത്ത കണ്ട് 5 പവൻ സ്വർണക്കൊന്ത ഇവർ നൽകിയിരുന്നു. വർഷങ്ങളായി വാടക കെട്ടിടത്തിൽ വേണ്ടത്ര സുരക്ഷിതത്വവും സൗകര്യവും ഇല്ലാതെ പ്രവർത്തിച്ചു വന്ന ചെല്ലാനം ബഡ്സ് സ്കൂളിനായി റോഡരികിലുള്ള ഇവരുടെ 5 സെന്റ് സ്ഥലം വിട്ടുനൽകിയിരുന്നു. English Summary:
Chellanam cancer patient help provided by a retired nurse who donated her gold necklace for the treatment expenses of a needy woman battling colon cancer. The selfless act highlights the couple\“s history of charitable contributions and support for their community. |
|