search

90-കളിലെ അതിസുന്ദരിയായ നായിക; ഭാനുപ്രിയയ്ക്ക് മറവിരോഗം; കടന്നുപോകുന്നത് അതിദാരുണാവസ്ഥയിലൂടെ

cy520520 3 hour(s) ago views 441
  

  

  

  

  

  

  

  



കേവലം 58 വയസ്സ് മാത്രം പ്രായമുളള ഒരാള്‍ മറവിരോഗത്തിന്റെ പിടിയിലാവുക.നടി ഭാനുപ്രിയ അത്തരമൊരു ദുര്യോഗത്തിലൂടെ കടന്നുപോകുന്നതായി അറിയുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് സംഭവിച്ച ഈ മാറ്റം ക്രമേണ വഷളാവുകയായിരുന്നു. തെലുങ്ക് വംശജയായ ഭാനുപ്രിയ മലയാള സിനിമയില്‍ ശ്രദ്ധാകേന്ദ്രമാകുന്നത് മോഹന്‍ലാലിനെ നായകനാക്കി ആര്‍.സുകുമാരന്‍ സംവിധാനം ചെയ്ത ‘രാജശില്‍പി’യിലൂടെയാണ്. ആ ചിത്രത്തിലെ ദുര്‍ഗ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോജിച്ച ഒരു നടിയെ തേടി സംവിധായകന്‍ ഒരുപാട് അലഞ്ഞു.

ദേവസുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന അംഗലാവണ്യമുളള ഒരു പെണ്‍കുട്ടിയെയായിരുന്നു വേണ്ടത്. തപസ്സിളക്കാന്‍ പര്യാപ്തമായ യക്ഷസൗന്ദര്യം തേടിയ സംവിധായകന് നിരാശയായിരുന്നു ഫലം. അഭിനയസിദ്ധിയുളള ധാരാളം നടികള്‍ ഉണ്ടെങ്കിലും കൊത്തിവച്ച ശില്‍പം പോലെ രൂപസൗകുമാര്യത്തിന്റെ അവസാന വാക്കായി തോന്നിക്കുന്ന ഒരാളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. മാത്രമല്ല അസ്സലായി നൃത്തം ചെയ്യാനും അറിയണം. ആ അന്വേഷണം അവസാനിച്ചത് ഭാനുപ്രിയയിലായിരുന്നു. അങ്ങനെ ‘രാജശില്‍പി’ എന്ന സിനിമയിലെ ഭാനുപ്രിയയുടെ രൂപഭാവങ്ങള്‍ സ്ത്രീസൗന്ദര്യത്തിന് പുതിയ തലം നല്‍കുന്നതായി. ലക്ഷണമൊത്ത സ്ത്രീ എന്നു പോലും വ്യാഖ്യാനിക്കപ്പെട്ടു. അസാധ്യ റേഞ്ചുളള ഒരു അഭിനേത്രി എന്നതിലേറെ വന്യസൗന്ദര്യത്തിന്റെ പേരിലാണ് അവര്‍ അറിയപ്പെട്ടത്. തീക്ഷ്ണമായ കണ്ണുകളും നോട്ടവും ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞുപോവില്ല.

ഓടി നടന്ന് അഭിനയിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല ഭാനു. നൃത്തമായിരുന്നു അവരുടെ ജീവന്‍. അതിനിടയില്‍ നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ മാത്രം ക്യാമറയ്ക്ക് മുന്നിലെത്തി. ‘രാജശില്‍പി’യിലെ വേഷത്തോട് ആഭിമുഖ്യം തോന്നാന്‍ കാരണവും നൃത്തത്തിന് പ്രാധാന്യമുളള ചിത്രം എന്ന നിലയിലായിരുന്നു. ‘രാജശില്‍പി’ റിലീസ് കാലത്തും പിന്നീടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും എന്തുകൊണ്ടോ തിയറ്ററുകളില്‍ ഹിറ്റായില്ല.   

സൂപ്പര്‍താരങ്ങളുടെ മാത്രം നായിക

പിന്നീട് ഭാനുവിനെ കാണുന്നത് മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’ലാണ്. കുട്ടിശങ്കരന്‍ എന്ന നായക കഥാപാത്രത്തില്‍ നൊസ്റ്റാള്‍ജിക്ക് ഫീലിങ് സൃഷ്ടിച്ചുകൊണ്ട് സിനിമയിലുടനീളം നിറഞ്ഞു നിന്ന  അനുരാധ എന്ന കഥാപാത്രം. ഭാനുപ്രിയയുടെ കാന്തിക സാന്നിധ്യം  പ്രയോജനപ്പെടുത്തിയ ഗാനരംഗമുണ്ടായിരുന്നു ‘അഴകിയ രാവണനി’ല്‍. പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ! ആ സിനിമയും തിയറ്ററില്‍ വിജയമായില്ലെങ്കിലും ഇന്നും ആവര്‍ത്തിച്ചു കാണപ്പെടുന്ന പടങ്ങളുടെ പട്ടികയിലെത്തി.    

പലര്‍ക്കും അന്യമായ പ്രഫഷനല്‍ എത്തിക്‌സ് പാലിച്ചിരുന്ന ഭാനുവിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇന്നും ഓർമയുണ്ട്. അനുരാധ എന്ന കഥാപാത്രത്തിനായി സംവിധായകന്‍ മനസിസ്സില്‍ കണ്ടത് ഭാനുവിനെയായിരുന്നു. എന്നാല്‍ ചില ശുപാര്‍ശകള്‍ക്ക് വഴങ്ങി കന്നട നടി മാലാശ്രീയെ കാസ്റ്റ് ചെയ്യേണ്ടി വന്നു. സെറ്റിലെത്തിയ മാലാശ്രീയുടെ അമിതവണ്ണം കഥാപാത്രത്തിന് യോജിക്കില്ലെന്നറിഞ്ഞപ്പോള്‍ പരിഭവമില്ലാതെ അവര്‍ മടങ്ങി. ഉടന്‍ തന്നെ ഭാനുപ്രിയയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്ക് നിന്നു തിരിയാന്‍ സമയമില്ല. എന്നാല്‍ ഈ പ്രോജക്ടിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഭാനു 5 ലക്ഷം പ്രതിഫലമായി ആവശ്യപ്പെട്ടു. അക്കാലത്ത് മലയാളത്തിലെ പ്രമുഖ നായികമാര്‍ പോലും വാങ്ങുന്നത് പരമാവധി 3 ലക്ഷമാണ്. ഒടുവില്‍ 4 ലക്ഷത്തിന് കരാര്‍ ഉറപ്പിച്ചു. സീനിയര്‍ ആര്‍ട്ടിസ്റ്റായ മാലാശ്രീ വന്ന് മടങ്ങിയ കാര്യമറിഞ്ഞ ഭാനുവിന് ആകെ പ്രയാസമായി. അവര്‍ ഉടന്‍ തന്നെ മാലാശ്രീയെ ഫോണില്‍ ബന്ധപ്പെട്ട് സമ്മതവും അനുഗ്രഹവും വാങ്ങിയിട്ടാണ് സെറ്റിലെത്തിയത്.  

ലെനിന്‍ രാജേന്ദ്രന്റെ ‘കുല’ത്തിലും ജയരാജിന്റെ ‘ഹൈവേ’യിലും ഭാനുപ്രിയ സുരേഷ് ഗോപിയുടെ നായികയായി. സത്യന്‍ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളാ’യിരുന്നു കമേഴ്‌സ്യല്‍ ഹിറ്റായ ഏക മലയാള സിനിമ. അതില്‍ ജയറാമായിരുന്നു നായകന്‍. അങ്ങനെ അക്കാലത്തെ നാല് സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അവര്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടു.

സൗന്ദര്യത്തിന്റെ പതിവ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന രൂപഘടനയായിരുന്നു ഭാനുപ്രിയയുടേത്. ഇരുനിറത്തിൽ രൂപലാവണ്യമുള്ള പെണ്‍കുട്ടിയായിരുന്നു അവര്‍.  വിജയശ്രീയും ശോഭനയും പോലുളളവര്‍ സൗന്ദര്യത്തികവിന്റെ മാനദണ്ഡമായി കരുതിയ മലയാളികള്‍ക്ക് ഭാനുപ്രിയ വേറിട്ടൊരു അനുഭവമായിരുന്നു. ശാലീനഭംഗിക്കൊപ്പം അംഗവടിവുകളും ഭാവഹാവാദികളും ആ കണ്ണുകളും തീക്ഷ്ണമായ നോട്ടവും പല തലമുറകളെ ഒരു പോലെ മോഹിപ്പിച്ചു. എന്നിട്ടും മലയാളത്തില്‍ തിരക്കുളള നായികയായില്ല ഭാനു. എല്ലാ കഥാപാത്രങ്ങളും അവര്‍ക്ക് യോജിച്ചതായിരുന്നില്ല. എല്ലാറ്റിനും അഭിനയിക്കാന്‍ അവര്‍ സന്നദ്ധയായിരുന്നുമില്ല.

നിഷേധിക്കപ്പെട്ട ആദ്യാവസരം

മംഗള ആനന്ദഭാനു എന്നായിരുന്നു ഔദ്യോഗിക നാമധേയം. മംഗഭാനു എന്ന ചുരുക്കപ്പേരില്‍ വിളിച്ചു പോന്നു. ആന്ധ്രയിലെ രാജമുണ്ട്‌റിക്കടുത്തുളള രംഗപേട്ടയിലായിരുന്നു ജനനം. പിന്നീട് കുടുംബം ചെന്നെയിലേക്ക് കുടിയേറി.  

മകള്‍ ഒരു കലാകാരിയാകുമെന്ന് മാതാപിതാക്കള്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. സിലോണ്‍ റേഡിയോയില്‍ പാട്ട് കേള്‍ക്കേണ്ട താമസം അതിലെ വരികള്‍ക്കൊപ്പം ചുവട് വയ്ക്കും കുഞ്ഞു ഭാനു.

ചെറുപ്പത്തില്‍ തന്നെ നൃത്തത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഭാനുപ്രിയ 7 -ാം വയസ് മുതല്‍ നൃത്തപഠനം തുടങ്ങി. കൗമാരത്തിലെത്തിയപ്പോള്‍ സ്‌കൂളിലെ ഒരു ചടങ്ങില്‍ ചീഫ് ഗസ്റ്റായി എത്തിയ നടനും സംവിധായകനുമായ ഭാഗ്യരാജ് ഭാനുപ്രിയയെ കണ്ട് ഇഷ്ടപ്പെട്ട് ‘തൂരല്‍ നിന്തു പോച്ച്’ എന്ന പടത്തിലേക്ക് നായികയായി തെരഞ്ഞെടുത്തു. ഭാഗ്യരാജ് അന്ന് തമിഴ് സിനിമയിലെ മുടിചൂടാമന്നനാണ്. അദ്ദേഹത്തിന്റെ സിനിമയിലേക്ക് പരിഗണിക്കപ്പെടാനായി വലിയ താരങ്ങള്‍ കാത്തു നില്‍ക്കുന്ന കാലം. ഉടന്‍ തന്നെ അദ്ദേഹം ഭാനുപ്രിയയുടെ ഒരു ഫോട്ടോഷൂട്ട് വച്ചു. അതില്‍ പങ്കെടുത്ത് മടങ്ങിയ ഭാനുവിന് നിരാശാജനകമായിരുന്നു അനുഭവം. ആ സിനിമയില്‍ അവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടു. ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഭാനുപ്രിയ തന്റെ കഥാപാത്രത്തിന് അനുയോജ്യയല്ലെന്നും അവര്‍ നേരില്‍ കാണുന്നതിലും ചെറുപ്പമായി ഫോട്ടോയില്‍ തോന്നുന്നുവെന്നും ഭാഗ്യരാജ് അഭിപ്രായപ്പെട്ടു. ഭാനുവിന് പകരം സുലക്ഷണ എന്ന നടി ആ റോളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.    

ഇത് ഭാനുവിനെ മാനസികമായി തളര്‍ത്തി. അഭിനയിക്കുന്നു എന്ന് പറഞ്ഞ് പോയിട്ട് ചാന്‍സില്ലാതെ തിരിച്ചു ചെല്ലൂമ്പോഴുളള നാണക്കേട് ഓര്‍ത്ത് ഇനി സ്‌കൂളിലേക്കില്ല എന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി. അമ്മ വഴക്ക് പറഞ്ഞും നിര്‍ബന്ധിച്ചും വീണ്ടും സ്‌കൂളിലേക്ക് അയച്ചു. എന്നാല്‍ നടിയാകണം എന്ന നിയോഗം ഭാനുപ്രിയയ്ക്കുളളതു കൊണ്ട് ഒരു വഴി അടഞ്ഞപ്പോള്‍ മറ്റൊരു വഴി തുറന്നു. 1983ല്‍ ‘മെല്ലെ പേസുങ്കല്‍’ എന്ന തമിഴ് ചിത്രത്തിലുടെ അവര്‍ സിനിമയില്‍ വന്നു. തൊട്ടടുത്ത വര്‍ഷം ‘സീതാര’ എന്ന തെലുങ്ക് പടത്തിലും അഭിനയിച്ചു. അത് വന്‍ഹിറ്റായതോടെ ഭാനുപ്രിയ എന്ന പേര് മുന്‍നിര താരങ്ങളുടെ പട്ടികയില്‍ എഴുതി ചേര്‍ക്കപ്പെട്ടു. ‘ദോസ്തി ദുഷ്മന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ‘സ്വര്‍ണ്ണകമലം’ എന്ന തെലുങ്ക് സിനിമ ഭാനുപ്രിയയുടെ കരിയര്‍ മാറ്റി മറിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയ സിനിമ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി.   

മികച്ച നടിക്കുളള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ്, ഇന്ത്യന്‍ എക്‌സ്പ്രസ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ‘അഴകന്‍’ എന്ന പടത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു.

അന്നും ഓടി നടന്ന് അഭിനയിക്കുന്നതായിരുന്നില്ല ഭാനുപ്രിയയുടെ രീതി. മനസ്സിന് ഇണങ്ങുന്ന കഥാപാത്രങ്ങള്‍ മാത്രമേ  സ്വീകരിച്ചുളളു. പ്രത്യേകതയുളള കഥാപാത്രങ്ങളില്‍ മാത്രം അവരെ കാസ്റ്റ് ചെയ്യാന്‍ സംവിധായകരും ശ്രദ്ധിച്ചു. നായകന്റെ വാലായി നടക്കുന്ന നായികമായിരുന്നില്ല ഒരു കാലത്തും ഭാനു.

ഒട്ടും ഈഗോയില്ലാത്ത കലാകാരിയായിരുന്നു. നായികയായി കത്തി നില്‍ക്കുന്ന കാലത്ത് പോലും മറ്റ് നായികമാര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ അവര്‍ തയ്യാറായി. ‘ഇന്ത്യന്‍’ എന്ന പടത്തില്‍ ഊര്‍മ്മിള മണ്ഡോദ്കറിനും ‘അരുണാചല’ത്തില്‍ രംഭയ്ക്കും ‘സൂര്യവംശ’ത്തില്‍ പ്രിയാ രാമനും ശബ്ദം നല്‍കിയിരിക്കുന്നത് ഭാനുപ്രിയയാണ്. വൈകിയാണ് ഭാനുപ്രിയ മലയാളത്തിലെത്തുന്നത്. പക്ഷേ, അത് അവരുടെ കരിയറില്‍ നിര്‍ണ്ണായകമായി.    

ശിവാജി ഗണേശന്റെ വാക്കുകള്‍

കരിയറില്‍ ജനപ്രിതിയും സര്‍ക്കാര്‍ തല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഭാനുപ്രിയയെ വ്യക്തിപരമായി ഏറ്റവും സ്വാധീനിച്ചത് നടികര്‍ തിലകം ശിവാജി ഗണേശന്റെ അഭിപ്രായ പ്രകടനമാണ്. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. \“ഞാന്‍ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും മികച്ച നടി സാവിത്രിയാണ്. പിന്നീട് വന്ന ആര്‍ക്കും തന്നെ അവര്‍ താണ്ടിയ ഉയരങ്ങള്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല. അവരുടെ അടുത്തെത്തിയ ഒരാള്‍ എന്ന് എനിക്ക് തോന്നിയത് ഭാനുപ്രിയയെക്കുറിച്ച് മാത്രമാണ്.\“

ഈ സ്‌റ്റേറ്റ്മെന്റ് അടങ്ങുന്ന പത്രകട്ടിങ് ഭാനുപ്രിയ ഫ്രെയിം ചെയ്ത് അവരുടെ വീട്ടില്‍ സൂക്ഷിച്ചുവച്ചു. അന്നോളം ശിവാജിയെ നേരില്‍ കണ്ടിട്ടില്ലാത്ത ഭാനുപ്രിയയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനൊപ്പം ഒരു ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം ഉള്‍പ്പെട്ട സദസിലിരിക്കുമ്പോള്‍ ഭയം കൊണ്ട് വിറച്ച ഭാനു പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങി പോയപ്പോള്‍ ശിവാജി തന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടു. വിവാഹത്തിനായി യു.എസിലേക്ക് പോകും മുന്‍പ് ഭാനുപ്രിയ ശിവാജിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.   ഭാനുപ്രിയ

വിവാഹശേഷം യു.എസില്‍

ഒന്നര പതിറ്റാണ്ട് മാത്രം ദൈര്‍ഘ്യമുളള അഭിനയജീവിതത്തിന് താത്കാലിക വിരാമമിട്ട് 1998ല്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് എന്‍ജിനീയറായ ആദര്‍ശ് കൗശലിനെ അവര്‍ വിവാഹം കഴിച്ചു. കൗശലിന്റേതും ഒരു കലാകുടുംബമായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് സുമതി കൗശല്‍ ലോസ് ആഞ്ചലസില്‍ ഒരു നൃത്തവിദ്യാലയം നടത്തിയിരുന്നു. തബലിസ്റ്റായ സഹോദരന്‍ രവിശങ്കറിനൊപ്പവും പ്രവര്‍ത്തിച്ചു. ഭര്‍ത്താവ് മറ്റൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും അദ്ദേഹവും നിരവധി അവാര്‍ഡുകള്‍ നേടിയ ഒരു ഫോട്ടോഗ്രാഫറാണ്. സിത്താര്‍ വാദകന്‍ കൂടിയാണ് ആദര്‍ശ്. നര്‍ത്തകിയായ ഭാനുപ്രിയയെ ആ കുടുംബത്തിന് വളരെ ഇഷ്ടമായി.  

യു.എസിലെ മാലിബു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ എന്നൊരു മകളും ജനിച്ചു. വിവാഹശേഷം കാലിഫോര്‍ണിയയിലായിരുന്നു താമസം. ഏഴ് വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം 2005ല്‍ അവസാനിച്ചു. നിയമപരമായി വേര്‍പിരിഞ്ഞില്ലെങ്കിലും പരസ്പരം അകന്ന് ജീവിക്കാന്‍ തീരുമാനിച്ചു. മകള്‍ക്കൊപ്പം ചെന്നെയിലേക്ക് മടങ്ങിയ ഭാനുപ്രിയ അഭിനയ രംഗത്തേക്ക് മടങ്ങി വന്നു. 2018ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് മരിച്ചു. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എല്ലാം മറന്ന് അവര്‍ യു.എസില്‍ ഓടിയെത്തി.  

ഭര്‍ത്താവ് മരിച്ച് ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടു. മകള്‍ ലണ്ടനില്‍ ഉപരിപഠനത്തിന് പോയതോടെ ഒറ്റപ്പെട്ട ഭാനുപ്രിയ ഇടയ്ക്ക് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ശിവകാര്‍ത്തികേയന്‍ നായകനായ ‘അയലാന്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതില്‍ നായകന്റെ അമ്മ വേഷമായിരുന്നു. എന്നാല്‍ വിധി അവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.   

മായുന്ന ഓര്‍മ്മകള്‍

കാലാന്തരത്തില്‍ ഓര്‍മകള്‍ പതിയെ പതിയെ അവരില്‍ നിന്നും നിഷ്‌ക്രമിക്കാന്‍ തുടങ്ങി. പലപ്പോഴും താനാരെന്നോ സ്വന്തം പേര് പോലും ഓർമിച്ചെടുക്കാന്‍ കഴിയാത്ത ഭാനുപ്രിയയെ കണ്ട് ആളുകള്‍ അമ്പരന്നു. പുറംലോകവുമായുളള ബന്ധം ഏറെക്കുറെ പൂര്‍ണ്ണമായി തന്നെ നഷ്ടപ്പെട്ട ഭാനുപ്രിയയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അടുത്ത ആളുകള്‍ക്ക് പോലും അറിയാന്‍ കഴിയാതായി.  

ഒരു മനുഷ്യനെ സംബന്ധിച്ച് സ്മൃതിഭ്രംശം എന്നത് ജീവിച്ചിരിക്കെ സംഭവിക്കുന്ന മരണമാണ്. അങ്ങനെയെങ്കില്‍ അത്തരമൊരു ദാരുണാവസ്ഥയിലൂടെ കടന്നു പോവുകയാണ് ഭാനുപ്രിയ. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് അവര്‍ക്ക് ആദ്യമായി ഓർമക്കുറവ് അനുഭവപ്പെട്ടത്. പറഞ്ഞു പഠിച്ച് ഉരുവിട്ട സംഭാഷണ ശകലങ്ങള്‍ അടുത്ത ടേക്കില്‍ മറന്നു പോകാന്‍ തുടങ്ങി. ക്രമേണ ജീവിതത്തിലെ പല കാര്യങ്ങളും പതിയെ ഓര്‍മ്മയില്‍ നിന്ന് നഷ്ടപ്പെട്ടതോടെ കാര്യങ്ങള്‍ ഗൗരവതരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.  

ഓര്‍മക്കുറവ് മൂലം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഭാനുപ്രിയ അമ്മയ്ക്കും സഹോദരനും സഹോദരിക്കുമൊപ്പമാണ് കഴിയുന്നത്. ഓര്‍മകള്‍ തിരിച്ചുപിടിക്കാനുളള തീവ്രശ്രമവുമായി ഭാനുപ്രിയ രോഗത്തോട് പൊരുതുമ്പോള്‍ അവര്‍ ചെയ്തു വച്ച  കഥാപാത്രങ്ങള്‍ മലയാളികളുടെ ഓര്‍മയിലെ നിത്യ വസന്തമായി നില്‍ക്കുന്നു. English Summary:
Bhanupriya is a celebrated South Indian actress battling memory loss, possibly due to Alzheimer\“s disease. Known for her roles in Malayalam films like \“Rajashilpi\“ and \“Azhakiya Ravanan\“, her contributions to cinema remain unforgettable. She is now living with her family and is trying her best to deal with this condition.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184