തല തിരിഞ്ഞ നീതി നടപ്പാക്കുന്ന ചൗപട് രാജാവിന്റെ അന്ധേർ നഗരിയെക്കുറിച്ച് ആനന്ദിന്റെ നോവൽ ‘ഗോവർധന്റെ യാത്രകളി’ൽ പരാമർശിക്കുന്നുണ്ട്. മതിൽ ഇടിഞ്ഞുവീണ് ആട് ചത്ത കേസിൽ, വിചിത്രമാർഗങ്ങളിലൂടെ ഒരാളെ കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷയ്ക്കു വിധിക്കുന്നു. എന്നാൽ, തൂക്കിക്കൊല്ലാൻ ഒരുക്കിയ കയറിന്റെ കുടുക്ക് അയാളുടെ കഴുത്തിനു പാകമല്ല. പകരം പാകമായ കഴുത്തുള്ള ഗോവർധനെ തൂക്കിക്കൊല്ലാൻ തീരുമാനിക്കുന്നു.
സമാനമായൊരു പ്രഖ്യാപനമാണ് ഈയിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇക്കൊല്ലത്തെ മെഡിക്കൽ പിജി പ്രവേശന നടപടികൾ അനന്തമായി നീളുകയാണ്. അക്കാരണത്താൽ അവസാനവർഷ മെഡിക്കൽ പിജി വിദ്യാർഥികളുടെ കോഴ്സ് കാലാവധി മൂന്നു മാസം കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചുകളഞ്ഞു. ഈമാസം അവസാനത്തോടെ കോഴ്സ് പൂർത്തിയാക്കി മടങ്ങാനിരുന്നവർ അങ്ങനെ മൂന്നു മാസം കൂടി പഠനം തുടരാൻ നിർബന്ധിതരായിരിക്കുന്നു. കാരണം, ഇവർ മടങ്ങിപ്പോകുകയും പുതിയ മെഡിക്കൽ പിജി വിദ്യാർഥികൾ എത്താതിരിക്കുകയും ചെയ്താൽ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം അവതാളത്തിലാകും. അധികൃതരുടെ അനാസ്ഥമൂലം മെഡിക്കൽ പിജി പ്രവേശനം വൈകുന്നതിനു ബലിയാടാകുന്നത് ഒരു തെറ്റും ചെയ്യാത്ത സീനിയർ വിദ്യാർഥികൾ. എത്ര വിചിത്രമായ പരിഹാരം !
ഇക്കൊല്ലത്തെ മെഡിക്കൽ പിജി പ്രവേശനപരീക്ഷ ‘നീറ്റ്–പിജി’ ഓഗസ്റ്റ് മൂന്നിനായിരുന്നു. ആ മാസം 19നു ഫലം വന്നു. രണ്ടുമാസത്തിനു ശേഷം ഒക്ടോബർ 17ന് ഓൾ ഇന്ത്യ ക്വോട്ട റജിസ്ട്രേഷൻ തുടങ്ങുംവിധം കൗൺസലിങ് സമയക്രമം പ്രഖ്യാപിച്ചെങ്കിലും ചോയ്സ് ഫില്ലിങ് അനിശ്ചിതമായി നീട്ടിവച്ച് ഈമാസം ആറിന് അറിയിപ്പു വന്നു. ഒടുവിൽ ഈമാസം 20ന് ആണ് ആദ്യ റൗണ്ട് അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. ഇതിനുശേഷം സമയക്രമം വീണ്ടും പുതുക്കി. ഇതുപ്രകാരം, പ്രവേശന നടപടികൾ ജനുവരി അവസാനം വരെ നീളുമെന്നതാണ് നിലവിലെ സ്ഥിതി.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
ദേശീയ മെഡിക്കൽ കമ്മിഷൻ, നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി എന്നിവയുടെ ഏകോപനമില്ലായ്മയാണ് പ്രവേശന നടപടികൾ വൈകാൻ കാരണമെന്നു വിദ്യാർഥികൾ ആരോപിക്കുന്നു. സീറ്റ് വർധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മുതൽ സുപ്രീം കോടതിയിലെ കേസ് വരെയുള്ള കാരണങ്ങളാകും അധികൃതർക്കു പറയാനുള്ളത്. എന്നാൽ, ഇക്കൊല്ലത്തെ മാത്രം പ്രശ്നമല്ലിതെന്നും പ്രവേശന നടപടികൾ നാലു മാസത്തോളം വരെ വൈകിയ വർഷങ്ങളുണ്ടെന്നും വ്യക്തമായി അറിയുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കണ്ണിൽ പൊടിയിടാൻ അധികൃതരുടെ തൊടുന്യായങ്ങൾ മതിയാകില്ലെന്നതാണു വാസ്തവം.
മെഡിക്കൽ പിജി കോഴ്സുകളിൽ മാത്രമല്ല ഈ പ്രശ്നമുള്ളത്. ഇക്കൊല്ലത്തെ പ്രഫഷനൽ ബിരുദ കോഴ്സുകളുടെ കണക്കെടുത്താൽ, പ്രവേശന നടപടികൾ ഏറ്റവുമധികം വൈകിയത് എംബിബിഎസും ബിഡിഎസും ഉൾപ്പെടെയുള്ള മെഡിക്കൽ യുജി കോഴ്സുകളുടെ കാര്യത്തിലാണ്. മെഡിക്കൽ അനുബന്ധ വിഷയങ്ങളായ അഗ്രികൾചർ, വെറ്ററിനറി സയൻസ് എന്നിവയിൽ സംസ്ഥാനതല പ്രവേശന നടപടികൾക്കു ശേഷം അഖിലേന്ത്യാ ക്വോട്ട പ്രവേശന നടപടികൾ തുടങ്ങുന്ന തലതിരിഞ്ഞ അനുഭവവും ഇക്കൊല്ലമുണ്ടായി.
പ്രഫഷനൽ കോഴ്സുകളിൽ അഖിലേന്ത്യാ ക്വോട്ട പ്രവേശന നടപടികളിൽ മാത്രമാണു കാലതാമസമെന്നും സംസ്ഥാനതലത്തിൽ കാര്യങ്ങൾ ഭേദമാണെന്നും ഈ താരതമ്യംകൊണ്ട് അർഥമില്ല. കേരളത്തിലെ ഇക്കൊല്ലത്തെ എൻജിനീയറിങ് പ്രവേശനപരീക്ഷാഫലം (കീം) ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തെത്തുടർന്നു റദ്ദാക്കുകയും പുതുക്കി പ്രസിദ്ധീകരിക്കേണ്ടി വരികയും ചെയ്തത് സംസ്ഥാനതലത്തിലും അധികൃതരുടെ ക്രൂരമായ ഉദാസീനതയ്ക്കുള്ള ഉദാഹരണമാണ്. ഇത്തരത്തിൽ പരാതികൾക്കിട നൽകാത്തവിധം അടുത്തവർഷത്തെ പ്രവേശനപ്പരീക്ഷയ്ക്കായി കാലേക്കൂട്ടി പുതിയ മാർക്ക് നിർണയ ഫോർമുല അവതരിപ്പിക്കുമെന്നു പറഞ്ഞ സർക്കാർ, ഇത്ര മാസങ്ങൾക്കു ശേഷവും ഈ ദിശയിൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?
വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരേപോലെ അന്ധേർ നഗരിയിലെ ചൗപട് രാജാവിനെ ഓർമിപ്പിക്കുന്നു എന്നതു നമ്മുടെ ദുർവിധിയാണ്. കൊലക്കയറിലെ കുടുക്കിനു പാകമായ കഴുത്തു തപ്പിനടക്കുന്ന അവർക്കു മുന്നിൽ ഇരകളായി മാറുന്നത് നമ്മുടെ ഭാവിതലമുറയാണെന്നത് ഒരു തരത്തിലും മാപ്പർഹിക്കാത്ത കുറ്റമാണ്. English Summary:
From NEET-PG to KEAM: How Admission Delays Reveal a Crisis in Indian Education |
|