LHC0088 • Yesterday 11:26 • views 973
ഫ്രാൻസിലെ സ്ട്രാസ്ബർഗ് നഗരം യൂറോപ്യൻ പാർലമെന്റിന്റെ ആസ്ഥാനമാണ്. തലസ്ഥാനനഗരമല്ലെങ്കിലും അനേകം യൂറോപ്യൻ യൂണിയൻ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഈ നഗരം പൗരാണിക കാലത്തും വളരെ പ്രശസ്തമായിരുന്നു. ഈ നഗരത്തിൽ 1518ൽ നടന്ന വിചിത്രസംഭവമായിരുന്നു \“നൃത്തവ്യാധി\“ (ഡാൻസിങ് പ്ലേഗ്).
അക്കൊല്ലം ജൂലൈയിൽ ഫ്രോ ട്രോഫിയ എന്ന സ്ത്രീ സ്ട്രാസ്ബർഗിലെ തെരുവിൽ നൃത്തം തുടങ്ങി. ക്ഷീണിച്ചു തളർന്നുവീഴുന്നതുവരെ മണിക്കൂറുകളോളം അവർ നൃത്തം തുടർന്നു. പിറ്റേന്നും അവർ നൃത്തം പുനരാരംഭിച്ചു. എന്നാൽ മറ്റൊരു സംഭവം കൂടി ഇതിനൊപ്പം അരങ്ങേറി. നഗരത്തിലെ മറ്റു ചിലരും സ്വയം നിയന്ത്രിക്കാനാവാത്ത ട്രോഫിയയുടെ ഈ നൃത്തഭ്രാന്തിൽ പങ്കുചേർന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 30 പേർ നൃത്തം ചെയ്യാൻ തുടങ്ങി. മാസാവസാനം ആയപ്പോഴേക്കും നൃത്തം 400 പേരിലേക്കു പടർന്നു.
കോറിയോമാനിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം 1518 ജൂലൈ പകുതി മുതൽ സെപ്റ്റംബർ വരെ നീണ്ടു. വേദന, ക്ഷീണം, കാലുകളിൽ പരുക്ക്, രക്തസ്രാവം, നീര് എന്നിവ വന്നെങ്കിലും നർത്തകർ സ്വയം പിന്തിരിഞ്ഞില്ല. ദിവസങ്ങളോളം നിർത്താതെ നൃത്തം ചെയ്തതുമൂലം ഹൃദയാഘാതം, പക്ഷാഘാതം, തളർച്ച എന്നിവയാൽ അനേകം പേർ മരിച്ചു. മരണസംഖ്യ സംബന്ധിച്ചുള്ള കൃത്യം കണക്കുകൾ ചരിത്രകാരന്മാർക്കിടയിൽ ഇപ്പോഴും തർക്കവിഷയമാണ്.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
നൃത്തഭ്രാന്തിൽപ്പെട്ടവരെ സുഖപ്പെടുത്താൻ സ്ട്രാസ്ബർഗ് നഗരസഭ പല നടപടികളും സ്വീകരിച്ചു. പൊതുസ്ഥലത്തെ നൃത്തം തടയാനായി സംഗീതം നിരോധിച്ചതായിരുന്നു പ്രാഥമിക നടപടി. ദൈവകോപം മൂലമുണ്ടായ അവസ്ഥയാണിതെന്നായിരുന്നു നഗരവാസികളിൽ പലരുടെയും വിശ്വാസം. അതിനാൽ പ്രത്യേക പ്രാർഥനകളും നടത്തി. ഏതായാലും കുറെക്കാലം കഴിഞ്ഞ് ഈ നൃത്തമാരി തനിയെ ശമിച്ചു.
ഡാൻസിങ് പ്ലേഗിന്റെ കാരണമായി അനേകം സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും സ്വീകാര്യമായ നിഗമനം ഇതൊരുതരം പൊതു ഉന്മാദമോ (മാസ് ഹിസ്റ്റീരിയ) മാനസിക സംഘർഷം മൂലമുണ്ടാകുന്ന ശാരീരിക രോഗമോ ആയിരുന്നു എന്നതാണ്. ക്ഷാമം, രോഗങ്ങൾ, സാമൂഹിക അരക്ഷിതാവസ്ഥ, വരൾച്ച തുടങ്ങിയ ദുരിതങ്ങളാവാം ഇതിനു കാരണമായത്. പൂപ്പൽ പിടിച്ച ബ്രെഡിൽ നിന്നുണ്ടാകുന്ന വിഷബാധയാണ് ഇതിനു കാരണമെന്നാണ് മറ്റൊരു പ്രധാന സിദ്ധാന്തം. നൃത്തത്തിനു സമാനമായ രീതിയിലുള്ള ചിത്തഭ്രമത്തിനും കോച്ചിപ്പിടുത്തത്തിനും ഇതു ചിലപ്പോൾ കാരണമാകാറുണ്ട്. എന്നാൽ സ്ട്രാസ്ബർഗിലെ രോഗികളിൽ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടിരുന്നില്ല.
ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ പ്രതിഭാസങ്ങളിലൊന്നായി 1518 ലെ നൃത്തവ്യാധി നിലനിൽക്കുന്നു. അക്കാലത്തെ പല ചരിത്രരേഖകളിലും ഇതു രേഖപ്പെടുത്തുകയും കലാസൃഷ്ടികൾക്കു പ്രചോദനമാകുകയും ചെയ്തു. സ്ട്രാസ്ബർഗിൽ അന്നെന്താണു സംഭവിച്ചതെന്നുള്ളത് ഇന്നും ചരിത്രകാരന്മാരെയും ശാസ്ത്രജ്ഞരെയും ഒരുപോലെ ആകർഷിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്. English Summary:
Dancing Plague of 1518 in Strasbourg is one of history\“s most intriguing mysteries: This bizarre event involved hundreds of people dancing uncontrollably for days, and the underlying causes are still debated by historians and scientists today. |
|