search

ഒരു നാടകം, 2000 വേദികൾ, ഒരേ അഭിനേതാക്കൾ; കേൾക്കാം ഒരു ‘ജീവിത’ നാടക കഥ

LHC0088 Yesterday 11:26 views 242
  



ഏറെ നാളത്തെ പ്രേമത്തിനു ശേഷം ജീവിതത്തിലേക്കു കൈകോർത്തവർ; ശേഷം ഏറെ നാളായി വേദിയിൽ പ്രേമലേഖനം ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ. അമൽരാജ്ദേവും ദിവ്യലക്ഷ്മിയും– കേശവൻ നായരും സാറാമ്മയും. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവലിന്റെ നാടക ഉടലുമായി വേദികളിൽ മന്ദഹാസം തൂവുന്നവർ.



1942ൽ, സ്വാതന്ത്ര്യസമരക്കാലത്ത് രണ്ടരക്കൊല്ലം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഠിന തടവിലായിരുന്നു ബഷീർ. ജയിൽ അധികൃതരുടെ ആവശ്യപ്രകാരം തടവുകാർക്കു വായിക്കാൻ എഴുതിയതാണു പ്രേമലേഖനം നോവൽ. അതേ ജയിലിലെ തടവുകാർക്കു മുന്നിൽ, ആറു പതിറ്റാണ്ടിനു ശേഷം നാടകത്തിൽ പൊതിഞ്ഞ പ്രേമലേഖനവുമായി അമലും ദിവ്യലക്ഷ്മിയും അവതരിച്ചു. നാടും നഗരവും കടൽ ദൂരവും കടന്നു നാടകം നിറഞ്ഞു തുളുമ്പിയപ്പോൾ അമലിന്റെയും ദിവ്യലക്ഷ്മിയുടെയും ജീവിതത്തിലേക്കു രണ്ട് ആകാശമിഠായികൾ: ആയുഷും ആഗ്നേഷും.

അരങ്ങിലും അണിയറയിലും മക്കൾ കൂടി ഭാഗമാകുന്ന ആ ഫാമിലി ‍ഡ്രാമ ഇതാ മധുരസുന്ദരമായ മുഹൂർത്തത്തിൽ; ഇതിനകം പ്രേമലേഖനം രസിച്ചുല്ലസിച്ചതു 2000 വേദികളിൽ. ഒരു നാടകം, ഒരേ അഭിനേതാക്കൾ: ഇത്രയേറെ വേദികളിൽ അഭിനയിച്ചതു മലയാള നാടക വേദിയുടെ ചരിത്രമാകും.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തലയ്ക്കുള്ളിൽ നിലാവെളിച്ചം

2001ൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിറങ്ങിയവരാണ് അമലും സാംകുട്ടി പട്ടങ്കരിയും. ഇരുവർക്കും ഒരു നാടകം ചെയ്യണമെന്നുണ്ട്, പറ്റിയ സ്ക്രിപ്റ്റ് ഇല്ല. നാടകകൃത്ത് ബഷീർ മണക്കാട്  പ്രേമലേഖനത്തെ നാടകമാക്കിയിട്ടുണ്ട്. അരങ്ങു കണ്ടിട്ടില്ല. വായിച്ചപ്പോൾ അമലിന് ഇഷ്ടപ്പെട്ടു. സാംകുട്ടി സംവിധായകൻ, അമലും ചിത്ര സി.നായരും കേശവൻ നായരുടെയും സാറാമ്മയുടെയും വേഷത്തിൽ. നോവലിസ്റ്റ് ബഷീറായി അരങ്ങിൽ ഷാജി അമ്പാട്ടും ഉണ്ട്. കുറച്ചു വേദികൾ കഴിഞ്ഞതോടെ അവതരണം നിലച്ചു.

തുടർന്ന് അമൽ എത്തിയതു സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത മേൽവിലാസം നാടകത്തിൽ. അതു 400ലേറെ വേദികൾ കഴിഞ്ഞ കാലം. കെപിഎസിയുടെ രാജാരവിവർമ നാടകത്തിൽ അമൽ അഭിനയിക്കുകയാണ് അപ്പോൾ. മേൽവിലാസത്തിൽ അമൽരാജിന്റെ സഹ അഭിനേതാക്കളായ ജി.ഷിജിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അക്കാലത്ത് എഡിറ്ററും പിന്നീടു സംവിധായകനുമായ മഹേഷ് നാരായണൻ എന്നിവർ ചേർന്ന് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ എഡിറ്റിങ് സ്റ്റുഡിയോ നടത്തുകയായിരുന്നു: പോസിറ്റീവ് ഫ്രെയിംസ്. അന്നൊരു നിലാവിൽ ഷിജിക്കും കൃഷ്ണനുമൊപ്പം നടക്കാനിറങ്ങിയതായിരുന്നു അമൽ. ‘തിരക്കൊഴിഞ്ഞു. ഉടനെ ഒരു പദ്ധതി വേണമല്ലോ?’ ആ ചിന്തയിലായിരുന്നു അപ്പോൾ. ഷിജിയും കൃഷ്ണനും ചോദിച്ചു, ‘നിങ്ങൾ മുൻപു കളിച്ച പ്രേലേഖനത്തെക്കുറിച്ച് ആലോചിച്ചാലോ? വീട്ടിൽ ദിവ്യലക്ഷ്മി ഉണ്ടല്ലോ? ഭാര്യയും ഭർത്താവും മാത്രം അഭിനയിക്കുന്ന നാടകം. അതൊരു പുതിയ സംഗതി ആയിരിക്കും.’

കൊള്ളാമല്ലോ! നല്ല പുതുമ!

മാവേലിക്കര സ്വദേശിയായ ദിവ്യലക്ഷ്മി, കാലടി സംസ്കൃത സർവകലാശാലയിൽനിന്നു നൃത്ത ബിരുദത്തിനൊപ്പം ഒരു പേപ്പർ അഭിനയവും കൂടി പഠിച്ചിട്ടുണ്ട്. വിവാഹശേഷം കവടിയാറിലെ വാടക വീട്ടിൽ ഡാൻസ് ക്ലാസ് നടത്തുന്നുണ്ട്. വൈകിട്ടു വീട്ടിലേക്കു നടക്കുമ്പോൾ അമലിനൊരു സംശയം, ‘ക്ലാസിന്റെ തിരക്കു പറഞ്ഞു നടി ഉഴപ്പുമോ?’ ആശയം അവതരിപ്പിച്ചതും ലക്ഷ്മി പറഞ്ഞു: ‘കൊട് കൈ’.

നടി ഒകെ ആയപ്പോൾ ഷിജിനാഥും കൃഷ്ണനും വീണ്ടും ചോദിച്ചു, ‘ഈ പ്ലാൻ സൂര്യ കൃഷ്ണമൂർത്തിയോട് സംസാരിച്ചാലോ?’ മൂവരും മൂർത്തിയെ കണ്ടു. അരങ്ങുഭാഷ അദ്ദേഹത്തിന്റെ വക. നാലതിരും തിരശീലയുമില്ലാത്ത അരീന തിയറ്റർ, വെളിച്ചത്തിനെന്തൊരു വെളിച്ചമെന്നു തോന്നാൻ ചുറ്റും വൈദ്യുതി വിളക്കുകൾ, മണ്ടിമണ്ടി നീങ്ങുന്ന തീവണ്ടിയുടെ താളത്തിൽ സംഗീതം. നാടകം തയാർ.

റിഹേഴ്സൽ കുഴപ്പമില്ല. പക്ഷേ, സംഭാഷണങ്ങൾ ഏറെയുണ്ട്. എല്ലാം മനഃപാഠമാക്കണം. വീട്ടിലെ അടുക്കളയിലും അലക്കിടത്തിലും മുറ്റത്തും മുറിയിലുമൊക്കെ അമലും ദിവ്യലക്ഷ്മിയും  നിരന്തരം സംഭാഷണങ്ങൾ ഉരുവിട്ടു. അങ്ങനെ അവർ കേശവൻ നായരും സാറാമ്മയും ആയി.

ഓ, ഒടുവിൽ ഇങ്ങനെയുമായല്ലേ?

2008 മാർച്ചിൽ നാടകം തട്ടിലേറിയെങ്കിലും നാടാകെ അറിയും വിധം കീർത്തി നേടിയില്ല. അങ്ങനെ നാടകപ്രവർത്തകൻ പി.ജെ.ഉണ്ണിക്കൃഷ്ണൻ കൊല്ലം കുണ്ടറയിൽ ഒരു വേദി സമ്മാനിച്ചു. അമലും ദിവ്യലക്ഷ്മിയും ശബ്ദവും വെളിച്ചവും പിന്നെ–ഒരു നുണുങ്ങ് കണ്ണാടി, ഒരു നുണുങ്ങ് പൗഡർ ഡപ്പി, ഒരു നുണുങ്ങ് ചീർപ്പ് എന്നിവയുമുള്ളൊരു കാർ.

നാട്ടുകാരാകെ വിയർത്തു, സംഘാടകർ ഡബിൾ വിയർത്തു. അവർക്കൊരു സംശയം: ‘ഇനീപ്പൊ നാടകം ഇല്ലെന്ന് അറിയിക്കാൻ രണ്ടു പേരെ അയച്ചതാന്നോ? അല്ല, നാടകം കളിക്കാനാണെങ്കിൽ ഇതെന്ത്‌വാ ഇങ്ങനെ രണ്ടു പേർ?’ അന്തം വിട്ടുനിൽക്കുന്നവർ, പുച്ഛത്തിൽ പരിഹാസം ചാലിച്ചവർ, വേറെ പണിയില്ലേയെന്നു ചോദിക്കുന്നവർ.... നാടക കാറിൽനിന്ന് ഇറക്കിയ സാധനസാമഗ്രികൾ കണ്ടവർക്കു ജഗജില്ലൻ ഞെട്ടലുകൾ. ട്രങ്ക് പെട്ടി, കാലൻകുട, കൂജ, നീളൻ ടോർച്ച്, പഴയ ഡയറികൾ, മാസികകൾ....അന്തിനേരത്തെന്തു പുകില്!

അമലും ദിവ്യലക്ഷ്മിയും നാടകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സഹായിക്കാൻ രണ്ടു കൂട്ടുകാർ. വേദിക്കു മുൻവശമില്ല! നാലുപാടും നിന്നു വന്നവർ നാലു ചുറ്റുമിരുന്നു.

‘പ്രിയപ്പെട്ട സാറാമ്മേ,

ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കിൽ– എന്റെ ജീവിതത്തിലെ ഓരോ നിമിഷവും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിക്കുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ചു, മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട്

സാറാമ്മയുടെ– കേശവൻ നായർ.’

ഇരുവർക്കുമിടയിൽ കലഹം പൊതിഞ്ഞ പ്രണയം വിടർന്നുയർന്നു വന്നപ്പോൾ ആസ്വാദകർക്ക് ഇരട്ടിമധുരം. അപരിചിത വേദിയിൽ അത്യപൂർവ നാടകാനുഭവം. കയ്യടികൾ, വിസിലടികൾ, ആർപ്പുവിളികൾ..... ഒരു മണിക്കൂറിൽ നാടകം അവസാനിച്ചപ്പോൾ അഭിനന്ദന മേളം. അവിടെ വച്ചു ബുക്ക് ചെയ്തു മൂന്നോ നാലോ വേദികൾ. എല്ലായിടത്തും നാടകാന്തത്തിലേ പ്രേക്ഷകർ അറിയാറുള്ളൂ, അഭിനേതാക്കൾ, അവർ ജീവിത പങ്കാളികൾ. നാടക കാർ ഇടവഴി കടക്കുംവരെയും കുണ്ടറയിലെ ആസ്വാദകർ വിളിച്ചു പറഞ്ഞു, ‘സാറാമ്മോ... കേശവൻ നായരേ....നിങ്ങൾ, നിങ്ങളെ കൈവിടല്ലേ...’

ഠിം!

നാടാകെ നാടകം കളിക്കണം. അത്രമേലുണ്ട് ബുക്കിങ്. ദിവ്യലക്ഷ്മി ഗർഭിണിയായിരുന്നു അപ്പോൾ. ഒരു രാത്രി വടകരയിൽ നാടകം കഴിഞ്ഞു കണ്ണൂരിലേക്കു കുതിക്കുന്നു. രണ്ടു ദിവസം കഴിയുമ്പോൾ കുവൈത്തിൽ നാടക പര്യടനത്തിനു പോകണം. ഒരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചയായിരുന്നു കാറി‍ൽ.  മുൻ സീറ്റിൽ തലയണയൊക്കെ വച്ച് സുരക്ഷിതയായി ദിവ്യലക്ഷ്മിയുണ്ട്. വണ്ടി ഓടിക്കുന്നതിനിടയിൽ മയക്കത്തിലേക്കു വീണത് അമലിന് ഓർമയില്ല. വലിയൊരു ശബ്ദം കേട്ടപ്പോൾ ഞെട്ടിയുണർന്നു. നാടക കാർ കലുങ്കും തകർത്തു താഴേക്കു നോക്കി നിൽക്കുന്നുണ്ട്. നന്നേ പ്രയാസപ്പെട്ടു ദിവ്യലക്ഷ്മിയെ പുറത്തെത്തിക്കാൻ. ആ കിടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല അവർക്ക്.

ആയുഷ് ജനിച്ചെങ്കിലും പ്രേമലേഖനം മുടങ്ങിയില്ല. കുഞ്ഞിനെ പാൽ കൊടുത്ത് ഉറക്കിയിട്ട് അമ്മയും അച്ഛനും വേദിയിലേക്ക്.  രണ്ടാമത്തെ മകൻ ആഗ്നേഷ് ജനിച്ചപ്പോൾ നോക്കാൻ ചേട്ടനുണ്ട്. എങ്കിലും കരച്ചിലൊതുക്കാനും കുസൃതിക്കു കൂട്ടായും ആളുകൾ ഒപ്പും നിന്നു. അഭിനേതാക്കളും മക്കളും പാർക്കാൻ ഹോട്ടൽ റൂമിനേക്കാൾ തിരഞ്ഞെടുത്തതു സൗഹൃദവീടുകൾ ആയിരുന്നു. മെല്ലെ മെല്ലെ മക്കളും നാടകത്തിന്റെ ഭാഗമായി. പിന്നീട്, ഇന്നോളം നാടക കാർ കുതിക്കുന്നതു നാലാൾപ്പടയുമായിട്ട്.

അയ്യോ, രസിക്കും! രസിക്കും! രസിക്കും!

ക്ലാസ് മുറികളിൽനിന്നു നാടകം അമ്പലപ്പറമ്പിലേക്കും പള്ളിമുറ്റത്തേക്കും. വീടുകളിലെ ഹാളിൽ, ഗൃഹപ്രവേശച്ചടങ്ങുകളിൽ, കല്യാണ മണ്ഡപങ്ങളിൽ.... എന്തിനേറെ, വരമ്പു മുതൽ വരാന്ത വരെ എവിടെയും പ്രേമലേഖനം ഒഴുകും. കയ്യൊതുക്കമുള്ള നാടകം ആകുമ്പോൾ വേദിയെക്കുറിച്ച് ആധി എന്തിന്? വിദേശത്തെ സംഘാടകർക്കാണെങ്കിൽ ബഹുസൗകര്യം.

മാവേലിക്കര സ്വദേശികളായ ദമ്പതികൾ അൻപതാം വിവാഹ വാർഷികത്തിനു പ്രേമലേഖനം ബുക്ക് ചെയ്തു. ‘ങേ, നാടകമോ? അതെന്ത് ഏർപ്പാട്?’ മടുപ്പോടെ വന്നവരിൽ പലരും നാടകശേഷം സ്വന്തം മുറ്റത്തേക്ക് ഓരോ പ്രേമലേഖനം ബുക്ക് ചെയ്തിട്ടാണു മടങ്ങിയത്.  

വീടുകളിലാണു നാടകമെങ്കിൽ അമലും ദിവ്യലക്ഷ്മിയും അവിടെ ഓരോ മാങ്കോസ്റ്റിൻ തൈ കൊടുക്കും. മധുരം നിറഞ്ഞ കഥകളും നോവലുകളും എഴുതാൻ വൈക്കം മുഹമ്മദ് ബഷീറിന് കരുംപച്ച തണലൊരുക്കിയ മാങ്കോസ്റ്റിൻ. ഓരോ വൃക്ഷവും നൽകുമ്പോൾ നെയ്യാറ്റിൻകര വണ്ടന്നൂർ ശങ്കര വിലാസത്തിലെ പച്ചത്തൊടികളിൽ ഓടിക്കളിച്ച കുട്ടിക്കാലം ഓർമ വരും അമലിന്.

ഡിസൈൻ കോഴ്സ് ഡിഗ്രിക്ക് ചേരാൻ തയാറെടുക്കുന്ന ആയുഷാണ് ഇപ്പോൾ നാടകത്തിന്റെ വിളക്കൊരുക്കം മുതൽ പോസ്റ്റർവരെയുള്ള ഡ്യൂട്ടിയിൽ; അഞ്ചാം ക്ലാസുകാരൻ ആഗ്നേഷ് നടൻ. സിനിമയിലും സീരിയലിലും തിരക്കേറിയ അമൽ, ‍മാവേലിക്കര ഭാവലയ കലാപാഠശാലയ്ക്കു പിന്നാലെ ദിവ്യലക്ഷ്മി, പഠനപ്രളയത്തിൽ മക്കൾ. എങ്കിലും പ്രേമലേഖനം തട്ടിലേക്കാണെങ്കിൽ ചാടിക്കയറും നാൽവരും നാടക കാറിൽ. കുതിക്കും, ആസ്വാദക മനസ്സിൽ ചിന്തയിൽ ഒളിപ്പിച്ച ചിരിമേളമൊരുക്കാൻ. English Summary:
The Unending Journey of \“Premalekhanam\“ drama on stage: Malayalam drama \“Premalekhanam\“ is a popular stage adaptation of Vaikom Muhammad Basheer\“s novel, performed by Amal Rajdev and Divya Lakshmi. Having graced over 2000 stages, the play narrates a unique love story with a minimalist setup, resonating deeply with audiences.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159112