കൊല്ലം∙ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിൽ മുഖത്തല സ്വദേശി ബാബുക്കുട്ടനെ (63) ഇരുമ്പ് വടികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു . മുഖത്തല കുറുമണ്ണ ബിജു ഭവനിൽ ബിജുവിന് ആണ് നാലാം അഡിഷനൽ സെഷൻസ് ജഡ്ജി സീമ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 4 മാസം കൂടി തടവ് അനുഭവിക്കണം. കഴിഞ്ഞ വർഷം ഏപ്രിൽ 2ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മുഖത്തല എംജി എച്ച്എസിനു സമീപം പെട്ടിക്കട തുറക്കാൻ എത്തിയ ബാബുക്കുട്ടനെ, വഴിയരികിൽ ഇരുമ്പ് വടിയും കത്തിയുമായി നിന്ന പ്രതി അസഭ്യം പറഞ്ഞു കൊണ്ട് ആക്രമിച്ചെന്നാണ് കേസ്.
പ്രതിക്കെതിരെ സ്ത്രീകളെ ശല്യം ചെയ്യുന്നതിനും അസഭ്യം പറയുന്നതിനും കല്ലെറിയുന്നതിനും ബാബുക്കുട്ടനും കുടുംബവും പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. കൊട്ടിയം ഇൻസ്പെക്ടർ ആയിരുന്ന വി.എസ്.വിപിൻ ആയിരുന്നു കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷനൽ ജില്ലാ പ്രോസിക്യൂട്ടർ കെ.കെ.ജയകുമാർ ഹാജരായി. ജിഎഎസ്ഐ സാജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. English Summary:
Kollam murder case resulted in a life sentence for the accused. The accused was convicted for the murder of Babu Kuttan following a previous complaint regarding harassment of women, leading to a brutal iron rod attack. |
|