കോട്ടയം ∙ നഗരത്തിലെ ലഹരിവിതരണക്കാരുടെ ഇടയിലെ ‘റൈഡർ’ ആയിരുന്നു കൊലപാതകക്കേസിൽ പിടിയിലായ അഭിജിത്തെന്നു പൊലീസ് പറയുന്നു. ഹിമാചൽ പ്രദേശിൽ നിന്നുൾപ്പെടെ ജില്ലയിലേക്കു ബൈക്കിൽ കഞ്ചാവ് എത്തിച്ചിരുന്നയാൾ. 21–ാം വയസ്സിലാണ് ആദ്യമായി പിടിയിലാകുന്നത്. ആറരക്കിലോ കഞ്ചാവും എംഡിഎംഎയും ആയിരുന്നു അന്ന് പക്കലുണ്ടായിരുന്നത്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും ലഹരിക്കേസുകളിൽ അറസ്റ്റിലായി. ഇയാൾക്കെതിരെ സ്വർണമാല മോഷ്ടിച്ചതിനും കേസുണ്ടെന്നു പൊലീസ് പറഞ്ഞു. 1. മാണിക്കുന്നം ലളിതാസദൻ വീടിന്റെ മുറ്റത്തു കൊല്ലപ്പെട്ട ആദർശും അഭിജിത്തും തമ്മിലുണ്ടായ ഏറ്റുമുട്ടൽ. 2. സംഭവം കണ്ട് ആദ്യം ഓടിയെത്തി തടസ്സം പിടിക്കുന്ന അഭിജിത്തിന്റെ അമ്മ ലളിത. 3. പിന്നാലെയെത്തിയ പിതാവ് വി.കെ.അനിൽകുമാറും ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റുന്നു (പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യം).
കൂടെയെത്തിയത് നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതി
കോട്ടയം ∙ ആദർശിന്റെ ഒപ്പമുണ്ടായിരുന്ന റോബിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. നേരത്തേ കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണു റോബിൻ. 2023ൽ, വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതിയാണ്. അന്ന് 17.8 കിലോ കഞ്ചാവ് വീട്ടിൽനിന്നു പിടികൂടിയിരുന്നു. കൊല്ലപ്പെട്ട ആദർശ്.
ലഹരിവിൽപനയെച്ചൊല്ലി സാമ്പത്തികത്തർക്കം യുവാവ് കുത്തേറ്റു മരിച്ചു
കോട്ടയം ∙ ലഹരിവിൽപന സംബന്ധിച്ച തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. തോട്ടയ്ക്കാടിനു സമീപം വാടകയ്ക്കു താമസിക്കുന്ന മാങ്ങാനം കളമ്പാട്ടുകുന്ന് താന്നിക്കൽ വീട്ടിൽ ആദർശ് സോമൻ (23) ആണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ മാണിക്കുന്നം ലളിതാസദൻ വീട്ടിൽ അഭിജിത്തിനെ (വാവ–24) പൊലീസ് അറസ്റ്റ് ചെയ്തു. അഭിജിത്തിന്റെ പിതാവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ വി.കെ.അനിൽകുമാറിനെ (ടിറ്റോ) കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. തിങ്കൾ പുലർച്ചെ 1.30ന് അഭിജിത്തിന്റെ വീട്ടുമുറ്റത്താണു സംഭവം. ലഹരിക്കേസുകളിൽ പ്രതികളാണ് ആദർശും അഭിജിത്തും.
രാസലഹരി വാങ്ങിയ ഇനത്തിൽ ആദർശ് തനിക്ക് 1500 രൂപ തരാനുണ്ടെന്നാണ് അഭിജിത്ത് പൊലീസിനു നൽകിയ മൊഴി. അഭിജിത്തിന്റെ സുഹൃത്ത് 12,000 രൂപയ്ക്ക് ബൈക്ക് ആദർശിനു പണയം വച്ചിരുന്നു. ബൈക്ക് തിരികെ നൽകാൻ 2,000 രൂപ ആദർശ് കൂടുതൽ ആവശ്യപ്പെട്ടതിനെച്ചൊല്ലി കഴിഞ്ഞദിവസം ആദർശിന്റെ വീട്ടിൽപ്പോയി അഭിജിത്ത് വഴക്കിട്ടു. രാത്രി ഫോണിലൂടെയും ഇരുവരും ഭീഷണി മുഴക്കി. തുടർന്നു പുലർച്ചെ 1.15ന്, സുഹൃത്തായ റോബിൻ ജോർജിനൊപ്പം ആദർശ് അഭിജിത്തിന്റെ വീട്ടിലെത്തി. മുൻപ് കാപ്പാ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നയാളാണ് റോബിൻ.
അഭിജിത്തും ആദർശും തമ്മിൽ വഴക്കിടുകയും ആദർശിനു കുത്തേൽക്കുകയുമായിരുന്നു. കഴുത്തിൽ ഒരു തവണയും നെഞ്ചിൽ 2 തവണയും കുത്തേറ്റെന്നു പൊലീസ് പറഞ്ഞു. അനിൽകുമാറും ഭാര്യ ലളിതയും ബഹളംകേട്ട് ഓടിയെത്തി ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുത്തേറ്റ നിലയിൽ റോഡിലേക്കിറങ്ങിയ ആദർശ്, അൽപദൂരം നടന്ന ശേഷം ചതുപ്പിലേക്കു കുഴഞ്ഞുവീണു. റോബിന്റെ കാറിൽ കയറ്റി ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ റിമാൻഡ് ചെയ്തു.ആദർശിന്റെ സംസ്കാരം ഇന്നു 12നു വീട്ടുവളപ്പിൽ. പിതാവ്: സോമൻ. അമ്മ: സുജാത.
കോട്ടയത്ത് ലഹരിക്കേസുകൾ പെരുകുന്നു 8 മാസം; പിടിയിലായത് 507 പേർ
കോട്ടയം ∙ ജില്ലയിൽ കോട്ടകെട്ടി രാസലഹരി. ഈ വർഷം ഓഗസ്റ്റ് വരെ 507 പേരെയാണ് നിരോധിത ലഹരിമരുന്നുമായി എക്സൈസ് പിടികൂടിയത്. എറണാകുളം (635), തിരുവനന്തപുരം (566) ജില്ലകൾക്കു പിന്നിൽ സംസ്ഥാനത്ത് മൂന്നാമതാണു കോട്ടയം. എക്സൈസിന്റെ മാത്രം കണക്കാണിത്.ദീർഘദൂര ബസുകളിലും ബൈക്കുകളിലുമായി അതിർത്തി കടത്തിയാണു ജില്ലയിലേക്കു വിൽപനക്കാർ രാസലഹരി എത്തിക്കുന്നതെന്ന് എക്സൈസ് പറയുന്നു. മെത്താംഫെറ്റമിൻ ബെംഗളൂരുവിൽനിന്നു കടത്തി ജില്ലയിലെത്തിച്ച് എംഡിഎംഎയാണെന്നു തെറ്റിദ്ധരിപ്പിച്ച് വൻ വിലയ്ക്കു മറിച്ചു വിൽക്കുകയാണെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ഇവ വ്യാപകമായതോടെ ജില്ലയിലേക്ക് എത്തുന്ന കഞ്ചാവിന്റെ അളവും കുറഞ്ഞതായും അധികൃതർ പറയുന്നു.
മുൻ കൗൺസിലറും ആദ്യം കസ്റ്റഡിയിൽ ; സിസിടിവി പരിശോധിച്ചപ്പോൾ വിട്ടയച്ചു
കോട്ടയം ∙ പുലർച്ചെ വീടിനു മുന്നിൽ നടന്ന കൊലപാതകത്തിൽ പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത് വീട്ടുടമയും കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ വി.കെ.അനിൽകുമാറിനെയാണ്. പിന്നെയാണു വീട്ടിൽനിന്നു മകൻ അഭിജിത്തിനെ പിടികൂടിയത്. ബഹളത്തിനിടെ ഒരാൾക്കു കുത്തേറ്റിട്ടുണ്ടെന്ന വിവരം വഴിയാത്രക്കാരനാണ് ഇല്ലിക്കലിലെ തട്ടുകടയിൽ വിളിച്ചുപറഞ്ഞത്. അവിടെനിന്നു കിട്ടിയ വിവര പ്രകാരം പൊലീസ് എത്തിയപ്പോൾ ശരീരമാകെ ചോരയിൽ കുളിച്ചു നിൽക്കുന്ന നിലയിൽ അനിൽകുമാറിനെ കണ്ടു. അങ്ങനെയാണു കസ്റ്റഡിയിൽ എടുത്തത്.
പിന്നീടു വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അനിൽകുമാറിന്റെ നിരപരാധിത്വം തെളിഞ്ഞത്. അഭിജിത്ത് ആദർശിനെ കുത്താൻ ശ്രമിച്ചപ്പോൾ പിടിച്ചുമാറ്റാൻ അനിൽകുമാർ ചെല്ലുന്നതും ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുത്തേറ്റശേഷം ചതുപ്പിൽ വീണ ആദർശിനെ അവിടെനിന്നു കയറ്റാനും കാറിൽ കയറ്റി ആശുപത്രിയിലേക്കു വിടാനും അനിൽകുമാറാണു മുൻകയ്യെടുത്തത്.
മകൻ വീട്ടിൽ ബഹളമുണ്ടാക്കുന്നെന്ന പരാതി 5 വർഷം മുൻപ് അനിൽകുമാർ വെസ്റ്റ് പൊലീസിൽ അറിയിച്ചിരുന്നു. പ്രായക്കുറവായതിനാൽ അഭിജിത്തിനെ സ്റ്റേഷനിൽ വിളിച്ച് ഉപദേശിച്ചു വിട്ടയച്ചു. കുറെക്കാലം കഴിഞ്ഞ് അഭിജിത്തിനു ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഏറെനാളത്തെ പരിചരണത്തിനുശേഷമാണു സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയത്. സ്ഥാനാർഥിയാക്കണമെന്ന ആവശ്യം തള്ളിയതോടെ അടുത്തകാലത്തായി പാർട്ടിയുമായി അകൽച്ചയിലായിരുന്നു അനിൽകുമാർ.
English Summary:
Kottayam Murder: A young man was fatally stabbed following a dispute over drug sales. The incident highlights the growing issue of drug-related crime in the Kottayam district. Police are investigating the network of drug peddlers and the sources of illegal substances.