ആലപ്പുഴ∙ വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ ആലപ്പുഴ സ്വദേശി ആവണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഞരമ്പിനേറ്റ തകരാര്‍ പരിഹരിച്ചെന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തില്‍ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂര്‍ത്തിയായത്. ഷാരോൺ, ആവണി
വെള്ളിയാഴ്ചയായിരുന്നു(21) ആവണിയുടെ വിവാഹം. അതിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ കുമരകത്തേക്ക് പോകുന്നതിനിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച ആവണിക്ക് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ വരന്‍ ഷാരോണ്‍ താലി ചാര്‍ത്തി. മനോരമന്യൂസ് ഈ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
ആവണിക്കും ഷാരോണിനുമുള്ള വിവാഹ സമ്മാനമായി ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കുമെന്ന് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. മാനേജിങ് ഡയറക്ടര്‍ എസ്.കെ.അബ്ദുള്ള അടങ്ങുന്ന സംഘം ആവണിയെയും കുടുംബത്തെയും സന്ദർശിച്ചു. ചേര്‍ത്തല ബിഷപ് മൂര്‍ സ്കൂള്‍ അധ്യാപികയാണ് ആവണി. ചേര്‍ത്തല കെ.വി.എം. എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്‍റ് പ്രഫസറാണ് ഭര്‍ത്താവ് ഷാരോണ്‍.
ഐസിയുവിൽ കല്യാണക്കച്ചേരി; മുഹൂർത്തം തെറ്റിക്കാൻ അപകടത്തിനായില്ല
ആലപ്പുഴ ∙ മുഹൂർത്തം തെറ്റിക്കാൻ അപകടത്തിനായില്ല; വേദനയ്ക്കു മീതേ നിറഞ്ഞ ആനന്ദത്തിൽ ആവണി പുഞ്ചിരി തൂകി. വധുവായി ഒരുങ്ങാനുള്ള യാത്രയ്ക്കിടെ വാഹനാപകടത്തിൽ സാരമായി പരുക്കേറ്റ ആവണിക്ക് നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഷാരോൺ താലികെട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച(21) ഉച്ചയ്ക്കു 12.23ന് ചടങ്ങു നടക്കുമ്പോൾ, വിവാഹം നടക്കേണ്ടിയിരുന്ന ആലപ്പുഴയിലെ കല്യാണമണ്ഡപത്തിനു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും പ്രാർഥനയോടെ നിന്നു.
തുമ്പോളി മുതലശേരി എം.എം.ജഗദീശിന്റെയും ജ്യോതിയുടെയും മകൾ ആവണിയും തുമ്പോളി വളപ്പിൽ വി.ടി. മനുവിന്റെയും രശ്മിയുടെയും മകൻ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച(21) ഉച്ചയ്ക്കു 12.12നും 12.25നും ഇടയിൽ ആലപ്പുഴ ആറാട്ടുവഴിയിലെ ഓഡിറ്റോറിയത്തിലാണു നടത്താനിരുന്നത്. വിവാഹത്തിന് ഒരുങ്ങാനായി കോട്ടയത്തേക്കു പോകുമ്പോൾ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കുമരകം – ചേർത്തല റോഡിൽ ചൂളപ്പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ആവണിക്കും കൂടെയുണ്ടായിരുന്നവർക്കും പരുക്കേൽക്കുകയായിരുന്നു.
ആവണിയെ ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനു സാരമായ പരുക്കുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു മാറ്റി. നട്ടെല്ലിനു ശസ്ത്രക്രിയ വേണ്ടിവരും.നിശ്ചയിച്ച സമയത്തു വിവാഹം നടത്തണമെന്ന ആഗ്രഹം ഇരു കുടുംബങ്ങളും അറിയിച്ചപ്പോൾ ആശുപത്രിയിൽ സൗകര്യം ഒരുക്കുകയായിരുന്നെന്ന് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരൻ പറഞ്ഞു. English Summary:
Alappuzha Accident Wedding: Avani\“s wedding took place in the hospital after a car accident left her with spinal injuries. Despite the accident, the wedding proceeded as planned in the hospital ICU, and her surgery was successful, with the hospital offering free treatment. |
|