LHC0088 • 11 hour(s) ago • views 887
തിരുവനന്തപുരം ∙ ആസ്മ രോഗികൾ ഇൻഹെയ്‌ലറിൽ ഉപയോഗിക്കുന്ന വില കൂടിയ മരുന്ന് വ്യാജമായി നിർമിച്ചു കേരളത്തിൽ എത്തിച്ചതു മൈസൂരുവിൽ നിന്നാണെന്നു മൊഴി. മരുന്നു കണ്ടെടുത്ത തൃശൂർ പൂങ്കുന്നത്തെ മെഡ്‌വേൾഡ് ഫാർമയിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് ഡ്രഗ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സിപ്ല കമ്പനിയുടെ സെറോപ്ലോ റോട്ടാകാപ്സ് 250ന്റെ വ്യാജ ഗുളികകളാണു കണ്ടെടുത്തത്.
സിപ്ലയുടെ ലോഗോയും ബാച്ച് നമ്പറും വിലയുമൊക്കെ കൃത്യമായി ചേർത്താണു വ്യാജ ഗുളികയുടെ കവർ തയാറാക്കിയിരിക്കുന്നത്. മുൻപൊക്കെ ഒരേ മരുന്ന് മറ്റൊരു പേരിൽ വ്യാജമായി ഇറക്കുന്നതായിരുന്നു രീതി. എന്നിട്ട് ഡോക്ടർമാരെ സ്വാധീനിച്ച് ആ മരുന്നു രോഗികൾക്കു നൽകും. ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ വ്യാജമായി നിർമിക്കാറില്ല.
എന്നാൽ വൻകിട കമ്പനിയുടെ മരുന്ന് അതേ കമ്പനിയുടെ പേരിൽ വിപണിയിൽ എത്തുന്നത് ഏറെ അപകടകരമായ സാഹചര്യമാണെന്നാണ് ഡ്രഗ് കൺട്രോൾ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഗുരുതരാവസ്ഥയിലുള്ളവർക്കു നൽകേണ്ട മരുന്നും ഇത്തരത്തിൽ വരാം. വൻകിട കമ്പനികളുടെ മരുന്നുകൾ അതേ പേരിൽ വ്യാജമായി നിർമിക്കുന്നുണ്ടെന്ന സംശയം നേരത്തേ ഉണ്ടെങ്കിലും ഇപ്പോഴാണു കണ്ടെത്തുന്നത്. ഡ്രഗ് കൺട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കു പോലും വിശദമായ പരിശോധനയുടെ ഒടുവിലേ വ്യാജനെ തിരിച്ചറിയാൻ സാധിച്ചുള്ളൂ.
ക്യുആർ കോഡ് മാത്രമാണു രക്ഷയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബോക്സിനു പുറത്തെ ക്യുആർ കോഡ് സ്കാൻ ചെയ്ത് മരുന്ന് ഒറിജിനലാണോയെന്നു കണ്ടെത്താം. എന്നാൽ സ്മാർട് ഫോൺ ഉപയോഗിക്കുന്നവരിൽ വലിയൊരു വിഭാഗവും സ്കാൻ ചെയ്തു കണ്ടെത്താൻ അറിയാത്തവരാണ്.
English Summary:
Asthma medicine fraud is on the rise in Kerala with counterfeit drugs being manufactured in Mysore. The drug control department warns of the dangers of fake medications and advises using QR codes to verify authenticity. This situation is extremely dangerous and puts people\“s lives in danger. |
|