ന്യൂഡൽഹി∙ ഗവർണർമാർ അകാരണമായി ബില്ലുകൾ വച്ചു താമസിപ്പിക്കാൻ പാടില്ലെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് രാഷ്ട്രപതിയുടെ റഫറൻസിനുള്ള സുപ്രീം കോടതിയുടെ മറുപടി. ഒപ്പം, ഭരണഘടനാപരമായ മറ്റ് അധികാരസ്ഥാപനങ്ങളിൽ കോടതി കടന്നുകയറുന്നതു തെറ്റാണെന്നും വ്യക്തമാക്കുന്നു.
രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കപ്പെട്ടപ്പോൾ സംസ്ഥാനങ്ങൾ കൂടി ഉൾപ്പെട്ട ചേരിതിരിഞ്ഞ രാഷ്ട്രീയ വിഷയമായി അതു മാറി. കേന്ദ്ര സർക്കാരും എൻഡിഎ ഭരണത്തിലുള്ള മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഒഡീഷ, യുപി, ഗോവ സംസ്ഥാനങ്ങളും ഒരുവശത്ത്. മറുവശത്ത്, തമിഴ്നാട്, കേരളം, കർണാടക, തെലങ്കാന, ഹിമാചൽ, പഞ്ചാബ്.
ബില്ലുകളിൻമേൽ എത്ര സമയത്തിനുള്ളിൽ രാഷ്ട്രപതിയോ ഗവർണറോ തീരുമാനമെടുക്കണമെന്നു ഭരണഘടനയിൽ പറഞ്ഞിട്ടില്ല. അപ്പോൾ, കോടതി സമയപരിധി നിശ്ചയിക്കുന്നത് മറ്റുള്ളവരുടെ അധികാരമേഖലയിലേക്കുള്ള കടന്നുകയറ്റമാകുമെന്നാണ് അഞ്ചംഗ ബെഞ്ചിന്റെ നിലപാട്. അപ്പോഴും, ന്യായമായ സമയപരിധിക്കുള്ളിൽ ഗവർണറുടെ തീരുമാനമുണ്ടാകണമെന്നും കോടതി പറയുന്നു.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
ആ ന്യായമായ സമയമെന്നത് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ കോടതിക്ക് ഇടപെടാം, നടപടിയെടുക്കാൻ ഗവർണറോട് നിർദേശിക്കാം. ബില്ലുകളിൻമേലുള്ള ഗവർണറുടെ നടപടികൾ അധികാരത്തിന്റെയല്ല, ആ പദവിയിലുള്ള ആളുടെ പ്രവർത്തനമായാണ് കാണേണ്ടതെന്നും കോടതി പറഞ്ഞു.
ഗവർണർ ആർ.എൻ.രവി തീരുമാനമെടുക്കാതെ ബില്ലുകൾ വച്ചുതാമസിപ്പിക്കുന്നു എന്നാണ് തമിഴ്നാട് വാദിച്ചത്. എത്ര സമയത്തിനുള്ളിൽ തീരുമാനം വേണമെന്നു വ്യവസ്ഥയില്ലാത്തതാണ് പ്രശ്നമാകുന്നത് എന്നു വിലയിരുത്തിയാണ് തമിഴ്നാടിന്റെ കേസിൽ സുപ്രീം കോടതി കഴിഞ്ഞ ഏപ്രിലിൽ സമയവ്യവസ്ഥ കൊണ്ടുവന്നത്. ഈ വ്യവസ്ഥ തങ്ങളുടെ ഇടപെടലിനു സമയമായോ എന്നതിന്റെ അളവുകോലായി ഉപയോഗിക്കാനുള്ളതാണെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, അത്തരം ന്യായീകരണത്തോടെ വ്യവസ്ഥ നിശ്ചയിക്കുന്നതുപോലും അധികാരപരിധിവിടുന്ന നടപടിയാകുമെന്നാണ് ഇന്നലെ വ്യക്തമാക്കപ്പെട്ടത്.
ഒരുപരിധിവരെ സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതാണ് കോടതി ഇന്നലെ പറഞ്ഞ നിലപാടെന്നു വ്യാഖ്യാനിക്കാം. പക്ഷേ, ന്യായമായ സമയത്തിനുള്ളിൽ ഗവർണറുടെ തീരുമാനമുണ്ടാകണമെന്ന് പറയുമ്പോഴും, ആ പരിധി എങ്ങനെ കണക്കാക്കുമെന്ന പ്രശ്നം ബാക്കിനിൽക്കുന്നു. തീരുമാനം അകാരണമായി നീണ്ടുപോയാൽ കോടതിക്ക് ഇടപെട്ട് ഗവർണർക്കു നിർദേശം നൽകാനാവും. പക്ഷേ, അതിനു സംസ്ഥാനം നിയമയുദ്ധത്തിനു പോകണം. നിലവിലെ സാഹചര്യത്തിൽ, കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാസാക്കപ്പെടുന്ന ഓരോ ബില്ലിന്റെ പേരിലും കോടതിയെ സമീപിക്കണമോ എന്ന ചോദ്യമുണ്ട്. എങ്കിലും, കോടതിയുടെ ഇടപെടലെന്ന സാധ്യത ഗവർണർക്കും കേന്ദ്ര സർക്കാരിനും മേൽ സമ്മർദമായി നിൽക്കാം.
സമയപരിധി വിഷയത്തിലുൾപ്പെടെ ജുഡീഷ്യറിക്കും സർക്കാരിനും ഗവർണർക്കുമുള്ള അധികാരത്തിന്റെ അതിരുകൾ വ്യക്തമാക്കാൻകൂടിയാണ് കോടതി ശ്രമിച്ചത്. ബില്ലുകളിൽ ഗവർണറെടുക്കുന്ന തീരുമാനത്തിന് മന്ത്രിസഭയുടെ ഉപദേശം ബാധകമല്ലെന്നു പറഞ്ഞപ്പോൾ അത് സർക്കാരിനുള്ള പരിധിയായി.
എന്നാൽ, ബില്ലിന് അംഗീകാരമില്ലെങ്കിൽ ഗവർണർ അത് നിയമസഭയ്ക്ക് മടക്കിനൽകണമെന്ന് വ്യക്തമാക്കിയത് നിയമനിർമാതാക്കളുടെയും സർക്കാരിന്റെയും അവകാശം സംരക്ഷിക്കുന്ന നടപടിയായി. ഏതൊക്കെ സാഹചര്യങ്ങളിൽ മാത്രമാണ് കോടതിക്ക് ഇടപെടാൻ സാധിക്കുകയെന്ന് വിശദീകരിച്ച് ജുഡീഷ്യറിയുടെ അതിരും എടുത്തുകാട്ടി. എങ്കിലും, റഫറൻസിനുള്ള മറുപടി ബില്ലുകളെച്ചൊല്ലി കേന്ദ്രവും ചില സംസ്ഥാനങ്ങളും തമ്മിലുള്ള പോരിന് അറുതി വരുത്തുമെന്നു കരുതാനാവില്ല. പോരിന്റെ അടിസ്ഥാനം ഏതെങ്കിലും ഭരണഘടനാതത്വത്തിന്റെ വ്യാഖ്യാനമല്ല, രാഷ്ട്രീയമാണ് എന്നതുതന്നെ കാരണം. English Summary:
Supreme Court on Governor\“s Bill Delay: Clarifying Constitutional Powers Amidst Political Play |