search

വിദ്യാഭ്യാസ പുരോഗതിക്ക് വേണം സംസ്ഥാനനയം

cy520520 The day before yesterday 11:16 views 567
  

  



കേരളത്തിലെ ഒരു സ്കൂളിൽ, പുതുതായി നിയമിതനായ പ്രിൻസിപ്പലിനു സമഗ്രശിക്ഷാ കേരളം (എസ്എസ്കെ) പ്രോജക്ടിനു കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററിൽനിന്നൊരു (ബിആർസി) ഫോൺകോൾ. കുറെ ചോദ്യങ്ങൾ - ശാലാസിദ്ധിയിൽ റജിസ്റ്റർ ചെയ്തോ? നിപുൺ ഉത്സവ് നടത്തിയോ? ജാദുയി പിടാരയുടെ ഫണ്ട് ചെലവഴിച്ചോ?

  • Also Read അലൻ കൊലപാതകം: മുഖ്യപ്രതി അടക്കം 5 പേർ ഒളിവിൽ, ബന്ധുക്കളും സുഹൃത്തുക്കളും കരുതൽ തടങ്കലിൽ; നിഷ്ക്രിയരായി പൊലീസ്   


ഒന്നും മനസ്സിലാകാതെയിരുന്ന പ്രിൻസിപ്പൽ ഗൂഗിളിൽ സേർച് ചെയ്തപ്പോഴാണ് ‘സമഗ്രശിക്ഷ’ വഴി നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളുടെ പേരുകളാണിവയെന്നു പിടികിട്ടിയത്. വിദ്യാഭ്യാസം കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു തുല്യ അധികാരമുള്ള പൊതുപട്ടികയിലെ (കൺകറന്റ്) വിഷയമാണെങ്കിലും നടപ്പാക്കുന്ന പദ്ധതികളുടെ പേരുപോലും മനസ്സിലാകാത്ത വിധത്തിൽ കേന്ദ്രീകരണം സംഭവിക്കുന്നു എന്നതിന്റെ ചെറിയ ഉദാഹരണമാണിത്.

  • Also Read മുട്ടടയിൽ ഇന്ന് ഇന്റർവെൽ പഞ്ച്; വൈഷ്ണയോ പകരം സ്ഥാനാർഥിയോ? കോൺഗ്രസിനു നിർണായക മണിക്കൂറുകൾ   


ഹിന്ദി, സംസ്കൃത പേരുകൾ നമുക്കു മനസ്സിലാകുംവിധം മലയാളത്തിലേക്കോ ഇംഗ്ലിഷിലേക്കോ മാറ്റാനാകില്ല. അതതിടങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചു പദ്ധതികൾ പരിഷ്കരിക്കാൻപോലും സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യമില്ല. ഇന്ത്യയുടെ പൊതുസാഹചര്യങ്ങൾക്കനുസരിച്ചു നിശ്ചയിക്കുന്ന പല ലക്ഷ്യങ്ങളും കൈവരിച്ചുകഴിഞ്ഞ കേരളം പോലെയുള്ള സംസ്ഥാനങ്ങളെ ‘ഒരു രാജ്യം, ഒരു കരിക്കുലം, ഒരു വിദ്യാഭ്യാസവ്യവസ്ഥ’ എന്ന ആശയം പ്രതിസന്ധിയിലാക്കുന്നു എന്നതാണു വാസ്തവം.
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദേശീയനയവും പിഎം ശ്രീയും

പുതിയ ദേശീയ വിദ്യാഭ്യാസനയം (എൻഇപി 2020) സംബന്ധിച്ച പ്രധാന വിമർശനം അക്കാദമിക വിദഗ്ധരുമായും സംസ്ഥാനങ്ങളുമായും വേണ്ടത്ര കൂടിയാലോചന നടത്താതെയും പാർലമെന്റിൽ ചർച്ച ചെയ്യാതെയും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയെന്നതാണ്. 2009ൽ പ്രാബല്യത്തിലായ വിദ്യാഭ്യാസാവകാശ നിയമവുമായി ബന്ധപ്പെട്ടു നിലവിൽവന്ന സർവശിക്ഷാ പദ്ധതിയെപ്പോലും എൻഇപിയുമായി കൂട്ടിക്കെട്ടി ഫണ്ട് നിഷേധിക്കാൻ കേന്ദ്രം ഉപയോഗിക്കുന്നതിനെ ചില സംസ്ഥാനങ്ങൾ ശക്തമായി എതിർക്കുന്നു. ദേശീയനയം നടപ്പാക്കാനോ നടപ്പാക്കാതിരിക്കാനോ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്നും അതിന്റെ പേരിൽ മറ്റു ഫണ്ടുകൾ തടയുന്നതു ശരിയല്ലെന്നുമാണ് തമിഴ്നാട് നൽകിയ കേസിൽ സുപ്രീം കോടതി ഉത്തരവിട്ടത്.   കെ.വി.മനോജ്

എൻഇപിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്ന പിഎം ശ്രീ പദ്ധതി സംബന്ധിച്ച ചർച്ചകൾ ഈ പശ്ചാത്തലത്തിലാണു പ്രസക്തമാകുന്നത്.

ഓരോ ബിആർസിക്കു കീഴിലും രണ്ടു സ്കൂളുകളിൽ മാത്രമാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുകയെങ്കിലും മറ്റു സ്കൂളുകളും എൻഇപി 2020 പൂർണമായിത്തന്നെ നടപ്പാക്കണം എന്നതാണ് ഈ പദ്ധതിയിലെ ഏറ്റവും വലിയ കാണാച്ചരട്. എൻഇപി എല്ലാ അർഥത്തിലും നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഎം ശ്രീ പദ്ധതി ആവിഷ്കരിച്ചതെന്നതിനാൽ അത്തരമൊരു വ്യവസ്ഥയിൽ അദ്ഭുതവുമില്ല.

പിഎം ശ്രീ സ്കൂളുകളിൽ കരിക്കുലവും പാഠപുസ്തകങ്ങളും സംസ്ഥാനങ്ങൾക്കു തയാറാക്കാമെങ്കിലും അതു കേന്ദ്രപാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായിരിക്കണം. കേന്ദ്രഫണ്ട് ലഭിക്കുക 2027 മാർച്ച് 31 വരെ മാത്രമാണെങ്കിലും അതിനുശേഷവും പിഎം ശ്രീ സ്കൂളുകളെ അതേ ബ്രാൻഡിങ്ങോടെ നിലനിർത്തണം. പദ്ധതിക്കുള്ള 40% തുക സംസ്ഥാനങ്ങൾ കണ്ടെത്തണമെങ്കിലും പദ്ധതിയിൽനിന്നു പിന്മാറുന്നത് ഉൾപ്പെടെ ഒരു കാര്യത്തിലും സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യമില്ല. മറ്റെല്ലാ ഫണ്ടുകളും പിഎം ശ്രീയുമായി ബന്ധിപ്പിച്ച് ഈ വ്യവസ്ഥകളെല്ലാം അംഗീകരിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നു.

ഗുണമേന്മയും കേന്ദ്രീകരണവും

ലോകമെങ്ങും വിദ്യാഭ്യാസം കൂടുതൽ വികേന്ദ്രീകരിക്കപ്പെടുകയാണ്. ആഗോള മാനവശേഷി സൂചികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഫിൻലൻഡ് അടക്കമുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലുമെല്ലാം വികേന്ദ്രീകൃത വിദ്യാഭ്യാസ വ്യവസ്ഥയാണുള്ളത്. ഇന്ത്യയിലും വിദ്യാഭ്യാസം എക്കാലവും സംസ്ഥാനങ്ങളുടെയും പ്രാദേശിക സംവിധാനങ്ങളുടെയും ചുമതലയിലായിരുന്നു. 1937ലെ ഗാന്ധിജിയുടെ വാർധ വിദ്യാഭ്യാസ പദ്ധതി, 1968ലെയും 1986ലെയും ദേശീയ വിദ്യാഭ്യാസ നയങ്ങൾ, 1992ലെ 73, 74 ഭരണഘടനാ ഭേദഗതികൾ, 2009ലെ വിദ്യാഭ്യാസാവകാശ നിയമം എന്നിവയെല്ലാം വിദ്യാഭ്യാസ പ്രക്രിയയിൽ പ്രാദേശിക സർക്കാരുകളുടെ പങ്കിനെ പരിഗണിച്ചു. എന്നാൽ, എൻഇപി 2020 അക്കാദമികമായും ഭരണപരമായും ഘടനാപരമായും ധനവിനിയോഗപരമായും ഇതിന്റെ എതിർദിശയിലാണു നീങ്ങുന്നത്.

എൻഎസ്ക്യുഎഫ് ഉദാഹരണം

രാജ്യം മുഴുവൻ ഒരു ദിശയിൽ നീങ്ങുമ്പോൾ നമ്മൾ മാത്രമായി മാറിനിൽക്കുന്നതു പ്രായോഗികമല്ലെന്ന വാദം പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തു നിലവിലുള്ള സംവിധാനം മാറ്റി കേന്ദ്ര സംവിധാനത്തിലേക്കു മാറുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനു തെളിവായി ഒരനുഭവം പറയാം.

2018-19ൽ ആണ് കേരളത്തിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾ പൂർണമായി നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിനു (എൻഎസ്ക്യുഎഫ്) കീഴിലായത്. എന്നാൽ, നടപ്പായി 7 വർഷത്തിനുശേഷവും കോഴ്സുകൾ മുൻപത്തേതിനെക്കാൾ ആകർഷകമാകുകയോ വിദ്യാർഥികൾക്കു തൊഴിൽസാധ്യത വർധിക്കുകയോ െചയ്തിട്ടില്ല.

2018 മുതൽ യുപിഎസ്‌സിയും എസ്എസ്‌സിയും ഉൾപ്പെടെയുള്ള കേന്ദ്ര സ്ഥാപനങ്ങളുടെ മത്സരപ്പരീക്ഷകളിൽ എൻഎസ്ക്യുഎഫ് സർട്ടിഫിക്കറ്റുള്ളവർക്കു വെയ്റ്റേജ് നൽകുമെന്ന കേന്ദ്ര വാഗ്ദാനമുൾപ്പെടെ പാഴ്‌വാക്കായി. അതുവരെയുണ്ടായിരുന്ന കേരള പിഎസ്‌സിയുടെ അംഗീകാരം നഷ്ടമാകുകയും ചെയ്തു. സ്ഥിര അധ്യാപക നിയമനങ്ങളും ലാബുകളും സെക്ടർ സ്കിൽ കൗൺസിലുകളും പ്രാക്ടിക്കൽ സൗകര്യങ്ങളുമൊന്നുമില്ലാതെ വിഎച്ച്എസ്ഇ കോഴ്സുകൾ അനാകർഷകമായി.

സംസ്ഥാനങ്ങളുടെ ബദൽ

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വിദ്യാഭ്യാസരംഗത്തെ കേന്ദ്ര ഇടപെടൽ അംഗീകരിക്കുന്നില്ല. തമിഴ്നാടും കർണാടകയും സ്വന്തമായി സംസ്ഥാന വിദ്യാഭ്യാസനയം തയാറാക്കി. ബംഗാളും അതേ പാതയിലാണ്. അപാർ ഐഡി പദ്ധതി വഴി കേന്ദ്രം ‘ഒരു രാജ്യം, ഒരു ഐഡി’ എന്ന കേന്ദ്രീകൃത ഡേറ്റ ബാങ്ക് ലക്ഷ്യമിടുമ്പോൾ ‘മക്കൾ ഐഡി’യെന്ന സ്വന്തം ഡേറ്റ ബാങ്കിലൂടെ സംസ്ഥാനത്തിന്റെ ഡേറ്റ പരമാധികാരം ഉറപ്പാക്കുകയാണു തമിഴ്നാട് ചെയ്തത്. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നടപ്പാക്കാതിരിക്കുകയല്ല; സ്വന്തം അവകാശങ്ങൾ ഉറപ്പുവരുത്തി നടപ്പാക്കുകയാണ് തമിഴ്നാടിന്റെ രീതി.

വിദ്യാഭ്യാസഘടന മാറ്റേണ്ടിവരും

പിഎം ശ്രീ പദ്ധതി നടപ്പാക്കുമ്പോൾ കേന്ദ്രം നിർദേശിക്കുന്ന 5+3+3+4 എന്ന വിദ്യാഭ്യാസഘടന ഉൾപ്പെടെ നാം സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോൾ ഇത്തരമൊരു അടിച്ചേൽപിക്കൽ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ അവകാശനിയമപ്രകാരം എട്ടാം ക്ലാസ് പ്രൈമറി വിഭാഗത്തിലാണെങ്കിലും കേരളത്തിൽ അത്തരമൊരു ഘടനാമാറ്റം നടപ്പാക്കാതെ ഹൈസ്കൂളിന്റെ ഭാഗമായി എട്ടാം ക്ലാസ് തുടരുന്നു. അതിന്റെ പേരിൽ സൗജന്യ യൂണിഫോമോ സൗജന്യ ഉച്ചഭക്ഷണമോ സൗജന്യ പാഠപുസ്തകങ്ങളോ നിഷേധിക്കപ്പെട്ടുമില്ല. ഫെഡറലിസത്തിൽ ഊന്നിയുള്ള ഈ ഉദാരനയമാണ് ഇപ്പോൾ അപ്രത്യക്ഷമാകുന്നത്.

കേരളത്തിനു മുന്നിലുള്ള വഴികൾ

വിദ്യാഭ്യാസരംഗത്ത് ഇന്ത്യയ്ക്കാകെ വഴികാട്ടിയ സംസ്ഥാനമാണു കേരളം. ലോകം അടച്ചുപൂട്ടലിന്റെ പകപ്പിലായിരുന്ന കോവിഡ്കാലത്ത് ഡിജിറ്റൽ പഠനസാധ്യതകൾ സാമൂഹികവിടവുകൾ പരിഹരിച്ചു ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനം. പത്തൊൻപതാം നൂറ്റാണ്ട് മുതലുള്ള ആധുനിക വിദ്യാഭ്യാസ പാരമ്പര്യം കൊണ്ടുതന്നെ പല വിദ്യാഭ്യാസ സൂചികകളിലും രാജ്യത്തിന്റെ പൊതുശരാശരിയിലും ഏറെ മുകളിലാണു നാം. ഈ യാഥാർഥ്യം ഉൾക്കൊണ്ട്, നമ്മുടെ ഭാവിലക്ഷ്യങ്ങൾ മുന്നിൽക്കണ്ടുള്ള വിദ്യാഭ്യാസനയം നമുക്കാവശ്യമാണ്.

വ്യവസായം മുതൽ എക്സൈസ് വരെ എത്രയോ രംഗങ്ങളിൽ സ്വന്തം നയങ്ങളുള്ള കേരളത്തിനു വിദ്യാഭ്യാസരംഗത്തും നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നയം വേണ്ടതല്ലേ? കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങൾ പരിഗണിച്ചുള്ള വിദ്യാഭ്യാസഘടനയും ഉള്ളടക്കവും തീരുമാനിക്കാൻ അത്തരമൊരു നയം വഴികാട്ടിയാകും. കേന്ദ്രം ഇപ്പോൾ നടപ്പാക്കുന്ന പല പദ്ധതികളുടെയും ഉദ്ദേശ്യലക്ഷ്യങ്ങൾ ഏറെ മുൻപേ നാം കൈവരിച്ചതാണെന്നു കേന്ദ്രത്തോടു പറയാനാകണം.

അർഹമായ ഫണ്ട് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ഫെഡറൽ വ്യവസ്ഥ ഉറപ്പു തരുന്ന അവകാശങ്ങളുടെ അടിസ്ഥാനത്തിൽ നീതിന്യായ പരിഹാരം തേടണം. ഒപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനല്ലാത്ത എല്ലാ പദ്ധതികളും അവസാനിപ്പിക്കുകയും അനാവശ്യച്ചെലവുകളും ആവർത്തനച്ചെലവുകളും കുറയ്ക്കുകയും ചെയ്താൽ ഫണ്ടിന്റെ പേരിലുള്ള കേന്ദ്ര ആശ്രിതത്വം വലിയൊരളവു വരെ കുറയ്ക്കുകയും ചെയ്യാം

(എസ്‌സിഇആർടി മുൻ റിസർച് ഓഫിസറും ഫുൾബ്രൈറ്റ് ഫെലോയുമാണ് ലേഖകൻ)
English Summary:
State Education Policy: State Education Policy is essential for Kerala\“s educational progress, especially given the trend of centralization. Kerala needs its own policies to address its unique social, economic, and cultural contexts. This will help the state achieve its future educational goals and reduce dependence on central funding.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157052