തിരുവനന്തപുരം ∙ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് നടത്തി.
വൈഷ്ണയുടെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെയും വാദം കേട്ട കമ്മിഷൻ, തീരുമാനം ഇന്ന് ഉച്ചയ്ക്കു മുൻപ് പ്രഖ്യാപിക്കുമെന്ന് ഇരു ഭാഗത്തെയും അറിയിച്ചു. നിയമത്തിലും കമ്മിഷനിലും വിശ്വാസമുണ്ടെന്നും പ്രചാരണം തുടരുമെന്നും വൈഷ്ണ പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാന്റെ ഓഫിസിൽ ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു. വോട്ടർ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറും മറ്റ് അധികൃതരും പ്രവർത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഡ്വ.മൃദുൽ ജോൺ മാത്യു കമ്മിഷനെ അറിയിച്ചു. പരാതി നൽകിയ ധനേഷിന്റെ വീട്ടു നമ്പറിൽ 28 വോട്ടർമാരുടെ പേരുണ്ടെന്നും അഭിഭാഷകൻ അറിയിച്ചെങ്കിലും അതിന് ഈ കേസുമായി നേരിട്ടു ബന്ധമില്ലാത്തതിനാൽ പരിഗണിക്കുന്നില്ലെന്നു കമ്മിഷൻ പറഞ്ഞു.