തൃശൂർ ∙ ക്യാമറകൾ മോഷ്ടിച്ചു കടകളിൽ കൊണ്ടുപോയി വിൽക്കുകയും അതേ കടയിൽ തന്നെ കയറി വീണ്ടും മോഷ്ടിക്കുകയും ചെയ്യുന്നതു പതിവാക്കിയ യുവാവ് സിറ്റി പൊലീസിന്റെ പിടിയിൽ. വയനാട് മാനന്തവാടി സ്വദേശിയും എറണാകുളം വല്ലാർപാടത്തു വാടകയ്ക്കു താമസിക്കുകയും ചെയ്യുന്ന കുളത്തിങ്കൽ ഫൈസൽ (35) ആണു പിടിക്കപ്പെട്ടത്. തൃശൂർ നഗരത്തിലെ പ്രധാന ക്യാമറാ ഷോറൂമിൽ നിന്നു 14 ലക്ഷം രൂപ വിലവരുന്ന ക്യാമറകളും ലെൻസുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 10ന് പുലർച്ചെ ആയിരുന്നു കവർച്ച. സ്ഥാപനത്തിന്റെ സിസിടിവി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഫോണിൽ വിവരം ലഭിച്ചപ്പോൾ ഉടമസ്ഥൻ തൊട്ടടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ഫോണിൽ വിളിച്ചു പരിസരം നിരീക്ഷിക്കാൻ പറഞ്ഞെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടില്ല. രാവിലെ പതിവുപോലെ സ്ഥാപനം തുറക്കാൻ ഉടമ എത്തിയപ്പോഴാണു കടയുടെ ഷട്ടർ പൊളിച്ച നിലയിൽ കണ്ടത്.
കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ സാഗോക് ടീമും ഈസ്റ്റ് പൊലീസും അന്വേഷണം ഏറ്റെടുത്തു. ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് എറണാകുളത്തെത്തിയെങ്കിലും ഇയാൾ വീടുപൂട്ടി കടന്നുകളഞ്ഞതായി കണ്ടെത്തി. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള യാത്രാമധ്യേയാണു ഫൈസലിനെ കുടുക്കിയത്. കഴിഞ്ഞ മാസം കായംകുളത്തെ വലിയ ക്യാമറാ ഷോറൂമിൽ മോഷണം നടത്തിയതു താനാണെന്ന് ഇയാൾ സമ്മതിച്ചു.
അവിടെ നിന്നു മോഷ്ടിച്ച ക്യാമറ തൃശൂരിലെ ഷോറൂമിൽ വിറ്റു. കടയും പരിസരവും നന്നായി നിരീക്ഷിച്ചു മനസ്സിലാക്കി മടങ്ങിയ ഫൈസൽ മടങ്ങിയെത്തി ഷട്ടർ കുത്തിത്തുറന്നു മോഷ്ടിക്കുകയായിരുന്നു. ഗൂഗിളിൽ തിരഞ്ഞാണ് ഇയാൾ ക്യാമറ വിൽക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ കണ്ടെത്തുന്നത്. മോഷണം നടത്തിയ ശേഷം മറ്റു കടകളിൽ കൊണ്ടുപോയി വിൽക്കും. വിറ്റ കടയിൽ തന്നെ പിന്നീടു കയറി മോഷ്ടിക്കുകയും ചെയ്യും.
എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഈസ്റ്റ് എസ്എച്ച്ഒ എം.ജെ. ജിജോ, എസ്ഐ ബിബിൻ ബി. നായർ, സാഗോക് ടീം അംഗങ്ങളായ എഎസ്ഐ പഴനിസ്വാമി, സീനിയർ സിപിഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സിപിഒമാരായ സുനീബ്, ശ്രീജിത്ത്, നൈജോൺ, അരുൺ, ഈസ്റ്റ് എസ്ഐ ബാലസുബ്രഹ്മണ്യം, ലിഷ, ഹരീഷ്, ദീപക്, അജ്മൽ, സുഹൈൽ എന്നിവരടങ്ങുന്ന സംഘമാണു പിടികൂടിയത്. English Summary:
Camera theft in Thrissur led to the arrest of a serial thief. The accused, Faisal, confessed to stealing cameras and selling them before robbing the same shops again, demonstrating a pattern of calculated criminal activity. |