പൊന്നാനി ∙ 18 വർഷം മുൻപ് കാണാതായ യുവതിയെ പൊന്നാനി പൊലീസ് കണ്ടെത്തി. 2007ൽ എടപ്പാളിലെ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായതോടെ വീട്ടുകാർ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇവരെ കുറിച്ച് യാതൊരു സൂചനകളും ലഭിച്ചില്ല. ജോലി സ്ഥലത്ത് കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെയും അന്നേ ദിവസം തന്നെ കാണാതായിരുന്നു. യുവതിയെ കുറിച്ച് വിവരങ്ങളില്ലാത്തതിനാൽ തെളിയാത്ത കേസുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ഇൗ കേസും കോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നതാണ്.
ഇതിനു ശേഷമാണ് ഇലന്തൂർ നരബലി കേസിന്റെ പശ്ചാത്തലത്തിൽ കാണാതായ യുവതികളെക്കുറിച്ച് പുനരന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും പുതിയ നിർദേശം വരുന്നത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നൽകുകയും ചെയ്തു. യുവതിയെ കാണാതായ ദിവസം തന്നെ കാണാതായ കോഴിക്കോട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇയാൾ ഇടയ്ക്ക് നാട്ടിൽ വന്നു പോകുന്നതായി പൊലീസിന് വിവരം കിട്ടി. തുടർന്ന് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചതോടെയാണ് യുവതിയും ഇയാളും വർഷങ്ങളായി ഒരുമിച്ച് ജീവിക്കുകയാണെന്ന് വ്യക്തമായത്.
തമിഴ്നാട്ടിലും കേരളത്തിലുമായി നടത്തിയ അന്വേഷണത്തിലാണ് യുവതിയിലേക്ക് എത്താൻ കഴിഞ്ഞത്. യുവതിയെ കോടതിയിൽ ഹാജരാക്കി. പൊന്നാനി സിഐ എസ്.അഷ്റഫ്, എസ്ഐ സി.വി.ബിബിൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ എൻ.സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എസ്.പ്രശാന്ത് കുമാർ, വി.റെജിൻ, കെ.എൻ.രതിക എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. English Summary:
Missing person found after 18 years in Ponnani. Police investigation revealed she had been living with a man who disappeared the same day she did, and now she has been found in Tamil Nadu and presented to the court. |
|