LHC0088 • 3 hour(s) ago • views 508
തൃശൂർ ∙ രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൽ 10 പുള്ളിമാനുകൾ ചത്തു. ഒരെണ്ണം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തതാണെന്നും ബാക്കിയുള്ളവ പേടിച്ച് ഹൃദയാഘാതം മൂലമാണ് ചത്തത് എന്നുമാണ് പാർക്ക് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം തുടങ്ങി. വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി.മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. വിശദ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. നാലു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദേശം.
തിങ്കൾ രാത്രിയാണ് മാനുകൾ ചത്തത് എന്നാണ് നിഗമനം. പുള്ളിമാനുകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് തെരുവുനായ്ക്കൾ അതിക്രമിച്ചു കടക്കുകയായിരുന്നു എന്നാണ് പാർക്ക് അധികൃതർ വിശദീകരിക്കുന്നത്. വിവരമറിഞ്ഞ് ചൊവ്വാഴ്ച പാർക്കിലെത്തിയ മാധ്യമ പ്രവർത്തകരെ ഗേറ്റിൽ തടഞ്ഞു. സ്ഥലത്തില്ല എന്നാണ് ഡയറക്ടർ ബി.എൻ.നാഗരാജു ഫോണിൽ പ്രതികരിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാരെല്ലാം തങ്ങൾ കരാർ ജീവനക്കാരാണെന്ന് മാത്രം പറഞ്ഞൊഴിഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി ഏർപ്പെടുത്താതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത് എന്ന് നേരത്തെത്തന്നെ ആരോപണം ഉയർന്നതാണ്. സെൻട്രൽ സൂ അതോറിറ്റി, സുവോളജിക്കൽ പാർക്കിന് നൽകിയ താൽക്കാലിക പെർമിറ്റിന്റെ കാലാവധി 2024 മേയ് 20ന് കഴിഞ്ഞതാണെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിൽ പറയുന്നത്. സ്ഥിരം പെർമിറ്റിനായി നടപ്പാക്കേണ്ടതായി 26 കാര്യങ്ങളാണ് നിർദേശിക്കപ്പെട്ടിരുന്നത്. ഇതിൽ പലതും നടപ്പാക്കാത്തതിനാൽ പെർമിറ്റ് ലഭിച്ചിട്ടില്ല. പാർക്കിൽ നടപ്പാക്കേണ്ട സുരക്ഷാ ഓഡിറ്റിങ്ങും നടന്നിട്ടില്ല. ഇതിനകത്തെ കെട്ടിടങ്ങൾക്ക് സെൻട്രൽ മരാമത്ത് വകുപ്പിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും കിട്ടിയിട്ടില്ല.
മൃഗശാലയ്ക്കകത്ത് അലഞ്ഞുതിരിയുന്ന നായ്ക്കൾ നേരത്തെ ഉണ്ട്. കൂട്ടിലടയ്ക്കാതെ മൃഗങ്ങളെ പരിപാലിക്കുന്ന ഇവിടെ നിന്ന് നായ്ക്കളെ മാറ്റാൻ അധികതർ നടപടി സ്വീകരിക്കാതിരുന്നതെന്തുകൊണ്ട് എന്ന് വ്യക്തമല്ല. വിദ്യാർഥികൾക്ക് ഇപ്പോൾ പാർക്കിൽ സന്ദർശനത്തിന് അനുമതി ഉണ്ട്. അവർക്കുള്ള സുരക്ഷയിലും വ്യക്തതയില്ല. ചൊവ്വാഴ്ച പാർക്കിനു മുന്നിൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. English Summary:
Puthur Zoo incident is under investigation after ten spotted deer died shortly after the park\“s inauguration. The deaths are attributed to a stray dog attack and heart attacks due to fear, raising concerns about zoo security and permit compliance. The authorities have launched an investigation into the matter. |
|