LHC0088 • 3 hour(s) ago • views 411
ആലപ്പുഴ ∙ ഭോപാലിൽ വാഹനാപകടത്തിൽ മരിച്ച ദേശീയ കനോയിങ്, കയാക്കിങ് താരങ്ങളും നാവികസേനാംഗങ്ങളുമായ ഐ.എ.അനന്തകൃഷ്ണനും (അനന്തു -19), വിഷ്ണു രഘുനാഥിനും (ഉണ്ണി - 26) നാട് കണ്ണീരോടെ വിട നൽകി. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ഔദ്യോഗിക അന്തിമോപചാര ചടങ്ങുകൾക്കായി കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്തേക്കു കൊണ്ടുപോയി.
തുടർന്ന് രാവിലെ പത്തോടെ ആലപ്പുഴയിൽ എത്തിച്ച അനന്തുവിന്റെ മൃതദേഹം ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിലേക്കും വിഷ്ണുവിന്റെ മൃതദേഹം കൈനകരി തോട്ടുവാത്തല പഴയാറ്റിൽ വീട്ടിലേക്കും കൊണ്ടുപോയി. വീട്ടിലേക്ക് റോഡുമാർഗം യാത്ര സാധ്യമല്ലാത്തതിനാൽ സീറോ ജെട്ടിയിൽ എത്തിച്ച അനന്തുവിന്റെ മൃതദേഹം പ്രത്യേക ബോട്ടിൽ 11 മണിയോടെയാണ് വീട്ടിലെത്തിച്ചത്. നാവിക സേനയുടെ മുപ്പതോളം ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചു. ഭോപാലിൽ വാഹനാപകടത്തിൽ മരിച്ച കയാക്കിങ് താരം വിഷ്ണു രഘുനാഥിന്റെ (ഉണ്ണി–26) സംസ്കാരച്ചടങ്ങുകൾ കൈനകരി തോട്ടുവാത്തല പഴയാറ്റിലെ വീട്ടിൽ നടന്നപ്പോൾ. കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ.തോമസ് എംഎൽഎ തുടങ്ങിയവർ സമീപം.
വീട്ടുമുറ്റത്തേക്ക് മൃതദേഹം എത്തിയതോടെ അലറിക്കരഞ്ഞ പിതാവ് അജിത്തിനെയും മാതാവ് രഞ്ജിനിയെയും സഹോദരൻ അർജുനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. മൃതദേഹം എത്തുന്നതു കാത്ത് നൂറുകണക്കിനു ആളുകളാണ് വീട്ടിലേക്ക് എത്തിയത്.
അനന്തു തുഴച്ചിൽ പരിശീലനം നടത്തിയിരുന്ന പുന്നമട സായിയിലെ ഉദ്യോഗസ്ഥരും കോച്ചുമാരും കായികതാരങ്ങളും വീട്ടിലെത്തിയിരുന്നു. പൊതുദർശനത്തിനു ശേഷം രണ്ടു മണിയോടെ മൃതദേഹം ചിതയിലേക്കെടുക്കുന്നതിനു മുൻപായി നാവിക സേന ഔദ്യോഗിക ബഹുമതി അർപ്പിച്ചു. കെ.സി.വേണുഗോപാൽ എംപി, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, സായി ഡപ്യൂട്ടി ഡയറക്ടർ രാംകുമാർ എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
വിഷ്ണുവിന്റെ മൃതദേഹം രാവിലെ പതിനൊന്നോടെ തോട്ടുവാത്തല പഴയാറ്റിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്കു കാണാൻ നാടിന്റെ നാനാ ഭാഗത്തുള്ളവർ പഴയാറ്റിലേക്ക് ഒഴുകിയെത്തി. വൈകിട്ട് നാലോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ അച്ഛൻ രഘുനാഥിനെയും അമ്മ ജീജാമോളെയും സഹോദരി ലക്ഷ്മിയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനാകാതെ നാടാകെ തേങ്ങി.
നാവികസേനയുടെ ഗാർഡ് ഓഫ് ഓണറിനു ശേഷം മാതൃസഹോദര പുത്രൻ ചിതയ്ക്കു തീ കൊളുത്തി. കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് കെ.തോമസ് എംഎൽഎ, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അടക്കമുള്ള വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടോടെ ഭോപാൽ–ഡൽഹി റോഡിലുണ്ടായ ബൈക്ക് അപകടത്തിലാണ് ഇരുവരും മരിച്ചത്. English Summary:
Alappuzha canoe kayak tragedy struck, claiming the lives of national athletes I.A. Ananthakrishnan and Vishnu Raghunath in a Bhopal road accident. The community mourns their loss as funeral services were held with naval honors, reflecting their dedication and achievements in sports and service. |
|