search

കാറപകടത്തിൽ 3 സുഹൃത്തുക്കളുടെ മരണം: കണ്ണീരുണങ്ങാതെ വീട്ടുകാരും നാട്ടുകാരും

Chikheang 3 hour(s) ago views 184
  

  

  

  



പാലക്കാട് ∙ ചിറ്റൂർ റോഡിൽ കരിങ്കരപ്പുള്ളി കനാൽ പാലത്തിനു സമീപം കല്ലിങ്കലിൽ വാഹനാപകടത്തിൽ മരിച്ച സുഹൃത്തുക്കൾക്കു നാട് ഇന്നു വിട നൽകും. പാലക്കാട് നൂറടി റോഡ് രേവതിയിൽ പരേതനായ ഡോ.ജി.രഞ്ജിത്തിന്റെ മകൻ രോഹൻ രഞ്ജിത്ത് (24), നൂറണി ചക്കാന്തറ ലക്ഷ്മി നിവാസിൽ സന്തോഷ് ഗോപാലകൃഷ്ണന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സൗപർണികയിൽ എം.ആർ.ശാന്തകുമാറിന്റെ മകൻ എസ്.സനൂഷ് (19) എന്നിവരാണു ശനിയാഴ്ച രാത്രി ഉണ്ടായ കാറപകടത്തിൽ മരിച്ചത്.

മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോ‍ർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇന്നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും. കാറിലുണ്ടായിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ, യാക്കര സ്വദേശി ഋഷി, നെന്മാറ സ്വദേശി ജിതിൻ എന്നിവർക്കും പരുക്കേറ്റിരുന്നു. ജിതിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചിറ്റൂരിലെ സുഹൃത്തിനെ സന്ദർശിച്ചു മടങ്ങും വഴി കാർ നിയന്ത്രണം വിട്ടു റോഡരികിലെ കല്ലിലും മരക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറി‍ഞ്ഞാണ് അപകടം. റോഡിനു കുറുകെ പന്നി ചാടിയതാണ് അപകടത്തിനിടയാക്കിയതെന്നു പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു.   കാടാങ്കോട് കനാൽ പാലത്തിനു സമീപമുണ്ടായ കാറപകടത്തിൽ മരിച്ച രോഹൻ സന്തോഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നെടുത്തപ്പോൾ പൊട്ടിക്കരയുന്ന ബന്ധു. ചിത്രം: മനോരമ

രോഹൻ സന്തോഷിന്റെ മൃതദേഹം പാലന ആശുപത്രി മോർച്ചറിയിലാണുള്ളത്. വിദേശയാത്രയിലായിരുന്ന അച്ഛൻ സന്തോഷ് മരണവിവരം അറിഞ്ഞു നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഇന്നു രാവിലെ 6നു മൃതദേഹം വീട്ടിലെത്തിച്ച് 9നു സംസ്കാരത്തിനായി ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലേക്കു കൊണ്ടുപോകും. കണ്ണാടി ഹൈസ്കൂൾ അധ്യാപിക കെ.മഞ്ജുവാണ് രോഹൻ സന്തോഷിന്റെ അമ്മ. വിദ്യാർഥികളായ രോഹിത്ത്, യഹിത്ത് എന്നിവർ സഹോദരങ്ങളാണ്.   കാറപകടത്തിൽ മരിച്ച എസ്.സനൂഷിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ എം.ആർ.ശാന്തകുമാർ. ചിത്രം: മനോരമ

പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ ബിടെക് ആദ്യവർഷ വിദ്യാർഥിയാണ് സനൂഷ്. ധന്യയാണ് സനൂഷിന്റെ അമ്മ. സഹോദരൻ എസ്.ധനുഷ് അയർലൻഡിലാണ്. ധനുഷ് ഇന്നു നാട്ടിലെത്തിയ ശേഷം സനൂഷിന്റെ സംസ്കാരച്ചടങ്ങു നടക്കും.

കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് മരിച്ച രോഹൻ രഞ്ജിത്ത്. അച്ഛൻ ഡോ.ജി.രഞ്ജിത്ത് കഴിഞ്ഞ മാർച്ചിലാണ് അന്തരിച്ചത്. അമ്മ ലീനാ നായർ ദന്ത ഡോക്ടർ ആണ്. രോഹൻ ഏക മകനാണ്. ഡോ.ജി.രഞ്ജിത്തിന്റെ സഹോദരൻ ദീപക് ജി.നായർ യുഎസിൽ നിന്ന് ഇന്നു നാട്ടിലെത്തിയ ശേഷം ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിലാണ് രോഹന്റെ സംസ്കാരം നടക്കുക. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ്, വി.കെ.ശ്രീകണ്ഠൻ എംപി എന്നിവർ ഇന്നലെ ജില്ലാ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. അപകടത്തിൽ വിശദാന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്നു മന്ത്രിമാ‍ർ അറിയിച്ചു. സ്ഥലത്ത് പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധന നടത്തി.   കാടാങ്കോട് കനാൽ പാലത്തിനു സമീപമുണ്ടായ കാറപകടത്തിൽ മരിച്ചവരുടെ സുഹൃത്തുക്കൾ ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിൽ. ചിത്രം: മനോരമ

വാഹനങ്ങളെ ഇഷ്ടപ്പെട്ട കൂട്ടുകാർ
രോഹനും വാഹനങ്ങളോട് ഏറെ ഇഷ്ടമായിരുന്നു. രോഹ‍ന്റെ അച്ഛൻ സന്തോഷ് നൂറണി റോഡിൽ നടത്തുന്ന കാർ പോർട്ട് വർക്‌ഷോപ്പിന്റെ പ്രവർത്തനങ്ങളിൽ രോഹൻ സഹായിക്കാറുണ്ട്. പൊലീസ് ഉൾപ്പെടെ സർക്കാർ വകുപ്പുകളുടെ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതും ഇവിടെയാണ്. ബിരുദം നേടിയ രോഹൻ എംബിഎ കോഴ്സ് പൂർത്തിയാക്കി പരീക്ഷയ്ക്കു തയാറെടുത്തു കൊണ്ടിരിക്കുകയാണ്.

രാത്രി പത്തര മണിയോടെ തിരികെ വീട്ടിലെത്താമെന്ന് അമ്മ ധന്യയോട് ഫോണിൽ പറഞ്ഞ സനൂഷിന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് വീട്ടുകാർ കണ്ടത്. സഹോദരൻ ധനൂഷ് അയർലൻഡിൽ പോയതോടെ ജ്യേഷ്ഠന്റെ സുഹൃത്തുക്കൾ സനൂഷിന്റെയും ഉറ്റചങ്ങാതികളായി. ഇവരോടൊപ്പം ആഴ്ചാവസാനം എന്നും ചെറുയാത്രകൾ നടത്താറുണ്ട്. ഒട്ടേറെ സുഹൃത്തുക്കളാണു സനൂഷിനെ അവസാനമായി കാണാൻ യാക്കരയിലുള്ള ‘സൗപർണകയിൽ’ നീറുന്ന വേദനയോടെ എത്തിയത്. സനൂഷ് പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ ആദ്യവർഷ ബിടെക് ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

തനിച്ചായി ഡോ. ലീന നായർ
∙ ശനിയാഴ്ച നടന്ന വാഹനാപകടത്തിൽ ഏകമകൻ രോഹൻ കൂടി മരിച്ചതോടെ നൂറടി റോഡ് വെങ്കിടേശ്വര കോളനി എഫ് ബ്ലോക്കിലെ ‘രേവതി വീട്ടിൽ’ തനിച്ചാവുകയാണ് ഡോ. ലീന നായർ. കഴിഞ്ഞ മാർച്ചിലാണു രോഹന്റെ അച്ഛൻ ഡോ. ജി.രഞ്ജിത്ത് രോഗബാധയെ തുടർന്ന് മരിച്ചത്. ആ വേദന ഉണങ്ങുന്നതിനു മുൻപാണ് മകന്റെ വിയോഗം. ദന്തരോഗ വിദഗ്ധയായ ഡോ. ലീന പുതുപ്പരിയാരത്തെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. രഞ്ജിത്ത് – ലീന ദമ്പതികളുടെ ഏക മകനാണ് റോഹൻ രഞ്ജിത്ത്.

ചെറുപ്പം മുതൽ വാഹനങ്ങളെ ഏറെ സ്നേഹിച്ചിരുന്ന രഞ്ജിത്ത് സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന രോഹൻ പഠനം പൂർത്തിയാക്കിയ ശേഷം തൊഴിൽ മേഖലയായി ഐടിയാണ് തിരഞ്ഞെടുത്തത്. തുടർന്ന് കൊച്ചി ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടുദിവസത്തെ അവധിയായതിനാൽ വെള്ളിയാഴ്ച രാത്രിയാണു വീട്ടിലെത്തിയത്.  

ഉറ്റസുഹൃത്തുക്കൾ; യാത്രയും ഒരുമിച്ച്
∙ മരിച്ച 3 പേർ ഉൾപ്പെടെ 6 പേരും ഉറ്റസുഹൃത്തുക്കളാണ്. പഠിപ്പും ജോലിയുമായി വിവിധ സ്ഥലങ്ങളിലാണെങ്കിലും ആഴ്ചാവസാനം പാലക്കാട്ടെത്തി ഒന്നിച്ചുചേരും. ഒപ്പം ചെറു യാത്രകളും പതിവാണ്. ഒത്തൊരുമിച്ച് രാത്രിയിൽ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിക്കലും ചെറു യാത്രകളിലും എന്നും ആനന്ദം ഇവർ കണ്ടെത്തിയിരുന്നു. അത്തരത്തിലൊരു യാത്രയാണു ചിറ്റൂരിലേക്കു നടത്തിയത്. ചിറ്റൂരിലുള്ള സുഹൃത്തിനെ കണ്ടു മടങ്ങും വഴിയാണ് കാറപകടം മൂന്നു പേരുടെ ജീവനെടുത്തത്. മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തു. യുവാക്കളുടെ മരണത്തിൽ നാട്ടുകാർ വിറങ്ങലിച്ചിരിക്കുകയാണ്.. English Summary:
Palakkad accident claims three young lives. The tragic car accident near Chittur has left the community in mourning. Preliminary investigation suggests that a wild animal crossing the road may have contributed to the accident.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361