തൃശൂർ ∙ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞ കൊടുംകുറ്റവാളി ബാലമുരുകനെ പിടികൂടാൻ തമിഴ്നാട് പൊലീസിലെ ക്യു ബ്രാഞ്ച് സംഘവും കളത്തിലിറങ്ങി. ബാലമുരുകനെ കാണാതായെന്നു പറയപ്പെടുന്ന വിയ്യൂർ സെൻട്രൽ ജയിൽ മേഖലയിലും പരിസരത്തുമായി ക്യു ബ്രാഞ്ച് സംഘം അതീവ രഹസ്യമായി പരിശോധന നടത്തി. ബാലമുരുകന്റെ തെങ്കാശിയിലെ വീടും ഭാര്യയടക്കമുള്ള ബന്ധുക്കളും ഇവരുടെ കർശനനിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം മേയിൽ വിയ്യൂർ അതിസുരക്ഷാ ജയിലിന്റെ മുറ്റത്തു നിന്നു പൊലീസിനെ വെട്ടിച്ചു ബാലമുരുകൻ കടന്നുകളഞ്ഞ ശേഷം ഓഗസ്റ്റിൽ തെങ്കാശിയിൽ നിന്നു കുടുക്കിയതു ക്യു ബ്രാഞ്ച് സംഘമാണ്.
READ ALSO
- ബൈക്ക് കവർന്ന് കുട്ടിമോഷ്ടാക്കളുടെ യാത്ര; ഓടിച്ച 14 വയസ്സുകാരന് അപകടത്തിൽ ഗുരുതരപരുക്ക് Pathanamthitta
വിയ്യൂർ മണലാറുകാവിൽ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഈ വാഹനത്തിൽ കടന്നുകളഞ്ഞതു ബാലമുരുകൻ ആണോ എന്നു വിയ്യൂർ പൊലീസ് തിരയുന്നുണ്ട്. 53 ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകൻ 2 തവണ പൊലീസ് കസ്റ്റഡിയിൽ നിന്നു ചാടിപ്പോയ ചരിത്രമുള്ളയാളായിട്ടും തമിഴ്നാട് പൊലീസ് ഇയാളെ വിലങ്ങ് അണിയിക്കാതെ സ്വകാര്യ കാറിൽ അലസമായി കൊണ്ടുപോയതാണു ചാടിപ്പോകാൻ വഴിയൊരുക്കിയത്. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ബാലമുരുകനെ ഞായറാഴ്ച രാവിലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിരുതുനഗർ കോടതിയിൽ ഹാജരാക്കി തിരികെ എത്തിക്കുമ്പോഴാണു കഴിഞ്ഞ ദിവസം രാത്രി 9.30നു തമിഴ്നാട് പൊലീസ് സംഘത്തെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്.
വിയ്യൂർ സെൻട്രൽ ജയിലിനു മുന്നിൽ വച്ചാണു സംഭവമെന്നു പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസിനു കണ്ടെടുക്കാനായിട്ടില്ല. ഇയാൾ ചാടിപ്പോയതിന്റെ പിറ്റേന്നു രാത്രിയിലാണു മണലാറുകാവിലെ വീട്ടുമുറ്റത്തു പാർക്ക് ചെയ്ത സ്കൂട്ടർ കാണാതാകുന്നത്. ഹെൽമറ്റടക്കം കവർന്ന നിലയിലാണ്. മേഖലയിലെ മുഴുവൻ സിസിടിവികളും പരതിയെങ്കിലും ദൃശ്യങ്ങളിൽ ബാലമുരുകൻ തന്നെയാണെന്നു സൂചിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം കസ്റ്റഡിയിൽ നിന്നു ചാടിയ സമയത്തും വീട്ടുമുറ്റത്തു സൂക്ഷിച്ച ഇരുചക്രവാഹനം മോഷ്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. സ്കൂട്ടർ കവർന്നതു ബാലമുരുകനാണെങ്കിൽ സംസ്ഥാനാതിർത്തി കടന്നിരിക്കാനുള്ള സാധ്യതയും സജീവമാണ്.
വിലങ്ങില്ലാതെ നടപ്പ്; ദൃശ്യങ്ങൾ പുറത്ത്
2 വട്ടം കസ്റ്റഡിയിൽ നിന്നു ചാടിയ ചരിത്രമുണ്ടായിട്ടും ബാലമുരുകനെ തമിഴ്നാട് പൊലീസ് വിലങ്ങ് അണിയിക്കാതെ കൊണ്ടുനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. തമിഴ്നാട്ടിൽ നിന്നു വിയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ ആലത്തൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിറക്കുന്ന ദൃശ്യമാണു പുറത്തുവന്നത്. കൈവിലങ്ങ് ഇല്ലാതെയാണു ബാലമുരുകൻ നടക്കുന്നതെന്നു കാണാം. English Summary:
Balamurugan\“s escape from police custody is currently under investigation. Tamil Nadu\“s Q Branch is actively searching for him after he fled from Viyyur Central Jail, and local police are investigating a possible stolen scooter connection. |
|