ചെന്നൈ ∙ ശബരിമല സീസണിലെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ – കൊല്ലം റൂട്ടിൽ 5 പ്രതിവാര സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ മാസം 14 മുതൽ ജനുവരി 24 വരെ ഞായർ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ചെന്നൈയിൽ നിന്നുള്ള സ്പെഷലുകൾ. തിങ്കൾ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൊല്ലത്തു നിന്നുള്ള മടക്ക സർവീസുകൾ. ശബരിമല തീർഥാടകർക്കു പുറമേ ക്രിസ്മസ്, പുതുവത്സരക്കാലത്തും പൊങ്കൽ അവധിക്കും നാട്ടിൽ പോകുന്നവർക്കും ഈ സ്പെഷലുകൾ ആശ്വാസമാകും. പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപെട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോതന്നൂർ വഴി പോകുന്ന സ്പെഷൽ ട്രെയിനുകൾക്ക് കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
- Also Read ‘തള്ളിയിടാൻ ശ്രമിച്ചപ്പോൾ ചവിട്ടുപടിയിൽ പിടിച്ചുനിന്നു, യാത്രക്കാർ രക്ഷപ്പെടുത്തിയത് അപായച്ചങ്ങല വലിച്ച ശേഷം’
ബുധനാഴ്ച എസി ട്രെയിൻ
ബുധനാഴ്ചകളിൽ വൈകിട്ട് 3.10ന് സെൻട്രലിൽ നിന്നുള്ള ട്രെയിൻ പൂർണമായും എസി കോച്ചുകളാണ്. 15 തേഡ് എസി കോച്ചുകളാണ് ഇതിലുള്ളത്. വ്യാഴാഴ്ച രാവിലെ 10.40ന് കൊല്ലത്തു നിന്നാണ് മടക്ക സർവീസ്. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിനുകളിൽ 7 തേഡ് എസി കോച്ചുകളും 4 തേഡ് എസി ഇക്കോണമി കോച്ചുകളും 7 സ്‌ലീപ്പർ കോച്ചുകളും ഒരു ദിവ്യാംഗൻ കോച്ചുമുണ്ട്. വെള്ളിയാഴ്ചകളിൽ എഗ്‌മൂറിൽ നിന്നും ഞായറാഴ്ചകളിൽ സെൻട്രലിൽ നിന്നുമുള്ള ട്രെയിനുകളിൽ 2 സെക്കൻഡ് എസി, 8 തേഡ് എസി, 6 സ്‌ലീപ്പർ, 4 ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ദിവ്യാംഗൻ കോച്ചുകളുണ്ട്.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
യാത്രക്കാരുടെ പ്രതിഷേധം
കേരളത്തിലേക്കുള്ള പതിവു ട്രെയിനുകളിൽ ക്രിസ്മസ് അവധിക്കാല ബുക്കിങ് ആരംഭിച്ച ദിവസങ്ങളിലെ ആദ്യ നിമിഷങ്ങളിൽ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലും ‘റിഗ്രറ്റ്’ നിലയിലുമായത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഏജന്റുമാർ അടക്കമുള്ളവർ ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ അനധികൃതമായി വൻതോതിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തതാണ് ഇത്തരത്തിൽ ടിക്കറ്റുകൾ തീരാൻ കാരണമായതെന്നാണ് ആക്ഷേപം.
- Also Read ‘കവിയുടെ കാൽപ്പാടുകൾ’ പിന്തുടർന്ന് ആ മക്കൾ നടന്നു; മഹാകവി അലഞ്ഞ കാവ്യവഴികളിലൂടെ ഒരു അപൂർവയാത്ര...
ഇത്തരം കൃത്രിമങ്ങൾക്കെതിരെ റെയിൽവേ പ്രഖ്യാപിച്ച നടപടികൾ ഫലവത്തായില്ലെന്ന് തെളിയിക്കുന്നതായി ടിക്കറ്റ് ബുക്കിങ് സംഭവം. തെക്കൻ ജില്ലകളിലേക്കുള്ള മിക്ക ട്രെയിനുകളിലും ക്രിസ്മസ് അവധിക്കാല ബുക്കിങ് നില വെയ്റ്റ് ലിസ്റ്റിലോ, റിഗ്രറ്റിലോ ആയി. രാത്രി 7.30ന് പുറപ്പെടുന്ന തിരുവനന്തപുരം മെയിലിൽ ഡിസംബർ 19 മുതൽ 24വരെയുള്ള ദിവസങ്ങളിൽ സ്‌ലീപ്പർ, തേഡ് എസി, സെക്കൻഡ് എസി ക്ലാസുകളിലെ ടിക്കറ്റുകൾ റിഗ്രറ്റ് നിലയിലായി. രാത്രി 8.55ന് പുറപ്പെടുന്ന ആലപ്പി എക്സ്പ്രസിലും ഇതേ സ്ഥിതിയാണ്.
മലബാർ ഭാഗത്തേക്കുള്ള മംഗലാപുരം മെയിൽ, എക്സ്പ്രസ് എന്നീ 2 പ്രധാന ട്രെയിനുകളിലും ഡിസംബർ 19, 20 തീയതികളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. ഈ അവസ്ഥയിൽ ഇപ്പോൾ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകൾ ഉപയോഗപ്രദമാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
- Also Read റെയിൽ വൺ ആപ്പിൽ ഓപ്ഷൻ വീണ്ടും; വന്ദേഭാരതിൽ ഉൾപ്പെടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം ഒഴിവാക്കാം
∙ 14 മുതൽ വെള്ളിയാഴ്ചകളിലുള്ള സ്പെഷൽ (നമ്പർ 06111) എഗ്‌മൂറിൽ നിന്ന് രാത്രി 11.55ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്തെത്തും. കൊല്ലത്തു നിന്നുള്ള മടക്ക സർവീസ് (06112) ശനിയാഴ്ചകളിൽ വൈകിട്ട് 7.35ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 12ന് എഗ്‌മൂറിലെത്തും. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലെ സ്പെഷലുകൾ സെൻട്രൽ സ്റ്റേഷനിൽ നിന്നാണ് പുറപ്പെടുന്നത്.
∙ 16 മുതൽ ഞായറാഴ്ചകളിൽ രാത്രി 11.50നു പുറപ്പെടുന്ന സ്പെഷൽ (06113) പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്ക സർവീസ് (06114) തിങ്കളാഴ്ച വൈകിട്ട് 6.30ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് സെൻട്രലിലെത്തും.
∙ ബുധനാഴ്ചകളിലെ സ്പെഷൽ (06119) വൈകിട്ട് 3.10ന് പുറപ്പെടും. വ്യാഴാഴ്ച രാവിലെ 6.40ന് കൊല്ലത്തെത്തും. മടക്ക സർവീസ് (06120) വ്യാഴാഴ്ച രാവിലെ 10.40ന് കൊല്ലത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3.30ന് സെൻട്രലിലെത്തും.
∙ വ്യാഴാഴ്ചകളിൽ സ്പെഷൽ (06127) രാത്രി 11.50നാണ് പുറപ്പെടുക. പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്ക സർവീസ് (06128) വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.30ന് കൊല്ലത്തു നിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 11.30ന് സെൻട്രലിലെത്തും.
∙ ശനിയാഴ്ചകളിൽ രാത്രി 11.50ന് പുറപ്പെടുന്ന സ്പെഷൽ (06117) പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്ക സർവീസ് (06118) ഞായറാഴ്ചകളിൽ വൈകിട്ട് 6.30ന് കൊല്ലത്തു നിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 11.30ന് സെൻട്രലിലെത്തും. English Summary:
Special Trains Announced for Chennai to Kollam Route: Chennai to Kollam Special Trains have been announced to manage the rush during the Sabarimala season. These weekly special trains cater to Sabarimala pilgrims and those traveling home for Christmas, New Year, and Pongal, providing much-needed relief. The train routes and timings have been provided for the various special train services. |