search

വെറുതെയല്ല സ്വപ്നം

LHC0088 9 hour(s) ago views 910
  



സാറേ, നിങ്ങള് എന്നെ കല്യാണത്തിനു വിളിച്ചിട്ടൊന്നുമില്ല. എന്നാലും ഞാൻ വന്നു. നിങ്ങളെ ഒന്നു കാണാനാണ്. ഐഎഎസാണ് സ്വപ്നം. വളരെ സീരിയസാണ്’. വേദിയിലെത്തിയ ചെറുപ്പക്കാരനെ കണ്ടു യുവ ഐഎസുകാരൻ ഒന്നു ചിരിച്ചു. ‘ഞാനും സീരിയസായിട്ട് ഒരു കല്യാണം കഴിക്കുവാണ്. അതുകഴിഞ്ഞ് ഇതിനെക്കുറിച്ചു പറഞ്ഞാൽ പോരേ’?

‘ഉം...മതി..’

‘ഒരു കാര്യം ചെയ്യ്...നാളെ രാവിലെ വായോ’.

  • Also Read മുണ്ട് മാറട്ടെ...   


കണ്ണൂർ മരക്കാർക്കണ്ടി സ്വദേശി ഷക്കീൽ അഹമ്മദ് എന്ന 24 വയസ്സുകാരൻ പിറ്റേന്നു രാവിലെ 7.45നു തന്നെ മുൻ ചീഫ് സെക്രട്ടറി വി.വേണുവിന്റെ വീടിനു മുന്നിലെത്തി.സിവിൽ സർവീസിലേക്കുള്ള ആ ‘സീരിയസ്’ യാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് മേഘാലയ ചീഫ് സെക്രട്ടറി പദവിയിലാണ്.

‘മോർഗൻ ആൻഡ് കിങ്ങിന്റെ ഇൻട്രൊഡക്‌ഷൻ ടു സൈക്കോളജി എന്ന പുസ്തകമാണ് വേണു സർ തന്നത്. രണ്ടു മാസത്തിനുള്ളിൽ പഠിച്ചുതീർക്കാമെന്നും വിളിക്കാതെ കല്യാണത്തിനു വന്നതല്ല, അദ്ദേഹത്തിന്റെ കൂടി അധ്യാപകനായിരുന്ന പ്രഫ.മെക്കാഡന്റെ കൂടെ വന്നതാണെന്നും പറഞ്ഞായിരുന്നു മടക്കം.1993ലാണ് ആദ്യമായി പ്രിലിംസ് എഴുതുന്നത്. മെയിൻസിനു പോയെങ്കിലും പരീക്ഷാ പേപ്പറിൽ സീരീസ് നമ്പർ രേഖപ്പെടുത്താൻ മറന്നു. വീണ്ടും ഹോമിയോ ഡോക്ടറുടെ വേഷമണിഞ്ഞു. അപ്പോഴും വേണു സർ കൂട്ടിനെത്തി. വീണ്ടും പരീക്ഷയെഴുതണമെന്നു പറഞ്ഞു. സൈക്കോളജിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കാമെന്നു നിർദേശിച്ചതും അദ്ദേഹമായിരുന്നു. അങ്ങനെ, രണ്ടാമത്തെ ശ്രമത്തിൽ 1994ൽ മെയിൻസ് ജയിച്ചു.  
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പിന്നീട്, തിരുവനന്തപുരത്തായിരുന്നു പഠനം. വൈകിട്ടു വേണു സാറിന്റെ വീട്ടിലേക്കു പോകും. പാതിരാത്രി വരെ ഇന്റർവ്യൂ പരിശീലനം. ഏകദേശം രണ്ടു മാസത്തോളം ദിവസവും ഏഴു മണിക്കൂർ വരെ ഞാനും സുഹൃത്തായ ഷെറീഫ് മംഗലത്തും അദ്ദേഹത്തിന്റെയൊപ്പമിരുന്നു പഠിച്ചു. പുലർച്ചെ രണ്ടു വരെ പഠനം നീണ്ട സമയമുണ്ട്. അപ്പോഴെല്ലാം കാറിൽ അദ്ദേഹം തന്നെ ഞങ്ങളെ വീട്ടിലെത്തിക്കും’, ഷക്കീൽ പറഞ്ഞു.

പൊറോട്ടയടി മുതൽ അഭിനയം വരെ

തോട്ടത്തിൽ മുസ്തഫയുടെയും ആയിഷബിയുടെയും അഞ്ചു മക്കളിൽ മൂത്തവനായി ഏഴു മാസം തികയുംമുൻപേ ലോകം കാണാൻ കണ്ണുതുറന്നയാളാണ് ഷക്കീൽ. മാസം തികയാതെ പ്രസവിച്ചതിനാൽ കാൽപാദം മടങ്ങിവരും. അതിജീവിക്കാനായി ഉമ്മയൊരുക്കിയ പരുത്തിപ്പെട്ടിയിൽ ഷക്കീൽ കുറെക്കാലം കിടന്നു. തന്റെ അനുവാദമില്ലാതെ മടങ്ങാൻ തുടങ്ങുന്ന കാലുകൾകൊണ്ട് ഓടി. നൂറു മീറ്റർ ഓട്ടമത്സരം 11.2 സെക്കൻഡുകൾകൊണ്ട് അവസാനിപ്പിച്ചു. അങ്ങനെ, ഓട്ടവും ചാട്ടവും ഫുട്ബോളുമൊക്കെയായി ഷക്കീലിന്റെ ജീവിതം.

‘സ്കൂൾ പഠനകാലത്ത് ജില്ലാതല ഫുട്ബോൾ പ്ലെയറായിരുന്നു. പന്തിനു ചുറ്റുമുരുണ്ടാൽ‍ ജീവിതം വഴിമുട്ടുമെന്നായിരുന്നു വീട്ടുകാരുടെ ആശങ്ക. അങ്ങനെ, ഫുട്ബോൾ പതിയെ ഹോബിയായി. അതിനിടയിൽ നാടകവും സിനിമയും അഭിനയവും തലയ്ക്കു പിടിച്ചു. എട്ട് നാടകങ്ങളിൽ നായകനായി. ദൂരദർശന്റെ ഹിന്ദി സീരിയൽ കഥാ സാഗർ സരിത്തിന്റെയും ഭാഗമായി–നായകനായി. സിനിമാമോഹം തലയ്ക്കു പിടിച്ചാൽ ഭാവി നശിക്കുമെന്ന വീട്ടുകാരുടെ ആശങ്ക അവിടെയും വില്ലനായി. അങ്ങനെ പതിയെ അഭിനയവും വിട്ടു. സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന സമയത്ത് ഹോമിയോ ഡോക്ടറായിരുന്നു’ ഷക്കീൽ പറഞ്ഞു.

പക്ഷേ, ഷക്കീലിന്റെ മകൾ നേഹ നസ്നീൻ സിനിമാ താരമാണ്. ഖൽബ് എന്ന സിനിമയിലെ നായിക. മൂത്ത മകൾ ആയിഷ ഫറീൻ ഷക്കീൽ ദുബായിയിലെ ബ്രിട്ടിഷ് ഇന്റർനാഷനൽ സ്കൂളിലെ അധ്യാപിക. വെസ്റ്റേൺ ക്ലാസിക് സിങ്ങറാണ്. ലണ്ടൻ ട്രിനിറ്റി കോളജിലായിരുന്നു സംഗീത പഠനം.

‘കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിലെ പഠനകാലത്താണ് പൊറോട്ടയടി പഠിച്ചത്. ഫീസിനു വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു കരുതി കോഴിക്കോട് പാരാമൗണ്ട് ഹോട്ടലിൽ അക്കൗണ്ടന്റായി, റിസപ്ഷനിസ്റ്റായി. ട്യൂഷൻ ടീച്ചറായി. പത്തു സുഹൃത്തുക്കളുമായി ഒരു ചെറിയ വീടെടുത്തായിരുന്നു താമസം. ഭക്ഷണത്തിന്റെ ചെലവു കുറയ്ക്കാനാണു സ്വയം ഭക്ഷണമുണ്ടാക്കാൻ പഠിച്ചത്. അക്കൂട്ടത്തിൽ പൊറോട്ടയടിക്കാനും പഠിച്ചു’.

പാർട്ട് ടൈം ജോലി അത്യാവശ്യമാണെന്നാണ് ഷക്കീലിന്റെ അഭിപ്രായം. സമയം, പണം, പഠനം ഇവയുടെ വിലയും ഇവയെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നും പഠിക്കാൻ സഹായിക്കും. ‘ഹോട്ടലിൽ നിന്നതുകൊണ്ട് അതുമാത്രമായിരുന്നില്ല ഗുണം. പിന്നീട്, മേഘാലയ ടൂറിസം കോർപറേഷന്റെ ചുമതലയേറ്റപ്പോൾ പണം അനാവശ്യമായി ചെലവായിപ്പോകുന്നത് എവിടെയെന്നു കണ്ടെത്താൻ അധിക സമയം വേണ്ടിവന്നില്ല. പണി പഠിച്ചിട്ടാണല്ലോ നമ്മൾ പണിയെടുക്കുന്നത്. ഉപ്പയുടെ സഹോദരന് ഉണക്കമത്സ്യത്തിന്റെ പരിപാടിയുണ്ടായിരുന്നു. ചെറുപ്പത്തിൽ അതിനും പത്രവിതരണത്തിനുമൊക്കെ പോയിട്ടുണ്ട്’, ഷക്കീൽ പറഞ്ഞു.

‘എന്നെ ഞാനാക്കിയത് അധ്യാപകരാണ്. തയ്യിൽ സെന്റ് ആന്റണീസ് യുപിഎസിലെ സിഡ്നി മാസ്റ്റർ, കൂടാളി എച്ച്എസിലെ കുഞ്ഞിരാമൻ മാസ്റ്റർ, മണി മാഷ്, കോഴിക്കോട് പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട വി.പ്രഭാകരൻ, എടപ്പകത്ത് സിദ്ദീഖ്, പി.പി.ഉമ്മർകോയ, എൻ.പി.മുഹമ്മദ്, ഹാഫിസ് മുഹമ്മദ്, എം.എൻ.വിജയൻ, എം.എം.ബഷീർ, ഡോ.ലീലാവതി ടീച്ചർ, ദ് ഹിന്ദു പത്രത്തിന്റെ സീനിയർ കറസ്പോണ്ടന്റും അമ്മാവനുമായ പുൽ‍സാറാകത്ത് മുഹമ്മദ് നസീർ, ഡോ.ഉഷ, ഡോ.ബാലകൃഷ്ണൻ, ഡോ.അനിൽ തുടങ്ങി അനേകം ഗുരുക്കന്മാരുടെയും സുഹൃത്തുക്കളുടെയും കൈപിടിച്ചായിരുന്നു പഠനം. തലശ്ശേരി രാമചന്ദ്രവിലാസ് ഹോട്ടലിന്റെ രാമചന്ദ്രൻ കൊണ്ടുതന്നത് ഏറ്റവും മികച്ച ഐഎഎസ് കോച്ചിങ് നോട്ടുകളാണ്’.

മാഡം, സാറിന്  കാമുകിയുണ്ട്

പരിശീലന കാലത്തെ ആദ്യ നിയമനം അസമിലെ ബിനോയ്ഗൂട്ടിയ ഗ്രാമത്തിലായിരുന്നു. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസമിന്റെ സ്ഥാപകൻ പരേഷ് ബറുവയുടെ നാട്. പിന്നീട്, വിവിധ ഗ്രാമങ്ങളിൽ ജോലി ചെയ്തു. തീവ്രവാദ സംഘടനകൾ ധാരാളമുള്ള കാലം. ഒരിക്കൽ ഗ്രാമത്തിലേക്കുള്ള നദി മുറിച്ചുകടക്കുന്നതിനിടെ തോക്കേന്തിയ എട്ടുപേർ ഷക്കീലിനെയും സഹപ്രവർത്തകനെയും കടന്നുപോയി. ‘നിങ്ങളുടെ കലക്ടറുടെ ഗ്രാമ സന്ദർശനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അറിയുന്നുണ്ട്. അതു തുടരാൻ പറയൂ’ എന്ന് അവർ വിളിച്ചുപറഞ്ഞു.

‘ഗോത്രജീവിതം, അവരുടെ സ്നേഹം, നന്മ തുടങ്ങിയവയെല്ലാം അനുഭവിച്ചു തന്നെയറിയണം. അക്കാലത്താണ്, ഗോത്ര ജീവിതം മെച്ചപ്പെടുത്താനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചത്. നെയ്ത്തുശാലകൾ നിർമിച്ചു. കൃഷിരീതികൾ മെച്ചപ്പെടുത്തി. അവരുടെ ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തി. പരിശീലനം കഴിഞ്ഞ് ഞാൻ മടങ്ങിയതിനു ശേഷം എൽബിഎസ്എൻഎഎ ഓഫിസിലേക്ക് (ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ) കത്തുകളെത്താൻ തുടങ്ങി. എല്ലാം ഗ്രാമങ്ങളിൽ നിന്നാണ്. പുതപ്പ് തയാറായിട്ടുണ്ട്, വിളവിറക്കിയിട്ടുണ്ട്, ഹിരേൺ ബറുവയെ എംബിഎ പഠിക്കാൻ അയയ്ക്കുന്നു എന്നെല്ലാം പറഞ്ഞാണ് കത്തുകൾ. അസമിലെ ഡിബ്രുഗാറിലായിരിക്കുന്ന സമയത്താണ് സഫീറയുമായിട്ടുള്ള വിവാഹം. ഓഫിസിലുള്ളവരെല്ലാം അവളുടെയടുത്ത് വന്ന്, സാറിന് ബിനോയ്ഗൂട്ടിയ ഗ്രാമത്തിലേതോ കാമുകിയുണ്ടെന്നു കളിയായി പറയും. ഞാൻ അവളെയും കൂട്ടി ഗ്രാമത്തിലേക്കു പോയി. വൻ വരവേൽപായിരുന്നു. ഇന്നും മറക്കാനാകില്ല’, ഷക്കീലിനൊപ്പം സഫീറയും ചിരിച്ചു.

ചുമതലകളേറെ

കേന്ദ്രസർക്കാരിൽ വിവിധ വകുപ്പുകളുടെ മേധാവിയായും ദേശീയ ഹോർട്ടികൾചർ മിഷന്റെ എംഡിയായും നാഷനൽ‍ സെന്റർ ഫോർ കോൾഡ് ചെയിൻ ഡവലപ്മെന്റിന്റെ സിഇഒ ആയും പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടറായും മോസ്കോയിൽ ഇന്ത്യൻ എംബസി ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

‘വിഷനറിയായിരുന്നു ഡോ.മൻമോഹൻ സിങ്. എത്ര എളിമയോടെയാണ് അദ്ദേഹം സംസാരിക്കുകയെന്നോ? ആരോടും ദേഷ്യപ്പെടില്ല. എത്ര അറിവുണ്ടെങ്കിലും അതു പുറത്തു കാണിക്കില്ല. പക്ഷേ, ഭാവിയെക്കുറിച്ചു കൃത്യമായ പ്ലാനിങ്ങുണ്ടാകും. അങ്ങനെയാണ്, കോൾഡ് സ്റ്റോറേജ് പദ്ധതി തുടങ്ങിയത്. അതു വലിയൊരു നാഴികക്കല്ലായിരുന്നു. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കുന്നുണ്ടോയെന്നു സൂക്ഷ്മമായും കൃത്യമായും അന്വേഷിക്കുന്നയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി’. കശ്മീർ–ഹിമാചൽ ആപ്പിൾത്തോട്ടങ്ങളുടെ വിളവു കൂട്ടാനും ഷക്കീൽ എത്തിയിരുന്നു. ബഡ്ഡിങ് നടത്തി ഒരു വർഷംകൊണ്ട് വിളവ് ഇരട്ടിയിലധികമാക്കി. ജലവിഭവരംഗത്തും പ്രവർത്തിച്ചു. മേഘാലയയിലെ ടൂറിസത്തെ ഇന്ത്യൻ ടൂറിസം മാപ്പിലെത്തിച്ചു.

സിവിൽ സർവീസിനായി തുടങ്ങിയ ‘സീരിയസ്’ പഠനം മുന്നോട്ടുള്ള യാത്രയിലും ഷക്കീൽ അഹമ്മദ് ഉപേക്ഷിച്ചിരുന്നില്ല. ടെക്സസ് സർവകലാശാലയിൽനിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ‍ മാസ്റ്റേഴ്സ് ബിരുദവും ഹാർവഡിൽനിന്ന് ഹ്രസ്വകാല ഫിൻടെക് കോഴ്സും കേംബ്രിജിൽനിന്ന് ഗ്ലോബൽ ലീഡർഷിപ് ആൻഡ് സ്ട്രാറ്റജി കോഴ്സ് പൂർത്തിയാക്കി കൂടുതൽ ‘സീരിയസ്’ ആയ പഠനങ്ങളുമായി മുന്നോട്ടു തന്നെ പോകുന്നു. English Summary:
Shakeel Ahmed\“s Journey: From a Homeopathic Doctor in Thayyil, Kannur, to the Chief Secretary
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158636