search

ബാപ്പുവിന്റെ പ്രിയൻ, നെഹ്റുവിന്റെ ഭായ്

LHC0088 Yesterday 10:55 views 560
  

ഗാന്ധിജി നാഥുറാം ഗോഡ്സെയാൽ കൊലചെയ്യപ്പെട്ട് അഞ്ചാഴ്ച കഴിഞ്ഞുള്ള ഒരു ഉച്ചനേരം. തീൻമേശയ്ക്കു മുന്നിലിരിക്കെ സർദാർ വല്ലഭ്ഭായ് പട്ടേലിനു ഹൃദയാഘാതമുണ്ടായി. ഡോക്ടർ സുശീല നയ്യാർ ഉടൻ ചികിത്സ നൽകി. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ജവാഹർലാൽ നെഹ്റുവും മകൾ ഇന്ദിരയും പാഞ്ഞെത്തി. ‘എനിക്കു ബാപ്പുവിനൊപ്പം പോകണമായിരുന്നു. അദ്ദേഹം തനിച്ചാണ് പോയത്’– വൈകിട്ടു കണ്ണുതുറന്ന പട്ടേൽ ആദ്യം പറഞ്ഞതു ഗാന്ധിജിയെക്കുറിച്ചാണ്.

  • Also Read ഇന്ത്യയെ ഒരുമിപ്പിച്ച ഉരുക്കുമുഷ്ടി: നെഹ്‌റുവും പറഞ്ഞു, ‘ഞങ്ങൾ വിയോജിച്ചിരുന്നു, പക്ഷേ...’; മോദിയുടെ 90 മിനിറ്റിൽ വന്ന ‘പ്രധാനമന്ത്രി പട്ടേൽ ചർച്ച’; ആരായിരുന്നു ‘സർദാർ’   


തന്നെ ജീവിതത്തിലേക്കു തിരിച്ചെടുത്തതിന് പിറ്റേന്നും പട്ടേൽ സുശീലയോടു മുഖം കടുപ്പിച്ചു: ‘ബാപ്പു അറിഞ്ഞാൽ നിന്നെ ശകാരിക്കും. അദ്ദേഹത്തിന്റെ അടുത്തേക്കുള്ള യാത്രയിലായിരുന്നു ഞാൻ. നീയാണെന്നെ തടഞ്ഞത്’– ഗാന്ധിവധത്തിന്റെ വേദന പിന്നീട് പട്ടേലിനെ വിട്ടൊഴിഞ്ഞില്ല. ഒരർഥത്തിൽ, മഹാത്മാവിന്റെ വിയോഗവേദന അദ്ദേഹത്തിന്റെകൂടി ആയുസ്സെടുത്തുവെന്നു പറയാം.

  • Also Read ഓർമയുണ്ടോ ഈ മുഖം! ഗാന്ധിജി പ്രസംഗിച്ച സ്കൂളിൽ സ്ഥാപിക്കാൻ എത്തിച്ചത് രൂപസാദൃശ്യമില്ലാത്ത ഗാന്ധിപ്രതിമ   


ഗാന്ധിജി വധിക്കപ്പെടുന്നതിനു മിനിറ്റുകൾ മുൻപുവരെ പട്ടേൽ അടുത്തുണ്ടായിരുന്നു. ഇരുവരും ദീർഘമായി സംസാരിച്ചു. പട്ടേലും നെഹ്റുവും വഴിപിരിയുന്നതു ദുരന്തമാകുമെന്നു ഗാന്ധിജി ഓർമിപ്പിച്ചു. പ്രാർഥനായോഗത്തിലേക്കു ബാപ്പുവിനെ പറഞ്ഞുവിട്ട് ഔറംഗസേബ് റോഡിലെ ഒന്നാം നമ്പർ വീട്ടിലേക്കു പട്ടേലിനെയും കൂട്ടിപ്പോയത് മകൾ മണിബെൻ ആണ്. പിറ്റേന്നു നെഹ്റുവുമൊത്തു വന്നു കാണുമെന്നു ഗാന്ധിജിക്കു വാക്കു നൽകിയിട്ടായിരുന്നു പട്ടേലിന്റെ മടക്കം. ഗാന്ധിജിയുടെ മരണവാർത്തയുമായി അദ്ദേഹത്തിന്റെ സഹായി ബ്രിജ് കൃഷ്ണ മിനിറ്റുകൾക്കുള്ളിൽ പട്ടേലിന്റെ വീട്ടിലെത്തി. ബിർല ഹൗസിലേക്ക് എത്തിയ പട്ടേൽ, ചേതനയറ്റ ഗാന്ധിജിയുടെ പാദത്തിനരികെയിരുന്നു; മിനിറ്റുകൾക്കുള്ളിൽ നെഹ്റുവുമെത്തി. കുട്ടിയെപ്പോലെ കരഞ്ഞ നെഹ്റു, പട്ടേലിന്റെ മടിയിൽ തലചേർത്തു; അവർ ഒന്നിച്ചായിരിക്കണമെന്ന് ആഗ്രഹിച്ച ബാപ്പുവിനു മുന്നിലിരുന്നു പരസ്പരം ആശ്വസിപ്പിച്ചു. തുടർന്ന്, ഇരുവരും ഒന്നിച്ചുപോയി ബാപ്പുവിന്റെ വിയോഗത്തെക്കുറിച്ചു രാജ്യത്തോടു സംസാരിച്ചു.
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആഭ്യന്തരമന്ത്രിയായ പട്ടേൽ ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തമേറ്റ് രാജിവയ്ക്കണമെന്ന് ‘ദ് സ്റ്റേറ്റ്സ്മാൻ’ പത്രത്തിൽ കത്തു പ്രസിദ്ധീകരിക്കപ്പെട്ടു. ജയപ്രകാശ് നാരായണടക്കം സോഷ്യലിസ്റ്റുകൾ രാജിക്കു മുറവിളി കൂട്ടി. പട്ടേൽ രാജിക്കത്തു നൽകി. 1948 ഫെബ്രുവരി മൂന്നിനു പട്ടേലിനു നെഹ്റു നൽകിയ മറുപടിക്കത്തിൽ അവരുടെ ഹൃദയബന്ധത്തിന്റെ ആഴം തെളിഞ്ഞു: ‘നമ്മളെപ്പറ്റി നാളേറെയായി കേൾക്കുന്ന കിംവദന്തി വിഷമിപ്പിക്കുന്നു. അതവസാനിപ്പിക്കണം. നാമൊന്നിച്ചു കൊടുങ്കാറ്റും അപകടങ്ങളും നേരിടാൻ തുടങ്ങിയിട്ടു കാൽനൂറ്റാണ്ടിലേറെയായി. ഈ കാലത്തിനിടെ താങ്കളോടുള്ള എന്റെ സ്നേഹവും ആദരവും വളർന്നുവെന്നു സത്യമായും പറയാനാകും. അതു കുറയുമെന്നു കരുതുന്നില്ല. ബാപ്പുവിന്റെ അസാന്നിധ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും എന്ന നിലയിൽ പ്രതിസന്ധികളെ നാം ഒന്നിച്ചു നേരിടണം. ദീർഘമായി സംസാരിക്കണമെന്നാണു കരുതിയത്. പക്ഷേ, നമുക്കു രണ്ടാൾക്കും സമയം പ്രശ്നമായതിനാലാണു താങ്കളോടുള്ള എന്റെ സ്നേഹവും സൗഹൃദവും ചേർത്തെഴുന്ന കത്ത്.’

നെഹ്റുവിന്റെ ഹൃദയഹാരിയായ കത്തിനു പട്ടേൽ അതേ സ്നേഹത്തോടെ മറുപടിയെഴുതി. ‘താങ്കളുടെ കത്തിന്റെ വാത്സല്യവും ഊഷ്മളതയും എന്നെ ആഴത്തിൽ സ്പർശിച്ചു, അതിശയിപ്പിച്ചു. പൊതുലക്ഷ്യത്തിൽ നാം ജീവിതകാലം മുഴുവൻ സതീർഥ്യരായിരുന്നു. കാഴ്ചപ്പാടുകളിലും സ്വഭാവവിശേഷത്തിലുമുള്ള വ്യത്യാസങ്ങൾക്കിടയിലും രാജ്യതാൽപര്യവും പരസ്പര സ്നേഹവും ആദരവും നമ്മെ ചേർത്തുനിർത്തി. ബാപ്പുവിന്റെ വിയോഗത്തിനു മുൻപുള്ള നിമിഷങ്ങളിൽ അദ്ദേഹവുമായി സംസാരിക്കാൻ എനിക്കു ഭാഗ്യം സിദ്ധിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായവും നമ്മെ ഒന്നിപ്പിക്കുന്നതാണ്. എന്റെ കടമകളെ പൂർണമനസ്സോടെ സമീപിക്കുമെന്നു ഞാൻ വാക്കു നൽകുന്നു’

കത്തെഴുതുന്നതിനു തലേദിവസം ഭരണഘടനാസഭയിൽ നടത്തിയ പ്രസംഗത്തിലാണു നെഹ്റുവിനെ പട്ടേൽ ആദ്യമായി ‘എന്റെ നേതാവ്’ എന്ന് അഭിസംബോധന ചെയ്തത്. ബാപ്പുവില്ലാത്ത ലോകത്ത് നാം വഴക്കടിച്ചിരിക്കുമെന്നു കരുതുക വയ്യെന്ന പ്രഖ്യാപനത്തോടെ, രാജ്യവിഷയങ്ങളിൽ നെഹ്റുവിനൊപ്പമെന്നു പട്ടേൽ വ്യക്തമാക്കി. സംഘടനയെക്കുറിച്ചുള്ള വിലയിരുത്തലിൽ വ്യത്യസ്താഭിപ്രായമുണ്ടായെങ്കിലും 1948 ഫെബ്രുവരി 4ന് ആർഎസ്എസിനെ നിരോധിച്ചു പട്ടേൽ ഉത്തരവിറക്കി. ഹിന്ദുമഹാസഭയിലെ ചിലരുടെ ഹിറ്റ് ലിസ്റ്റിൽ പട്ടേലും ഉൾപ്പെട്ടിരുന്നു. ഗാന്ധിവധത്തിനു പിന്നാലെ ബിഹാറിലെ ഒരു യോഗത്തിൽ പട്ടേലിനെയും നെഹ്റുവിനെയും അബുൽ കലാം ആസാദിനെയും തൂക്കിലേറ്റണമെന്നു ഹിന്ദുമഹാസഭ നേതാക്കളിലൊരാൾ പ്രസംഗിക്കുകപോലും ചെയ്തു.

1940നു ശേഷം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പട്ടേലിനോടു പത്രിക പിൻവലിക്കാൻ നിർദേശിച്ചതിനും നെഹ്റുവിനെ പിന്തുണച്ചതിനും ഗാന്ധിജിക്കു തന്റേതായ കാരണങ്ങളുണ്ടായിരുന്നു. ‘സർക്കാർ മുന്നോട്ടുനീങ്ങാൻ ഒരു നുകത്തിലെന്നപോലെ രണ്ടാളും വേണം. അവർ ഇരുവരും ചേർന്ന് ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകും’– പട്ടേലിനെ തഴഞ്ഞുവെന്ന ആരോപണങ്ങൾക്കിടയിലും ഗാന്ധി പറഞ്ഞ വാചകം പിൽക്കാല ഇന്ത്യയ്ക്കു കെട്ടുറപ്പു നൽകി.

‘ദാഹിച്ചു വലഞ്ഞ യാത്രികനു വക്കില്ലാത്ത പാത്രം നൽകി. പക്ഷേ, ഇന്ത്യയുടെ തലയെടുപ്പുള്ള കുശവൻ അതും സാധ്യമാക്കി’–സ്വാതന്ത്ര്യം കിട്ടിയിട്ടും പലതായി ചിതറിനിന്ന ഇന്ത്യയെ ഒന്നിപ്പിച്ചെടുത്തതിലെ ‘പട്ടേൽ മാജിക്കി’നെക്കുറിച്ചു ചരിത്രകാരൻ രാജ്മോഹൻ ഗാന്ധി എഴുതിയതിൽ എല്ലാമുണ്ട്. ഹൈദരാബാദിനെ ഇന്ത്യയോടു കൂട്ടിച്ചേർത്ത ‘ഓപ്പറേഷൻ പോളോ’ സൈനിക നടപടിയോടെ ഒരൊറ്റ ഇന്ത്യയെന്ന സങ്കൽപം പൂവണിഞ്ഞു. നൂറുകണക്കിനു നാട്ടുരാജ്യങ്ങൾ ഇന്ത്യയുടെ ത്രിവർണത്തിൽ ലയിച്ചുചേർന്നു.

ഹൃദയാഘാതം ക്ഷീണിപ്പിച്ച അവസാന നാളുകളിലൊരിക്കൽ നാവികസേനയുടെ കപ്പലിൽ ബോംബെയിൽനിന്നു കന്യാകുമാരിയിലെത്തിയ പട്ടേൽ സഹായിയോടു പറഞ്ഞു: ‘നിങ്ങളിപ്പോൾ ഭാരതമാതാവിന്റെ കാൽപാദത്തിലാണ്. ഇവിടെയീ കടലിനും ദൂരെ ഹിമാലയത്തിനുമിടയിൽ എന്തുണ്ടെന്നും അതൊന്നൊന്നായി എങ്ങനെ നെയ്തെടുത്തുവെന്നും കണ്ണടച്ചാലോചിക്കൂ’. വൈവിധ്യങ്ങളുടെ ഇന്ത്യയെ സ്വപ്നം കാണുകയും ഒന്നിപ്പിച്ചു നിർത്തുകയും ചെയ്ത നേതാവായിരുന്നു പട്ടേൽ.

സർദാർ വല്ലഭ്ഭായ് പട്ടേൽ

∙ ഗുജറാത്തിൽ ഖേദ ജില്ലയിലെ നാദിയാഡിൽ 1875 ഒക്ടോബർ 31നു ജനിച്ചു

∙ ഇംഗ്ലണ്ടിൽനിന്നു ബാരിസ്‌റ്റർ പരീക്ഷ പാസായി അഹമ്മദാബാദിൽ ബാരിസ്റ്ററായി.

∙ കോൺഗ്രസിനോടും സ്വാതന്ത്ര്യസമരത്തോടും തുടക്കത്തിൽ പട്ടേൽ അത്ര തൽപരനായിരുന്നില്ല. മഹാത്മജിയുടെ പ്രവർത്തനങ്ങളോട് എതിർപ്പുമുണ്ടായിരുന്നു. 1917ൽ മഹാത്മജിയുമായി നടന്ന കൂടിക്കാഴ്ച വഴിത്തിരിവായി.

∙ അഹമ്മദാബാദ് മുനിസിപ്പൽ കൗൺസിലിൽ അംഗമായി. 1924 മുതൽ നാലുവർഷം പ്രസിഡന്റ്.

∙ 1928ലെ ബർദോളി കർഷകസമരത്തോടെ ശ്രദ്ധേയനായി. ഗാന്ധിജി നേതാവെന്ന് അർഥമുള്ള ‘സർദാർ’ എന്നു വിളിച്ചു.

∙ 1931ൽ കോൺഗ്രസ് പ്രസിഡന്റായി.

∙ നെഹ്‌റുവിന്റെ ഇടക്കാല സർക്കാരിൽ ഉപപ്രധാനമന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ ഭരണകൂടത്തിലും അതേസ്‌ഥാനം വഹിച്ചു. ആദ്യ ആഭ്യന്തരമന്ത്രിയുമായി.

∙ 560ൽ അധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ നെഹ്റു, വി.പി.മേനോൻ എന്നിവർക്കൊപ്പം നേതൃപരമായ പങ്കുവഹിച്ചു.

∙ 1950 ഡിസംബർ 15ന് അന്തരിച്ചു. 1991ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനം ‘രാഷ്ട്രീയ ഏകതാ ദിന’മായി ആചരിക്കുന്നു. English Summary:
Sardar Vallabhbhai Patel : Sardar Vallabhbhai Patel was a pivotal figure in India\“s independence movement and subsequent integration. Known as the \“Iron Man of India\“, he played a crucial role in uniting the nation. This article explores his relationship with Gandhi and Nehru, shedding light on his contributions to Indian politics and history.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158720