search

പൊലീസിനെ ഭയന്നു സ്കൂളിൽ പോകാതെ കുട്ടികൾ, വീടുവിട്ട് കുടുംബങ്ങൾ; ജനപ്രതിനിധിയടക്കം ഒളിവിൽ...

cy520520 3 hour(s) ago views 732
  



കോട‍‍ഞ്ചേരി ∙ പൊലീസിനെ ഭയന്നു സ്കൂളിൽ പോകാതെ കുട്ടികൾ, മാറിത്താമസിക്കുന്ന കുടുംബങ്ങൾ; ജനപ്രതിനിധിയടക്കം ഒളിവിൽ... ഫ്രഷ് കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾക്കായി പൊലീസ് നടത്തുന്ന തിരച്ചിൽ കരിമ്പാലക്കുന്ന് ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു. ഇവിടെ കുറഞ്ഞ വീടുകളിൽ മാത്രമാണിപ്പോൾ ആൾത്താമസമുള്ളത്. 8 ദിവസമായി ഈ സ്ഥിതിയിലാണു കരിമ്പാലക്കുന്ന്.   

പൊലീസ് റെയ്ഡ് ഭയന്ന് കരിമ്പാലക്കുന്നിൽ 25 കുടുംബങ്ങളും 36 കുട്ടികളും മാറിത്താമസിക്കുന്നു. 58 പുരുഷന്മാർ ഒളിവിലാണെന്നാണ് ഏകദേശ കണക്ക്. വനിതകളായ വാർഡ് മെംബർ, മുൻ വാർഡ് മെംബർ എന്നിവരും പൊലീസിനെ ഭയന്ന് ഒളിവിലാണ്. രാത്രി വീടുകളിൽ കയറി കട്ടിലിനടിയിൽ വരെ പരിശോധന നടത്തുന്നതായി നാട്ടുകാർ പറയുന്നു. പ്രായമായവരും രോഗികൾ ആയവരും ഏറെ പ്രയാസപ്പെടുന്നു. വീടുകളിൽ പുരുഷന്മാർ ആരും ഇല്ലാത്തതിനാൽ മരുന്നും അത്യാവശ്യ സാധനങ്ങളും വാങ്ങാൻ മറ്റുമാർഗം ഇല്ലാതെ പല കുടുംബങ്ങളും ബുദ്ധിമുട്ടിലാണ്.  

സർവകക്ഷി യോഗം ഇന്ന്, പ്രാദേശിക നേതാക്കളെ വിളിച്ചില്ല; പ്രതിഷേധം
താമരശ്ശേരി ∙ അമ്പായത്തോട് ഫ്രഷ് കട്ട് കോഴിയറവു മാലിന്യ പ്ലാന്റിലെ സമരം സംബന്ധിച്ച് ഇന്ന് 5നു കലക്ടറേറ്റിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലേക്കു പ്രാദേശിക ജനപ്രതിനിധികളെയും നേതാക്കളെയും സമരസമിതി ഭാരവാഹികളെയും ക്ഷണിക്കാത്തതിൽ പ്രതിഷേധമുയരുന്നു. എംപിയെയും എംഎൽഎയെയും മാത്രമാണു ജനപ്രതിനിധികളായി യോഗത്തിലേക്കു ക്ഷണിച്ചത്. മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ടു പ്രദേശത്തെ ജനം നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും കേൾക്കാതെ സർവകക്ഷി യോഗം നടത്തുന്നതു പ്രയോജനം ചെയ്യില്ലെന്ന നിലപാടിലാണു സമരസമിതിയും നാട്ടുകാരും പ്രദേശത്തെ ജനപ്രതിനിധികളും. മലിനീകരണ പ്രശ്നം നേരിടുന്ന കട്ടിപ്പാറ, കോ‍ടഞ്ചേരി, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമാരെ പോലും ക്ഷണിച്ചിട്ടില്ല.  സംഘർഷ സ്ഥലം സന്ദർശിക്കുകയോ ജനങ്ങളെ നേരിൽ കണ്ട് പ്രയാസങ്ങൾ മനസ്സിലാക്കുകയോ ചെയ്യാത്തവരാണു സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗമെന്നും നാട്ടുകാർ പറഞ്ഞു.

കലക്ടർ വിളിച്ച യോഗത്തിലേക്ക് പ്രദേശത്തെ ജനപ്രതിനിധികളെയോ നാട്ടുകാരെയോ സമരസമിതി പ്രതിനിധികളെയോ ക്ഷണിക്കാത്തതു ശരിയായ നടപടിയല്ലെന്നു ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് പറഞ്ഞു. ഇതിലുള്ള പ്രതിഷേധം ബന്ധപ്പെട്ട  അധികൃതരെ അറിയിച്ചു. പ്രദേശത്തെ പ്രതിനിധീകരിക്കുന്ന തന്നെ പോലും അറിയിച്ചിട്ടില്ല. പ്രഹസന ചർച്ചയല്ല വേണ്ടതെന്നും പ്രദേശത്തെ ജനം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ പങ്കെടുത്ത നാട്ടുകാരെ കള്ളക്കേസ് ചുമത്തി പൊലീസ് പീഡിപ്പിക്കുകയാണെന്നും പാതിരാത്രിയിൽ പോലും വീടുകളിൽ കയറി പൊലീസ് നരനായാട്ട് നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്നു നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്ലാന്റ് ഉടമകളും കക്ഷിരാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിക്കും. ഈമാസം 21ന് സമരക്കാരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലും തീവയ്പും നടന്ന ശേഷം പ്ലാന്റ് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചിട്ടില്ല. ജില്ലയിലെ കോഴിയറവു മാലിന്യനീക്കവും താറുമാറായി. ജില്ലയിലെ ചില ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം സമീപ ജില്ലകളിലേക്കു കൊണ്ടുപോകുന്നുണ്ട്. 21ന് പ്ലാന്റിലേക്ക് എത്തിച്ച മാലിന്യത്തിൽ ഒരു ഭാഗം സംസ്കരിച്ചു. കത്തിച്ച വാഹനങ്ങളിലും മാലിന്യം ബാക്കിയുണ്ട്. സർക്കാർ തീരുമാനമനുസരിച്ചു മാത്രമേ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കൂ എന്നു ഫ്രഷ് കട്ട് ഉടമകൾ അറിയിച്ചു.

അമ്പായത്തോട് സംഘർഷം: രണ്ട് പേർ കൂടി പിടിയിൽ
താമരശ്ശേരി∙ അമ്പായത്തോട് ഫ്രഷ്കട്ട് സംഘർഷ കേസിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണിൽ ഷൗക്കത്ത് (33), കൂടത്തായി ബസാർ വട്ടച്ചൻകണ്ടി വി.കെ.മുഹമ്മദ് അഷ്റഫ്(42) എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇതോടെ കേസിൽ 12 പേർ പിടിയിലായി. റൂറൽ എസ്പി കെ.ഇ.ബൈജു, സിഐ എ.സായൂജ്കുമാർ എന്നിവരെ ആക്രമിച്ച കേസിലും പ്ലാന്റിലേക്കുള്ള റോഡ് ഉപരോധിച്ച കേസിലും ഇരുവരും പ്രതികളാണ്. ഷൗക്കത്തിനെ അമ്പലമുക്കിൽ നിന്നും അഷ്റഫിനെ പോർങ്ങോട്ടൂരിൽ നിന്നുമാണു കസ്റ്റഡിയിൽ എടുത്തത്.



രാപകൽ പൊലീസുകാർ വീട്ടിലെത്തുന്നു. രാത്രി വീട്ടിലേക്ക് ടോർച്ച് ലൈറ്റ് അടിക്കുകയും വാതിലിൽ തട്ടി വിളിക്കുകയും ചെയ്യും. വാതിൽ തുറക്കുമ്പോൾ പൊലീസുകാർ കൂട്ടത്തോടെ വീടിനകത്തേക്കു കയറി മുറികളിലും കട്ടിലിനടിയിലും വരെ പരിശോധിക്കുന്നു. ഇതെല്ലാം കണ്ടു കുട്ടികളെല്ലാം പേടിച്ചു. എന്റെ 3 കുട്ടികൾ കൂടത്തായി സെന്റ് ജോസഫ്സ് എൽപി സ്കൂളിലാണു പഠിക്കുന്നത്. മൂന്നാം ക്ലാസിലും ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന മൂന്ന് കുട്ടികളും സ്കൂളിൽ പോകുന്നില്ല.

പേടിച്ചു വീടിനു പുറത്തിറങ്ങാതെ കഴിയുകയാണ്.ഞാനും ഭർത്താവിന്റെ ഉമ്മയും കുട്ടികളും മാത്രമാണു വീട്ടിലുള്ളത്. ദിവസങ്ങളായി പൊലീസിനെ ഭയന്നു ഞാനും ഉമ്മയും മക്കളും ഒരു മുറിയിലാണ് അന്തിയുറങ്ങുന്നത്. പൊലീസിനെ ഭയന്നു ഭർത്താവ് ഒളിവിലാണ്. വിവിധ സ്റ്റേഷനുകളിൽ നിന്നു മാറിമാറിയാണ് പൊലീസുകാർ ഓരോ ദിവസവും എത്തുന്നത്. രോഗിയായ ഉമ്മയുടെ കാലിന്റെ മുറിവ് വച്ച് കെട്ടാൻ ആശുപത്രിയിൽ പോകാൻ പോലും പേടിച്ചുപോയ കുട്ടികൾ ഭയപ്പെടുന്നു.

പൊലീസിനെ കണ്ട് പേടിച്ച കുട്ടികൾ ഇപ്പോൾ രാത്രി ഉറങ്ങുന്നില്ല.സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളിൽ രാത്രി പൊലീസ് പരിശോധനയ്ക്കെതിരെ വനിത കമ്മിഷനിലും ചൈൽഡ് ലൈനിലും പരാതി കൊടുക്കും.“



മിസിലി കക്കാട്ടുപറമ്പിൽ, ഗൃഹനാഥ, കരിമ്പാലക്കുന്ന്



“കൂടത്തായി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ഒന്നിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളും പൊലീസിനെ പേടിച്ച് സ്കൂളിൽ പോകാതെ വീട്ടിൽ കഴിയുകയാണ്. പൊലീസ് വാഹനം കാണുന്നതു കുട്ടികൾക്കു പേടിയാണ്. ആറ് വർഷമായി ഫ്രഷ് കട്ടിൽ നിന്നുള്ള ദുർഗന്ധം മൂലം അലർജി ബാധിച്ച് 75 വയസ്സുള്ള ഉമ്മ ഇപ്പോൾ ചികിത്സയിലാണ്. രാപകൽ പൊലീസിനെ ഭയന്നാണു ഞാനും മക്കളും ഉമ്മയും കഴിയുന്നത്.“



സബീനത്ത്, പള്ളിപ്പറമ്പിൽ, കരിമ്പാലക്കുന്ന് English Summary:
Kodenchery News: The Karimbalakunnu village is facing unrest due to police searches related to the Fresh Cut protest, leading to families fleeing their homes. A Sarvakshi Yogam has been called to discuss the matter, raising concerns among local representatives who were not invited. The meeting aims to find a resolution to the issues caused by the waste plant and the resulting conflicts.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156166